മടവൂര്‍ സി.എം. മഖാം ഉറൂസ് മുബാറക്കിന് ഒരുക്കങ്ങളായി

കൊടുവള്ളി: മടവൂര്‍ സി.എം.വലിയുല്ലാഹി മഖാം ശരീഫ് 22-ാം ഉറൂസ് മുബാറക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ആഗസ്ത് 23-മുതല്‍ 27-വരെയാണ് പരിപാടി. 23-ന് രാവിലെ ഒന്‍പതിന് മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്കും. 9.30-ന് സ്വാഗതസംഘം ചെയര്‍മാന്‍ പാറന്നൂര്‍ പി.പി .ഇബ്രാഹിം മുസ്‌ല്യാര്‍ കൊടിയുയര്‍ത്തും. 10-ന്അനുസ്മരണ സമ്മേളനം സയ്യിദ് അത്വാഉള്ള തങ്ങള്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ഏഴിന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്കും. എട്ടിന് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മതപ്രഭാഷണം നടത്തും. 24-ന് ഏഴിന് നടക്കുന്ന ചടങ്ങില്‍ മഖാം കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. എട്ടിന് മുസ്തഫ ഹുദവി ആക്കോട് മതപ്രഭാഷണം നടത്തും. 25-ന് രാത്രി എട്ടിന് റഹ്മത്തുല്ലാ ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. 26-ന് രാത്രി എട്ടിന് നടക്കുന്ന ദിക്ര്‍ ദുഅ സമ്മേളനത്തിന് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ നേതൃത്വം നല്കും.
27-ന് രാവിലെ ആറുമണിമുതല്‍ വൈകിട്ട് നാലുമണിവരെ അന്നദാനം നടക്കും.പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ്‌ചെയര്‍മാന്‍ കെ.പി. മാമുഹാജി, ജനറല്‍ കണ്‍വീനര്‍ അല്‍ക്കോബാര്‍ ഉസൈന്‍ഹാജി, എ.പി. നാസര്‍, വി.സി. റിയാസ്ഖാന്‍, ഫൈസല്‍ ഫൈസി, പി.യു. മുഹമ്മദ്‌സാലിഹ് എന്നിവര്‍ പങ്കെടുത്തു