ഇമാം റാസിയുടെ ജന്‍മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഫോട്ടോ ഡൂഡിലില്‍ അവതരിപ്പിച്ച ഗൂഗിള്‍ സെര്‍ച്ച് ഹോം ഡൂ ഡി ല്‍ |
മക്ക: വൈദ്യ ശാസ്ത്ര ത്തിനു ഒട്ടനനവധി സംഭാവനകള്‍ നല്‍കിയ പ്രമുഖ തത്ത്വചിന്തകനും , പണ്ഡിതനുമായിരുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്നു സകരിയ്യ റാസി എന്ന ഇമാം റാസി. അദ്ധേഹത്തിന്റെ ജന്‍മദിനത്തില്‍ ഇന്‍ര്‍നെറ്റ് സേര്‍ച്ച് എന്‍ജിനുകളിലെ വമ്പന്‍മാരായ ഗൂഗിളിന്റെ ആദരം. ഇമാം റാസിയുടെ ജന്‍മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. പ്രത്യേക ദിനങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ ഹോം പേജിലെ ലോഗോയില്‍ വരുത്തുന്ന ആലങ്കാരിക മാറ്റങ്ങളാണ് ഡൂഡിലുകള്‍., ഇതോടൊപ്പം അദ്ധേഹത്തെ കുറിച്ച് വിവരിക്കുന്ന മലയാളം അടക്കമുള്ള ലോഖ ഭാഷകളിലു
ള്ള വിവരണ തിലെക്കുള്ള ലിങ്കുകളും നല്‍കിയിരുന്നു.
അബൂബക്കർ മുഹമ്മദ് ഇബ്നു സകരിയ്യ റാസി
മധ്യകാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ധിഷണാശാലിയായിരുന്നു റാസി. അബൂബക്ര്‍ മുഹമ്മദ് ബിന്‍ സകരിയ്യ അര്‍റാസി എന്നു ശരിയായ നാമം. 865 ല്‍ ജനിച്ചു. ആധുനിക ടെഹ്‌റാനിനടുത്ത റയ്യിലായിരുന്നു ജീവിതം. പാശ്ചാത്യര്‍ റാസെസ് എന്നു വിളിച്ച അദ്ദേഹം മുസ്‌ലിം ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈദ്യശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. മത ഭൗതിക വിജ്ഞാനീയങ്ങളുടെ അല്‍ഭുതകരമായ സമന്വയം ആ ജീവിതത്തിന്റെ അസാധാരണമായ ഒരനുഭൂതിയായിരുന്നു. ഇന്നും വിശ്വാസികളുടെ മനസ്സാന്തരങ്ങളിലെന്നപോലെ ശാസ്ത്രകാരന്റെ നിഘണ്ടുവിലും ആ നാമം ജ്വലിച്ചു നില്‍ക്കുന്നു.
അറിയപ്പെട്ട ഗണിതജ്ഞനും ഫിലോസഫറുമായിരുന്നിട്ടും... സംഗീതത്തോടായിരുന്നു താല്‍പര്യം. ആധുനിക ഗിത്താറിന്റെ അനുരൂപമായ പുല്ലാങ്കുഴല്‍ വായിക്കാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. പീന്നീട് സ്വര്‍ണ വ്യാപാരിയും കാഷ് ക്രയവിക്രയ മേധാവിയുമായി പ്രവര്‍ത്തിച്ചു.
തന്റെ നാല്‍പതാം വയസ്സോടെയാണ് റാസി ഔദ്യോഗികമായി വൈദ്യശാസ്ത്ര പഠനങ്ങളിലേക്കു കടക്കുന്നത്. ഇതിന് പ്രധാനമായും പറയപ്പെടുന്ന ഒരു കാരണമുണ്ട്. രസതന്ത്രജ്ഞനായി കഴിഞ്ഞു കൂടുന്ന കാലത്ത് തന്റെ കണ്ണിനേറ്റ പരിക്ക് കാഴ്ചയെത്തന്നെ സാരമായി ബാധിക്കുകയുണ്ടായി. ഇത് അദ്ദേഹത്തെ രോഗവിപാടന ശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് സുപ്രസിദ്ധ ഫിസിഷ്യനും ഫിര്‍ദൗസുത്ത്വബ്‌രി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ അലിയ്യുത്ത്വബ്‌രിയെ അദ്ദേഹം സമീപിക്കുന്നത്. അവിടെ നിന്നു ലഭിച്ചു തുടങ്ങിയ ജ്ഞാനപ്രവാഹം റാസിയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുകയായിരുന്നു. യവന ദാര്‍ശനികരുമായി ആശയപരമായി സാമ്യതയുണ്ടായിരുന്നുവെങ്കിലും തനിമയാര്‍ന്ന സമീപനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ ഏറെ വ്യതിരിക്തനാക്കുന്നത്.
അന്നത്തെ പുസ്തക ലഭ്യതയും സാഹചര്യങ്ങളും വെച്ചുനോക്കുമ്പോള്‍ ഗ്രീക്ക് ജ്ഞാനികളായ പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഹിപ്പോക്രാറ്റസ്, ഗാലന്‍, പ്ലൂട്ടാര്‍ക്ക്, ഒറിബസിയസ് തുടങ്ങിയവര്‍ ഏറെ വായിക്കപ്പെട്ടിരുന്നു. അന്ധമായി അനുകരിക്കുന്നതിനു പകരം റാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ നിരൂപണത്തിന്റെ ആവശ്യകത നിഴലിച്ചു നില്‍ക്കുണ്ട്. അദ്ദേഹത്തിന്റെ അതു തന്നെ കാഴ്ച വെച്ചു. യവന പഠനങ്ങളിലും ഗ്രന്ഥങ്ങളിലും പിണഞ്ഞ അനേകായിരം തെറ്റുകളും അബദ്ധ സങ്കല്‍പങ്ങളും നിര്‍ദ്ധാരണം ചെയ്യുന്നതോടൊപ്പം തല്‍സ്ഥാനത്ത് വസ്തുതകള്‍ എഴുതിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അതുല്യ ജ്ഞാന വൈഭവത്തോടെ വേറിട്ടു നിന്ന റാസിയുടെ പ്രശസ്തി വളരെ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ തേടി ആളുകള്‍ ഒഴുകിയെത്തി. ഇക്കാലത്ത് റയ്യിലെ കൊട്ടാര വൈദ്യനായി അദ്ദേഹം നിയമിക്കപ്പെട്ടു. അന്നവിടെ ഗവര്‍ണറായിരുന്നത് മന്‍സൂര്‍ ബിന്‍ ഇസ്ഹാഖെന്ന രാഷ്ട്ര മീമാംസകനാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം റാസിയെ പലനിലക്കും സഹായിച്ചു. അങ്ങനെയാണ് തന്റെ വിഖ്യാത രചനകളായ കിത്താബുല്‍ മന്‍സൂരിയും കിത്താബു ത്ത്വിബ്ബില്‍ റൈഹാനിയും ജന്മമെടുക്കുന്നത്.
ബാഗ്ദാദായിരുന്നു റാസിയുടെ അറിവ് പരിപോഷണ കേന്ദ്രം. അബ്ബാസി ഭരണാധികാരി മുക്തഫിയുടെ കാലമായിരുന്നു ഇത്. അദ്ദേഹം റാസിയെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും തന്റെ രാഷ്ട്ര വികസന പ്രവര്‍ത്തനങ്ങളില്‍ കൂടെക്കൂട്ടുകയും ചെയ്തു. നാട്ടിലൊരു സമുന്നത ഹോസ്പിറ്റല്‍ നിര്‍മിക്കുകയെന്നത് അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. റാസിയെ ലഭിച്ചതോടെ അതിന്റെ ചുമതല അദ്ദേഹം റാസിയെ ഏല്‍പിച്ചു. റാസി അത് ഏറ്റെടുത്തു. ആദ്യമായി ഹോസ്പിറ്റല്‍ നിര്‍മാണത്തിന് സ്ഥല നിര്‍ണയം നടത്തി. ഇതിന് അദ്ദേഹം സ്വീകരിച്ച നിരീക്ഷണ ശൈലി യൂറോപ്പിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. നാടിന്റെ നാനാ ഭാഗത്തും പച്ച മാംസ ക്കഷ്ണങ്ങള്‍ കെട്ടിത്തൂക്കിയായിരുന്നു പരീക്ഷണം. മണിക്കൂറുകള്‍ക്കു ശേഷം അവയില്‍ ഏതാണോ അവസാനമായി അഴുകുന്നത് ആ സ്ഥാനമാണ് അദ്ദേഹം ഹോസ്പിറ്റല്‍ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. മനുഷ്യശരീരങ്ങളെ രോഗഗ്രസ്തമാക്കുന്ന ബാക്ടീരിയകള്‍ അവിടെ വളരെ കുറവാണെന്നാണ് അദ്ദേഹമിതിന് കാരണമായി പറയുന്നത്. ശേഷം, ഹോസ്പിറ്റല്‍ നിര്‍മിക്കപ്പെടുകയും ഏറെ ഖ്യാതി നേടുകയും ചെയ്തു. റാസി തന്നെയായിരുന്നു അവിടത്തെ ചീഫ് ഫിസിഷ്യന്‍. ചികിസ്തയിലെ വൈദഗ്ധ്യവും രോഗികളോടുള്ള പെരുമാറ്റ രീതിയും കൊണ്ട് അദ്ദേഹം ആരുടെയും മനസ്സ് കവര്‍ന്നിരുന്നു. പാവങ്ങളോട് അനുകമ്പയോടെ വര്‍ത്തിച്ച അദ്ദേഹം ഫീസ് ഈടാക്കാതെയാണ് ചികിത്സിച്ചിരുന്നത്. ഇക്കാലത്ത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ക്ലാസുകളില്‍ പങ്കെടുക്കാനായി ആളുകളെത്തി.
ആധുനിക മെഡിക്കല്‍ കോളേജുകളോട് സാദൃശ്യമുള്ളതായിരുന്നു റാസിയുടെ ഹോസ്പിറ്റല്‍. ഒരു ഭാഗത്ത് ചികിത്സയും രോഗനിര്‍ണയവും നടക്കുമ്പോള്‍ മറുഭാഗത്ത് പഠനവും പരീക്ഷണവും നടന്നുകൊണ്ടിരുന്നു. ഏതു സമയവും എന്തിനും തയ്യാറായ ഒരു സന്നദ്ധ സേന അവിടെയുണ്ടായിരുന്നു. രോഗികളെ ചികിത്സിക്കാനും പരിചരിക്കാനുമായി റാസി അവരുടെ സഹായം ഉപയോഗപ്പെടുത്തി. അവര്‍ രോഗനിര്‍ണയം നടത്തുന്നതില്‍ തെറ്റു വന്നാല്‍ തിരുത്തി അദ്ദേഹം രോഗികളെ നേരിട്ടു ചികിത്സിച്ചു. തന്റെ പിന്‍ഗാമികളായ ഒരു പറ്റം ഡോക്ടര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ ശ്രമത്തിന് സാധിച്ചു. ഇസ്‌ലാമിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന പോലെ രോഗിയുടെ മാനസിക നില മനസ്സിലാക്കിയായിരുന്നു അദ്ദേഹം രോഗ നിര്‍ണയം നടത്തിയിരുന്നത്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.
ചികിത്സക്കും അധ്യാനപത്തിനുമൊപ്പം ഗ്രന്ഥരചനയിലും റാസി നല്ലപോലെ ശ്രദ്ധപതിപ്പിച്ചു. ശാസ്ത്രത്തിന്റെ പല മേഖലകളിലായി 250 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുള്ള നാല്‍പതോളം ഗ്രന്ഥങ്ങള്‍ ഇന്നും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിപ്പുണ്ടത്രെ.
കിത്താബുത്ത്വിബ്ബില്‍ മന്‍സൂരി എന്ന ബൃഹത്തയ രചന വൈദ്യശാസ്ത്രത്തിലെ സര്‍വ്വ വിജ്ഞാന കോശമാണ്. പത്തോളം വോള്യങ്ങളുള്ള ഇത് യഥാക്രമം ശരീരശാസ്ത്രം, പരിസ്ഥിതി, ഒറ്റമൂലികള്‍, ആരോഗ്യപരിരക്ഷണം, ത്വക്ക് രോഗങ്ങള്‍, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ജെറാള്‍ഡ് ക്രമോണ ലാറ്റിന്‍ ഭാഷയിലേക്ക് ഇത് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കിത്തബുത്ത്വിബ്ബുര്‍റൂഹാനി ആരോഗ്യശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന രചനയാണ്. ഇതിലെ ഇരുപത് അധ്യായങ്ങളും ശരീരശാസ്ത്രത്തിന്റെ വിവിധ വശങ്ങളിലൂടെ കടന്നുപോകുന്നു. ഇന്നും വൈദ്യലോകത്ത് അണയാതെ നില്‍ക്കുന്ന നാമമാണ് ഇമാം റാസി.