സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേന്ദ്ര മുശാവറാഗവും കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ തന്‍റെ ആദ്യ ഹജ്ജനുഭവം വിവരിക്കുന്നു..
അന്നത്തെ ഹജ്ജ്


യാത്രാ ചെലവുകളൊക്കെ ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. വിദേശികളെ സംബന്ധിച്ചിടത്തോളം സഊദിയില്‍ വളരെ സ്വതന്ത്രമായ നിലയില്‍ താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു. മുത്വവ്വിഫും മറ്റും.... മുത്വവ്വിഫും മറ്റും ആവശ്യമില്ലാതെ തന്നെ സ്വന്തമായി അവിടെ ചെന്ന് ഹജ്ജ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു.
‘മുതമത്തിഅ്’ ആയിട്ടാണ് ആ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിച്ചത്. ബോംബെയില്‍ നിന്നും കൂടെ ആരുമില്ലാതെ ഒറ്റക്ക് തന്നെയായിരുന്നു യാത്ര. ആദ്യത്തെ വിദേശ യാത്രയായത് കൊണ്ടും പരിചയക്കാരായ കൂട്ടുകാര്‍ കൂടെ ഇല്ലാത്തതു കൊണ്ടും വളരെ പ്രയാസം സൃഷ്ടിച്ച വിമാന യാത്രയായിരുന്നു അത്. പക്ഷേ, സഊദിയില്‍ എത്തിയതോടെ പരിചയക്കാര്‍ ധാരാളമായി.
ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള യത്രയായിരുന്നില്ല അത്. പ്രൈവറ്റ് ഗ്രൂപ്പുകളും അന്നില്ല. അതിനാല്‍ സ്വന്തമായിട്ടാണ് ഹജ്ജിനു പോയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടക്കാണ് ഹജ്ജ് ഗ്രൂപ്പുകള്‍ സജീവമായത്. അതുവഴി ഹജ്ജിനു പോകാന്‍ കൂടുതല്‍ ആളുകള്‍ക്ക് സൗകര്യം കിട്ടിയിട്ടുണ്ട്.
ജിദ്ദയിലെത്തുമ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ സ്വീകരിക്കാനുണ്ടായിരുന്നു. അവിടെ നിന്ന് നേരെ മക്കയിലേക്ക് പോയി. കഅ്ബയും റൗളയുമൊക്കെ ആദ്യമായി കാണുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലുള്ള വികാരം അവിടെ പ്രകടമാകും. അതുപോലെ അന്നെനിക്കും വലിയ ഭക്തിയും മാനസികമായ ഒരനുഭൂതിയും കൂടുതല്‍ അനുഭവപ്പെട്ടിരുന്നു. ഇന്ന് കഅ്ബയെ കാണുമ്പോഴുള്ളതിനേക്കാള്‍ വലിയ അനുഭൂതിയായിരുന്നു അത്. അന്നത്തെ കഅ്ബയും ഹറമും റൗളയും നബി(സ)യുടെ പള്ളിയും കാണുമ്പോള്‍ മനസ്സിന് വല്ലാത്ത സംതൃപ്തിയായിരുന്നു. മത്വാഫിന്റെ കുറച്ചുഭാഗം മാത്രമാണ് അന്നവിടെ മാര്‍ബിള്‍ വിരിച്ചിരുന്നത്.
മക്കയിലെ താമസത്തിനിടയില്‍ പലപ്രാവശ്യം ഹജറുല്‍ അസ്‌വദിനെ ചുംബിക്കാനും കഅ്ബയുടെ പരിസരത്തുള്ള ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലങ്ങളില്‍ സൗകര്യപൂര്‍വ്വം നിരവധി തവണ പ്രാര്‍ത്ഥിക്കാനും അന്നു ഭാഗ്യം ലഭിച്ചു. ഇബ്‌റാഹീം മഖാമിന്റെ പിന്നില്‍ നിന്ന് പലപ്രാവശ്യം നിസ്‌കരിക്കുകയും സംസം കിണറില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും ചെയ്തു.
മദീനയിലും പഴയ കെട്ടിടങ്ങളുണ്ടായിരുന്നു. മസ്ജിദുന്നബവിയുടെ ചുറ്റുഭാഗത്തും പഴയ വീടുകളും മറ്റുമായിരുന്നു. പരിസരത്ത് ധാരാളം ഈത്തപ്പനത്തോട്ടങ്ങളുമുണ്ടായിരുന്നു. മക്കക്കാരെ അപേക്ഷിച്ച് മദീനക്കാരാണ് ഏറ്റവും നല്ല സ്വഭാവമുള്ളവര്‍. റസൂലി(സ)നെ സ്‌നേഹിച്ചവരും സ്വീകരിച്ചവരുമായിരുന്നല്ലോ മദീനക്കാര്‍.
മദീനയിലെ താമസത്തിനിടയില്‍ ധാരാളം വിദേശനാടുകളില്‍ നിന്നുള്ള സഹോദരന്‍മാരെ പരിചയപ്പെടാനും ബന്ധപ്പെടാനും സാധിച്ചു. അതില്‍ ഒരാളെ ഇന്നും ഓര്‍ത്തുപോകുന്നു. ഒരു ഫലസ്തീനിയായ സഹോദരന്‍. അദ്ദേഹം മദീന പള്ളിയിലെ സ്വര്‍ഗത്തോപ്പിന്റെ ഒരു ഭാഗത്ത് നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലുമായി രാത്രിയും പകലും മുഴുസമയവും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹവുമായി പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇസ്‌ലാമിന്റെയും ലോക മുസ്‌ലിംകളുടെയും രക്ഷക്ക് വേണ്ടിയാണ് ഞാനിവിടെ എന്റെ പ്രാര്‍ത്ഥനയും എന്റെ സമയവും ചെലവഴിക്കുന്നത്. ഈ ഇരിക്കുന്ന സ്ഥലത്ത് നിന്നുകൊണ്ട് ഞാന്‍ ചെയ്യുന്ന എല്ലാ അമലുകളും ഞാനതിനുവേണ്ടി നേര്‍ച്ചയാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് ഈ സ്ഥലത്ത് തന്നെ ഞാന്‍ സ്ഥിരമായി ഇരിക്കുന്നത്. വളരെ തഖ്‌വയോടു കൂടി ഇബാദത്തില്‍ മാത്രം മുഴുകിയിരിക്കുന്ന അദ്ദേഹം എന്തെങ്കിലും വാക്ക് സംസാരിച്ചാല്‍ ഉടനെ അല്ലാഹുവിനോട് ഇസ്തിഗ്ഫാറ് ചെയ്തിരുന്നു. അന്ന് മദീന പള്ളിയുടെ മുറ്റത്ത് വിശാലമായ പന്തലിട്ട് നിസ്‌കരിക്കാന്‍ സൗകര്യപ്പെടുത്തിയിരുന്നു. ഇമാം ബൂസ്വൂരി(റ)യുടെ ബുര്‍ദയിലെ ‘യാ അക്‌റമ’ ബൈത്തും ഉമര്‍ ഖാസി(റ)യുടെ ‘മാജഫ്ഫ ദംഉന്‍ സാല മിന്‍ ഐനൈനി’ എന്നു തുടങ്ങുന്ന ബൈത്തും അന്ന് റൗളയുടെ ചുവരില്‍ കാണാമായിരുന്നു. പക്ഷേ, ഇന്നത്തെ ഭരണകൂടം അതല്ലാം മായ്ച്ചു കളഞ്ഞിട്ടുണ്ട്. ഒരു അഅ്‌റാബി സിയാറത്ത് സമയത്ത് ചൊല്ലിയ ‘യാ ഖൈറ മന്‍ ദുഫിനത്ത്’ എന്ന ബൈത്ത് റൗളയുടെ മുന്‍ഭാഗത്ത് മാര്‍ബിളില്‍ കൊത്തിവെച്ചിട്ടണ്ട്. അത് ഇന്നും മായ്ക്കപ്പെടാന്‍ കഴിയാത്തതിനാല്‍ അവിടെ കാണാന്‍ സാധിക്കും.
നബി(സ)ക്ക് ദുആക്ക് ഉത്തരം ലഭിച്ച ‘മസ്ജിദുല്‍ ഇജാബ’യിലും മദീനയില്‍ ആദ്യമായി ജുമുഅ നിസ്‌കാരം നിര്‍വഹിച്ച മസ്ജിദുല്‍ ജുമുഅയിലും അന്നുപോയിട്ടുണ്ട്.
ഖന്ദഖില്‍ ഇപ്പോള്‍ കിടങ്ങ് കാണാന്‍ കഴിയില്ല. അവിടെ ഏഴ് പള്ളികളുണ്ട്.’സബ്അത്തു മസാജിദ്’ എന്നാണ് ഖന്ദഖിനെ പേര് വിളിക്കുന്നത് തന്നെ. നബി(സ), അബൂബക്കര്‍(റ), സല്‍മാനുല്‍ ഫാരിസ്(റ), അലി(റ) എന്നിവര്‍ ഇരുന്ന പള്ളികള്‍ അവയിലുണ്ട്. യുദ്ധത്തില്‍ വിജയം കിട്ടാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന പ്രവാചകന് ഉത്തരം ലഭിച്ച പള്ളിയായ മസ്ജിദുല്‍ ഫത്ഹും അവയില്‍പെടും. തിങ്കള്‍, ചൊവ്വ, ബുധന്‍(ളുഹ്‌റ് വരെ) പ്രവാചകന്‍ ആ പള്ളിയില്‍ വെച്ച് പ്രാര്‍ത്ഥനയില്‍ മുഴുകുകയും ളുഹ്‌റിനു ശേഷം ഉത്തരം ലഭിച്ച് വിജയം കൈവരിക്കുകയുമാണുണ്ടായത്. ആ പള്ളികളൊക്കെ അവയുടെ പഴമയോടെ തന്നെ കാണാന്‍ സാധിച്ചു.
പ്രസിദ്ധമായ ബദ്ര്‍ യുദ്ധം നടന്ന ബദ്ര്‍ താഴ്‌വരയിലും അന്നു സന്ദര്‍ശിച്ചു. അക്കാലത്ത് ബദ്‌റിലേക്ക് പോകുന്നതിനും സിയാറത്ത് ചെയ്യുന്നതിനും യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എല്ലാ ബദ്‌രീങ്ങളുടെയും ഖബ്‌റിന്റെയടുത്ത് ചെന്ന് പ്രത്യേകം ദുആ ചെയ്യാന്‍ അവസരം കിട്ടി. എല്ലാ ബദ്‌രീങ്ങളുടെയും ഖബ്‌റുകള്‍ ഒരു കെട്ടിനുള്ളിലാണ്. വലിയ കെട്ടിനുള്ളില്‍ ചെറിയ, പ്രത്യേകം വേര്‍തിരിച്ച ഒരു കെട്ട്. ഓരോരുത്തരുടെയും ഖബ്‌റുകള്‍ പ്രത്യേകം പ്രത്യേകം അറിയാന്‍ കഴിയുമായിരുന്നില്ല. ബദ്‌റിലെ കുപ്രസിദ്ധമായ പൊട്ടക്കിണര്‍ നില്‍ക്കുന്ന സ്ഥലവും അന്നു കണ്ടു.
ഉഹ്ദില്‍ ഹംസത്തുല്‍ ഖര്‍റാര്‍(റ), മുസ്അബ് ബ്‌നു ഉമൈര്‍(റ) , അബ്ദുല്ലാഹ്ബ്‌നു ജഹ്ശ്(റ) എന്നിവരുടെ ഖബ്‌റുകള്‍ സന്ദര്‍ശിച്ചു. ബാക്കി ഉഹ്ദീങ്ങളുടെ ഖബ്‌റുകള്‍ ജനത്തുല്‍ ബഖീഇലാണ്.
പത്തു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് തന്നെ തിരിച്ചു പോന്നു. തിരിച്ചു പോരുമ്പോള്‍ ദുല്‍ഹുലൈഫയില്‍ നിന്ന് ഉംറക്ക് ഇഹ്‌റാം ചെയ്തു കൊണ്ടാണ് പോന്നത്.
മക്കയിലെ ഖബ്ര്‍സ്ഥാനായ ജന്നത്തുല്‍ മുഅല്ലയിലും സിയാറത്തിനു പോയിരുന്നു. ഖദീജാ ബീവി(റ), ഇബ്‌നു ഹജരില്‍ ഹൈതമി(റ), ബാഫഖി തങ്ങള്‍(റ) എന്നിവരുടെ ഖബ്‌റുകള്‍ ജന്നത്തുല്‍ മുഅല്ലയിലാണ്. ഇവരുടെ ഖബ്‌റുകള്‍ പ്രത്യേകം അറിയാന്‍ കഴിയും. ബാഫഖി തങ്ങള്‍ അവിടെ വെച്ച് മരിക്കാന്‍ ഭാഗ്യം കിട്ടിയ വലിയ മഹാനാണ്.
പല നാടുകളില്‍ നിന്നും ആളുകള്‍ ഹജ്ജിനുവന്നിരുന്നു. അവര്‍ പലവിധത്തിലുള്ള ആചാരങ്ങളാണ് ചെയ്തിരുന്നത്. ഹജ്ജിന്റെ നിബന്ധനകളും നിയമങ്ങളുമൊന്നും അറിയാത്ത ധാരാളം പേരുണ്ടായിരുന്നു അവരില്‍. ഹജ്ജിന്റെ കര്‍മ്മങ്ങളൊക്കെ മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ചെയ്യുകയായിരുന്നു അവര്‍. സ്വീകാര്യമായ രൂപത്തില്‍ ത്വവാഫും മറ്റും ചെയ്യാന്‍ അവര്‍ക്ക് അറിഞ്ഞിരുന്നില്ല. അതിനുസഹായിക്കാന്‍ ആളുകളും കുറവായിരുന്നു. ഇന്ന് അതിനെല്ലാം മാറ്റം വന്നു. പലവിധത്തിലുള്ള സഹായികളും ഇന്ന് ഹാജിമാര്‍ക്ക് ലഭ്യമാണ്.
ഹജ്ജ് സമയത്ത് അറഫയിലും മിനയിലുമൊക്കെ തുണികൊണ്ട് സ്വന്തമായി തമ്പുണ്ടാക്കി അതിലായിരുന്നു താമസം. അന്ന് അറഫയിലും മിനയിലുമുള്ള താമസം വളരെ ദുഷ്‌ക്കരമായിരുന്നു. അന്ന് മുത്വവ്വിഫും തുണിത്തമ്പ് തന്നെയാണുണ്ടാക്കിയിരുന്നത്. ഇന്നത്തെ പോലെ എസിയോ മറ്റു സൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.
മക്കയില്‍ താമസിക്കുമ്പോള്‍ ഹറമില്‍ വെച്ച് ഒരു ആഫ്രിക്കക്കാരനായ സഹോദരനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് നന്നായി അറബി അറിയുന്നത് കൊണ്ടാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ എളുപ്പമായത്. നാലു ഭാര്യമാരിലായി നാല്‍പത് മക്കളുള്ള അദ്ദേഹം വലിയ സമ്പന്നനനായിരുന്നു. അദ്ദേഹത്തിന്റെ കാര്യമായ സമ്പത്ത് ആടുകളായിരുന്നു. വ്യത്യസ്ത ഫാമുകളിലായി ഒരു ലക്ഷം ആടുകളെ വളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വളരെ ദീനീസ്വഭാവമുള്ള അദ്ദേഹം പല സംശയങ്ങളും ചോദിച്ചു മനസ്സിലാക്കാറുണ്ടായിരുന്നു. സാമാന്യ വിവരം അദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായി. ഹറമിലെ എല്ലാ ജമാഅത്തിനും അദ്ദേഹത്തെ കാണാമായിരുന്നു. ഞാനിരിക്കുന്ന സ്ഥലത്ത് എന്നെ കണ്ടാല്‍ അദ്ദേഹം എന്റെ അടുത്ത് വന്നിരിക്കുകയും ഇന്ത്യയിലെ മുസ്‌ലിംകളെയും ഭരണത്തെയും സംബന്ധിച്ചുമൊക്കെ അന്വേഷിക്കുകയും ചെയ്യും. കാണുമ്പോഴൊക്കെ ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ നാട് സന്ദര്‍ശിക്കാന്‍ എന്നെ നിര്‍ബന്ധിച്ച് ക്ഷണിക്കുമായിരുന്നു. യാത്ര സൗകര്യങ്ങളൊക്കെ ഞാന്‍ ഒരുക്കാമെന്നും നിങ്ങള്‍ വരാന്‍ തയ്യാറായാല്‍ മതിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. പക്ഷേ, ഹജ്ജ് കഴിഞ്ഞ് എനിക്ക് പെട്ടെന്ന് തിരിച്ചു പോരേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
വളരെ ഇടുങ്ങിയ രണ്ടു മലകള്‍ക്കിടയില്‍ നില്‍ക്കുന്ന മിനയായിരുന്നു അന്ന്. ഇപ്പോള്‍ ആ മലകളൊക്കെ ഇടിച്ചു നിരത്തി വിശാലമാക്കിയിട്ടുണ്ട്. അക്കാലത്ത് അവിടെ വെളിച്ച സൗകര്യവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവും വളരെ കുറവായിരുന്നു. അത്തരം ആവശ്യങ്ങള്‍ക്ക് രണ്ടു രണ്ടര മണിക്കൂറൊക്കെ വരിയില്‍ നില്‍ക്കേണ്ടിവന്നിരുന്നു. ഇപ്പോഴുള്ള പോലെ ബാത്തുറൂമുകളും വുളൂഅ് ചെയ്യാനുള്ള സ്ഥലങ്ങളും അന്ന് കുറവായിരുന്നു.
ഹാജിമാര്‍ ഭക്ഷണം സ്വന്തം ഉണ്ടാക്കിയാണ് കഴിച്ചിരുന്നത്. കിട്ടുന്ന എന്തെങ്കിലുമൊക്കെ വേവിച്ചുണ്ടാക്കി കഴിക്കും. മക്കയില്‍ നിന്ന് മിനയിലേക്കും അറഫിയിലേക്കും തിരിച്ചും നടന്നായിരുന്നു എന്റെ യാത്ര. അന്ന് മസ്ജുദുല്‍ ഹറാമില്‍ കിടന്നുറങ്ങാമായിരുന്നു. അതിന് കാര്യമായ നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉറങ്ങുന്നവരെ പോലീസ് വന്ന് തട്ടിവിളിക്കും.
എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നു ശേഖരിച്ചാണ് ഹാജിമാരൊക്കെ മിനയിലെത്തുക. ചെറിയ സാധാരണ കല്ലുകള്‍ തന്നെയാണ് ഉപയോഗിക്കുക.
അറഫയില്‍ നില്‍ക്കുമ്പോള്‍ നബി(സ)കയറി ദുആ ചെയ്ത ജബലുറഹ്മ വരെ കയറാന്‍ സാധിച്ചു. അറഫയിലെ നമിറ പള്ളിയില്‍ കയറി നിരവധി തവണ നിസ്‌കരിക്കുകയും ദുആ ചെയ്യുകയും ചെയ്തു. അറഫയിലെ വലിയ പള്ളിയാണ് നമിറ പള്ളി. ഇമാമ് അറഫ ഖുത്വ്ബ അവിടെ വെച്ചാണ് നിര്‍വഹിക്കുക. നബി(സ) അറഫാ ഖുത്വ്ബ നടത്തിയത് അറഫാ മൈതാനിയില്‍ വെച്ചാണ്. പിന്നീടുണ്ടായതാണ് നമിറ പള്ളി. നബി(സ) പ്രത്യേകം നിസ്‌കരിച്ച സ്ഥലമായ മിനയിലെ മസ്ജിദുല്‍ ഖൈഫിലും പലപ്രാവശ്യം നിസ്‌കരിക്കാന്‍ സാധിച്ചിട്ടുണ്ട്.
പെരുന്നാള്‍ ദിവസം മിനയില്‍ തന്നെയാണ് കഴിച്ചു കൂട്ടിയത്. അന്നും സാധാരണ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് കഴിച്ചത്. പിന്നെ അറവുണ്ടായിരുന്നതിനാല്‍ അതിന്റെ ഇറച്ചിയും കൊണ്ടുവന്നുണ്ടാക്കിയിരുന്നു. മുതമത്തിആയി ഹജ്ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമാകുന്ന അറവ് ഞാനും നിര്‍വഹിച്ചു. ആടാണ് അറത്തത്. ചിലര്‍ ഒട്ടകവും അറക്കാറുണ്ട്. അറക്കാനും മുടികളയാനുമൊക്കെ പ്രത്യേക സ്ഥലങ്ങളുണ്ട്. മുടി കളയാന്‍ പ്രത്യേക ആളുകളുമുണ്ടായിരുന്നു.
അന്ന് അറവിന്റെ ഇറച്ചി കയറ്റി അയക്കുക കുറവായിരുന്നു. ഹാജിമാരും പാവങ്ങളും എടുത്തു കഴിക്കലായിരുന്നു പതിവ്. ഇന്ന് ആഫ്രിക്ക പോലോത്ത ദരിദ്രരാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
അറഫയിലും മുസ്ദലിഫയിലും മിനയിലുമുള്ള ഹജ്ജിന്റെ അമലുകള്‍ കഴിഞ്ഞ് മക്കയിലേക്കു തന്നെ തിരിച്ചു വന്നു. കുറച്ചു ദിവസം അവിടെ താമസിച്ച ശേഷം ജിദ്ദയിലേക്ക് പുറപ്പെട്ടു. നാട്ടുകാരും സുഹൃത്തുക്കളുമായ ധാരാളം പേര്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുടെ കൂടെ കുറച്ചു ദിവസം കഴിച്ചു കൂട്ടി. ജിദ്ദയുടെ പല ഭാഗങ്ങളും കാണാന്‍ സാധിച്ചു. ജിദ്ദയിലുളള ഹവ്വാഅ് ബീവി(റ)യുടെ ഖബ്‌റ് സിയാറത്ത് ചെയ്തു. മഹതിയിലേക്ക് ചേര്‍ത്താണ് ജിദ്ദക്ക് അങ്ങനെ പേര് വന്നതെന്ന് പറയപ്പെടുന്നു. ജദ്ദത്ത് ജിദ്ദയായി. അറഫക്കും ഇങ്ങനെ ഒരു പശ്ചാത്തലമുണ്ട്. ആദം നബി(അ)യും ഹവ്വാഅ് ബീവി(റ)യും കണ്ടുമുട്ടിയതിനാലാണ് ‘അറിഞ്ഞു’ എന്നര്‍ത്ഥമുളള അറഫ എന്നു പേരുവരാന്‍ കാരണം.
മക്കക്കാരുമായി നബി(സ) സന്ധി ചെയ്ത ഹുദൈബിയ്യ സ്ഥലവും അന്ന് സന്ദര്‍ശിച്ചിരുന്നു. മക്കത്ത് ഉംറയുടെ ഇഹ്‌റാമിന്റെ മീഖാത്തുകളായ ‘തന്‍ഈം’, ‘ജഅ്‌റാനത്ത്’ എന്നീ സ്ഥലങ്ങളില്‍ പോയി പലതവണ ഉംറക്ക് ഇഹ്‌റാം ചെയ്യാന്‍ കഴിഞ്ഞു. ഇവയൊക്കെ ഹറമിന്റെ ബോര്‍ഡറാണ്. അവിടെ എവിടെ വച്ചും ഇഹ്‌റാം ചെയ്യാം. തന്‍ഈമില്‍ ആഇശ(റ)യുടെ പള്ളിയുണ്ട്. നബി(സ)യുടെ ഭാര്യ മൈമൂന ബിവി(റ)യുടെ ഖബ്‌റ് മക്കക്കടുത്ത് സരിഫ് എന്ന സ്ഥലത്ത് പോയി സിയാറത്ത് ചെയ്തു.
മറ്റൊരു ഹജ്ജിന്റെ സമയത്താണ് പിതാവ് കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍(റ) വഫാത്താകുന്നത്. അത് എണ്‍പത്തി ഏഴില്‍ ദുല്‍ഹിജ്ജ അഞ്ചിനാണ്. അന്ന് മദീനാ സിയാറത്ത് കഴിഞ്ഞ് ഹജ്ജിന് ഇഹ്‌റാം ചെയ്തു കൊണ്ടാണ് ഞാന്‍ മക്കയില്‍ തിരിച്ചെത്തിയത്. ശംസുല്‍ ഉലമ, ഉമറലി ശിഹാബ് തങ്ങള്‍, കെ.കെ ഹസ്‌റത്ത് എല്ലാവരും അന്നു ഹജജിനുണ്ടായിരുന്നു. ശംസുല്‍ ഉലമയും ഞങ്ങളും ഒന്നിച്ചൊരു സദസ്സിലിരിക്കുമ്പോഴാണ് മരണവിവരമറിയുന്നത്. ശംസുല്‍ ഉലമ എന്നെ സാന്ത്വനിപ്പിക്കുകയും വലിയ വിഷമവും വ്യസനവും പ്രകടിപ്പിക്കുകയും ചെയ്തു. ‘ജാമിഅക്കും സമസ്തക്കും ഇനി ആരുണ്ട്? ജാമിഅ ഇനി ശ്രദ്ധിക്കേണ്ടി വന്നല്ലോ’ എന്നു പറഞ്ഞു ശംസുല്‍ ഉലമ. പിന്നീട് ഹറമില്‍ വച്ച് ഞങ്ങള്‍ മയ്യിത്ത് നിസ്‌കാരം നടത്തി. ശംസുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം നിസ്‌കാരത്തിന് ഞാന്‍ ഇമാമത്ത് നിന്നു.
പോകുമ്പോള്‍ ഉപ്പാക്ക് മൂത്രത്തിന്റെ അസുഖമുണ്ടായിരുന്നു. അതിനു ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ഓപ്പറേഷനു വിധേയമാക്കി. അതിനോടനുബന്ധിച്ചാണ് മരണം സംഭവിച്ചത്. ഞാന്‍ യാത്ര ഒഴിവാക്കാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ഉപ്പ തന്നെ നിര്‍ബന്ധിച്ചതു കൊണ്ടാണ് ആ വര്‍ഷം ഞാന്‍ ഹജ്ജിനു പോയത്.
ഹജ്ജ് കര്‍മ്മങ്ങള്‍ കഴിഞ്ഞ ഉടനെ ദുല്‍ഹജ്ജ് പതിനാലിനു തന്നെ ഞാന്‍ നാട്ടിലെത്തി. അന്ന് പത്തുവരെ ഖബ്‌റുങ്ങല്‍ ഓത്തുണ്ടായിരുന്നു. അതിനാല്‍ ആദ്യത്തെ ദുആക്ക് തന്നെ എനിക്കെത്താന്‍ കഴിഞ്ഞു. പിന്നെ പലരും ഏറ്റെടുത്ത് മൂന്നു വര്‍ഷം വരെ ഖബ്‌റുങ്ങല്‍ ഓത്തു നടന്നു.
ഗ്രൂപ്പില്‍ പോയപ്പോള്‍ ഹജ്ജ് ചെയ്യാന്‍ സാധിച്ചു എന്നതോടൊപ്പം ഹാജിമാര്‍ക്ക് സേവനം ചെയ്യാനും കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. സ്വകാര്യ ഗ്രൂപ്പുകളില്‍ സേവനം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന ഒന്നാണ് എസ്‌വൈ.എസ് ഹജ്ജ് ഗ്രൂപ്പ്. 250 മുതല്‍ 400 വരെ ഹാജിമാര്‍ കൂടെയുണ്ടായിരുന്ന വര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ എല്ലാവരും ഒറ്റ വിമാനത്തിലും ചിലപ്പോള്‍ രണ്ടു വിമാനത്തിലുമായി പോയിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ പിന്നെ അമീറായി പോയിട്ടില്ല. 2006നു ശേഷം ഹജ്ജും ചെയ്യാന്‍ സാധിച്ചിട്ടില്ല.(ചെറിയ ഇട വേളക്ക് ശേഷം ഇക്കഴിഞ്ഞ വര്‍ഷം വരെ അദ്ദേഹം അമീറായി പുറപ്പെട്ടിട്ടുണ്ട് - ന്യൂസ് ഡസ്ക്)
ഈ ഹജ്ജുകളിലൊക്കെ പല അനുഭവങ്ങളുണ്ടായിട്ടുണ്ട്. 1982ല്‍ ഹജ്ജിനു പോയ സന്ദര്‍ഭം. മക്കയില്‍ ചെന്ന് ബാഗും സാധനങ്ങളും ഒരു സുഹൃത്തിന്റെ റൂമില്‍ വെച്ച് ഉംറയുടെ ത്വവാഫും സഅ്‌യും ചെയ്യാന്‍ ഹറമില്‍ പോയി. തിരിച്ചുവന്നപ്പോള്‍ ബാഗ് ബ്ലേഡ് വെച്ച് കീറി കാശും മറ്റു സാധനങ്ങളുമൊക്കെ എടുത്തു കൊണ്ടുപോയതായി കണ്ടു.
പൂര്‍വ്വികമായി എല്ലാ പ്രവാചകന്‍മാരും ചെയ്തുവരുന്ന ഒരു കര്‍മ്മമാണ് ഹജ്ജെങ്കിലും ഇന്നത്തെ പോലെ കൂട്ടായ സ്വഭാവം അതിനു കൈവരുന്നത് ഇബ്രാഹീം നബി(അ)യുടെ കാലം മുതലാണ്. ഇബ്രാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈലി(അ)ന്റെയും ജീവിതത്തിലെ ചില ഏടുകളെ ഓര്‍മപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ഹജ്ജിലൂടെ ഓരോ വര്‍ഷവും മുസ്‌ലിം ലോകം ചെയ്തുവരുന്നു.-(കടപ്പാട് : അല്‍ ബഹ്ജ:
റഹ്മാനിയ്യ: കടമേരി )