പി.എസ്‌.സി ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡിസംബറില്‍


തിരുവനന്തപുരം: ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയും സമയബന്ധിതമായി റാങ്ക്‌ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചും മുഖംമിനുക്കിയ പി.എസ്‌.സി നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഈവര്‍ഷാവസാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബറില്‍ പരീക്ഷ നടത്താനാണ്‌ പി.എസ്‌.സിയുടെ തീരുമാനം. അപേക്ഷകര്‍ കുറവുള്ളതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ തസ്‌തികകള്‍ക്കായിരിക്കും ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ. ടെക്‌നിക്കല്‍ പരീക്ഷകളായിരിക്കും ഇത്തരത്തില്‍ നടത്തുക.  പ്രത്യേക സോഫ്‌റ്റ്‌ വെയറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. 
സര്‍ക്കാര്‍ കോളജുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പരീക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാണ്‌ ആലോചന. പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള സാങ്കേതികനിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട്‌ സി–ഡിറ്റ്‌്‌ പി.എസ്‌.സിക്ക്‌ സമര്‍പ്പിച്ചു. പരീക്ഷ നടത്തുന്നവിധം സി–ഡിറ്റ്‌ സാങ്കേതിക വിദഗ്‌ധര്‍ അവതരിപ്പിച്ചു. സി–ഡിറ്റ്‌ റിപോര്‍ട്ട്‌ വിശദമായി പരിശോധിച്ച പി. എസ്‌. സി പരീക്ഷാ സോഫ്‌റ്റ്‌വെയറിന്റെ ഘടനയില്‍ വരുത്തേണ്‌ട മാറ്റങ്ങളടക്കം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതനുസരിച്ചുള്ള മാറ്റങ്ങളോടെ സോഫ്‌റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന്‌ സി–ഡിറ്റ്‌ ടെക്‌നോളജി ഗ്രൂപ്പ്‌ കണ്‍സള്‍ട്ടന്റ്‌ ഗോപകുമാര്‍ പറഞ്ഞു. 
ഓണ്‍ലൈന്‍വഴി പരീക്ഷ നടത്തുമ്പോള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കേണ്‌ടവിധം, ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതെങ്ങനെയെന്ന്‌ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കല്‍, പരീക്ഷകളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തല്‍ എന്നീ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി പരീക്ഷ നടക്കുമ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവശ്യമായ മുന്‍കരുതല്‍  ടെക്‌നിക്കല്‍ വിഭാഗം പരിശോധിക്കുന്നുണ്‌ട്‌. വിശദമായ പരിശോധനയ്ക്കുശേഷം സി–ഡിറ്റിന്റെ അന്തിമ റിപോര്‍ട്ട്‌ കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.(PSC)