നിലവിളക്ക് കൊളുത്തല്‍ ഹൈന്ദവാചാരം; അനാവശ്യ വിവാദമരുത് -എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുദ്ധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്‌കാരം തന്നെയില്ലെന്നത് ചരിത്ര വസ്തുതയാണ്. വിശ്വാസ ആചാരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഒരിക്കലും സാമുദായിക സൗഹാര്‍ദത്തെ ദോശകരമായി ബാധിക്കുന്നില്ല. എന്നാല്‍ നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍ നിന്നും കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീപൂജയുമായി ബന്ധപ്പെട്ടതും ഓണാഘോഷം വാമനന്‍ എന്ന അവതാര വിശ്വാസവുമായി ബന്ധപ്പെട്ടതുമാണ്. ഇതിനെയെല്ലാം മറ്റൊരു വിശ്വാസസമൂഹം സ്വീകരിക്കണമെന്ന ശാഠ്യം പിടിക്കുന്നത് സാംസ്‌കാരിക ഫാസിസമാണ്. സമൂഹത്തില്‍ തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ സ്വന്തമായി വിശ്വാസവും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധകമാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ. ടി. എം. ബഷീര്‍ പനങ്ങാങ്ങര, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, കെ. അലി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദു റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സൈദലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുള്ള കുണ്ടറ, എസ്. എം അബ്ബാസ് ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.