അതേ സമയം അധിനിവേശത്തിന്റെ കൊടിക്കൂറ കണ്ടത് മുതല്‍ പ്രതിരോധനത്തിന്റെ കനല്‍ഭൂമികളില്‍ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചതിന്റെ അവകാശങ്ങളത്രയും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളതാണെന്നത് അധികമാര്‍ക്കും ദഹിക്കാത്ത ചരിത്ര വസ്‌തുതയുമാണ്. കന്യാകുമാരി മുതല്‍ പെഷവാര്‍ വരെയും സിന്ധ് മുതല്‍ ഭൂട്ടാന്‍ വരെയും ഈ പ്രതിരോധ നൈരന്തര്യത്തിന്റെ അലയൊലികള്‍ തിരതല്ലിയതിന് ചരിത്ര രേഖകളുടെ നേര്‍സാക്ഷ്യമുണ്ട്.
ഒരുപക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരെ ചെറുക്കാനും പൊതുസമൂഹത്തില്‍ സാമ്രാജ്യത്വവിരോധം രൂഢമൂലമാക്കുന്നതിനും മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ സംഘടനകളുടെ എണ്ണം മാത്രം മതിയാവും ഈ കാഴ്‌ചപ്പാടിനെ സാധൂകരിക്കാന്‍. വടക്കേ ഇന്ത്യയില്‍
കേള്‍ക്കുമ്പോള്‍ ഇത്രക്ക് വേണ്ടിയിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ള ഈ ഭാഷാ വിരോധം സ്വന്തം ഭാഷ ഉയര്‍ത്തിപ്പിടിച്ച് ശത്രുപാളയങ്ങളെ വിറകൊള്ളിക്കാന്‍ ഒരു സമൂഹം കാണിച്ച തന്റേടം എന്നതിനേക്കാളേറെ സാംസ്‌കാരികാധിനിവേശത്തിന്റെ കുതന്ത്ര സാധ്യതകള്‍ക്ക് മുമ്പില്‍ ഉള്‍ക്കാഴ്‌ചയുടെ ഉള്ളുറപ്പില്‍ ഒരു ജനത തീര്‍ത്ത ഇരുമ്പുഭിത്തിയായിരുന്നു എന്ന് തിരിച്ചറിയണമെങ്കില്‍ സൂക്ഷിപ്പുരേഖകള്‍ എന്ന പൊടിപിടിച്ച കാഴ്‌ചപ്പാടില്‍നിന്ന് ചരിത്രം വെളിക്ക് വരികതന്നെ വേണം. വികാരങ്ങളും വിചാരങ്ങളും കൈമാറുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പദങ്ങളുടെ സമുച്ചയത്തെയാണ് പൊതുവെ ഭാഷ എന്നു വിളിച്ച് പോരുന്നത്. ഈ വസ്‌തുത കൂടി ചേര്‍ത്ത് പിടിക്കുമ്പോള്‍ ബ്രിട്ടണ്‍ പോലുള്ള ഒരു വന്‍ശക്തിയുടെ സാംസ്‌കാരികമായ കടന്ന് കയറ്റത്തെ തടയാന്‍ ഏറ്റവും യുക്തവും ശക്തവുമായ ആയുധം അവന്റെ മുമ്പിലെ ഭാഷാപരമായ അജ്ഞതയോളം വലിയ ഒരായുധം അത്തരമൊരു തിക്തസന്ധിയില്‍ നിര്‍മിച്ചെടുക്കുക അസാധ്യവും അചിന്തനീയവുമായിരുന്നു താനും.
ഇംഗ്ലീഷുകാരന്റെ ഭാഷ നരകത്തിലെ ഭാഷ എന്ന കാഴ്‌ചപ്പാടുമായി ആദ്യമായി രംഗത്ത് വന്നത് ലോകത്തിന് തന്നെ മുസ്‌ലിം ഇന്ത്യ നല്‍കിയ ഏറ്റവും വലിയ ജ്ഞാന ഗോപുരമായിരുന്നു ഷാഹ് വലിയുല്ലാഹി ദഹ്‌ലവി ആയിരുന്നു. എന്നാല്‍ വടക്കേ ഇന്ത്യയേക്കാള്‍ ഈ ചിന്തയെ വാരിപുണര്‍ന്നത് ദക്ഷിണേന്ത്യയിലെ കേരളവും മലബാറും ഒക്കെയായിരുന്നു. ബ്രിട്ടീഷുകാരോടുള്ള അടങ്ങാത്ത വിരോധം എന്നതിന്റെ കൂടെ ഇംഗ്ലീഷ് പരിജ്ഞാനം നേടിയവരില്‍നിന്ന് അവര്‍ക്കുണ്ടായ അനുഭവങ്ങളും ഈ കാഴ്‌ചപ്പാടുമായി മുന്നോട്ട് പോകാന്‍ അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നതിന് ചരിത്ര ലിഖിതങ്ങളുടെ പിന്‍ബലമുണ്ട്. ഒന്നാമതായി ഇംഗ്ലീഷ് ഭാഷാജ്ഞാനം നേടുന്നവര്‍ വേഗം രാഷ്‌ട്രവിരോധികളും ബ്രിട്ടീഷ് ഏജന്റുമാരായി തീരുന്ന ദാരുണസത്യം അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മലബാറുകാരനായ അഹ്‌മദിന്റെ ജീവിതം തന്നെ അവര്‍ക്കീ നിഗമനത്തിലെത്താന്‍ ധാരാളത്തില്‍ കൂടുതലായിരുന്നു. അഹ്‌മദ് ബ്രിട്ടണിലേക്ക് ഉന്നത വിദ്യാഭ്യാസത്തന് പുറപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ഗ്രാമം മുഴുവന്‍ എതിര്‍ത്തു. പക്ഷെ, അഹ്‌മദ് ഇതൊന്നും കാര്യമാക്കാതെ ബ്രിട്ടണിലേക്ക് പറന്നു. പക്ഷെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് അദ്ദേഹം തിരിച്ചുവന്ന്‌ത് കുപ്രസിദ്ധനായ ആമു സൂപ്രണ്ടായിട്ടായിരുന്നു. മലബാറിലെ ധീരദേശാഭിമാനികളായ മാപ്പിളമാരെ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കാന്‍ ഇദ്ദേഹം കാണിച്ച ആവേശം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കണ്ണുനീരില്‍ കുതിര്‍ന്ന അദ്ധ്യായമാണ്. ഈ ക്രൂരനായ രാഷ്‌ട്രവഞ്ചകനെ കുറിച്ചാണ് വി.ടി. ഭട്ടതിരിപ്പാട് എഴുതിയത്:
കേരള സിംഗമാം അബ്ദുറഹിമാന്റെ/വീര കണ്ഡത്തിലും ലാത്തികള്‍ ചാര്‍ത്തിയാ-/മുഴുമുഠാള പോലീസ് സൂപ്രണ്ട്/ ആമു സാഹേബിന്റെ നാടാണ് കേരളം.
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നവര്‍ രാഷ്‌ട്രവിരോധികളായി തീരുന്നതിന്റെ ഇത്തരം നേര്‍ചീന്തുകള്‍ ഇവിടെ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ആകമാനം ലഭ്യമായിരുന്നു. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ ഇതിനെ ചെറുത്തത് ഇംഗ്ലീഷ് വിജ്ഞാനം നേടിയവരെ തെരഞ്ഞുപിടിച്ച് ജയിലിലടക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലൂടെയായിരുന്നു. അതേസമയം ഫിറങ്കി മഹല്‍ പണ്ഡിതന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നവര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നിസ്‌കര്‍ശിച്ചിരുന്നു. മൗലാനാ മുഹമ്മദലിയേയും ശൗഖത്തലിയേയും പോലുള്ള ധീരദേശാഭിമാനികള്‍ ഈ ക്ലാസുകളിലൂടെ കടന്നുവന്നവരായിരുന്നു.
രാഷ്‌ട്രീയ വിരോധത്തോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മൊത്തമായും ചില്ലറയായും കയറ്റി അയക്കപ്പെട്ട മറ്റൊരു ഉരുപ്പടിയായിരുന്നു ക്രിസ്‌തീയ വത്‌കരണം. ഇതും അംഗ്ലീഷ് ഭാഷക്കെതിരെ തിരിയാന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു കാരണമായി വര്‍ത്തിച്ചിട്ടുണ്ട് എന്നത് ഒരിക്കലും വിസ്‌മരിക്കാവതല്ല. സ്വാതന്ത്ര്യ സമരകാലത്ത് ഈ ഭീകരതയെ നിശിതമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ഉണ്ടായേക്കാവുന്ന അതിന്റെ ഗുരുതര പ്രത്യാഘാതങ്ങളെ വിലയിരുത്തുകയും ചെയ്‌തുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ തന്നെ പുറത്ത് വരുകയുണ്ടായി. കാലങ്ങള്‍ക്ക് ശേഷം ക്രിസ്‌തീയ വല്‍കരണത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ നടത്തിയിരുന്ന നീക്കുപോക്കുകളുടെ എഴുത്ത് കുത്തുകള്‍ പുറത്ത് വന്നപ്പോള്‍ മുസ്‌ലിംകള്‍ പ്രകടിപ്പിച്ച സംശയങ്ങളത്രയും ശരിയാണെന്ന് വ്യക്തമാവുകയും ചെയ്‌തു. മമ്പുറം തങ്ങളുടെ സൈഫുല്‍ ബത്വാര്‍' എന്ന രചന ഇത്തരം കുരിശുവത്‌കരണത്തിനെതിരെ നടന്ന ഏറ്റവും ഫലപ്രദമായ ചാട്ടുളി പ്രയോഗമായിരുന്നു.
1454-ല്‍ പോപ്പ് പുറപ്പെടുവിച്ച മതവിധിപ്രകാരം കിഴക്കന്‍ രാജ്യങ്ങളില്‍ കുരിശ് പ്രചരിപ്പിക്കാന്‍ ഇറങ്ങിപുറപ്പെട്ടത് തന്നെയായിരുന്നുല്ലോ വാസ്‌ഗോഡ ഗാമയും. എന്തൊക്കെ ചരിത്രവ്യാഖ്യാനങ്ങള്‍ നിരത്തിയാലും പ്രസ്‌തുത കൃത്യം അതീവവിദഗ്‌ധമായി തന്നെ അദ്ദേഹവും പരിവാരവും ഇവിടെ നടത്തിയിരുന്നുതിന് പരശ്ശതം തെളിവുകളുണ്ട്. പ്രശസ്‌ത ചരിത്ര ഗവേഷകനായ പി.വി. പ്രകാശ് രാജ് എഴുതുന്നു:
``പോര്‍ച്ചുഗീസുകാരുടെ വരവ് ക്രൈസ്‌തവ സമൂഹത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കി. പോര്‍ച്ചുഗീസുകാര്‍ക്ക് രാജ്യകാര്യങ്ങളിലെന്നപോലെ മതകാര്യങ്ങളിലും താല്‍പര്യം ഉണ്ടായിരുന്നു. മതപരിവര്‍ത്തനം വ്യാപകമായി. അവര്‍ എല്ലാ ജാതിക്കാരേയും ക്രിസ്‌തുമതത്തില്‍ ചേര്‍ത്തു. 1514-ല്‍ 6,000 ക്രൈസ്‌തവര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കില്‍ 1518-ല്‍ അത് 12,000 ആയി വര്‍ദ്ധിച്ചു.''
എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ക്രൈസ്‌തവ വല്‍ക്കരണത്തിന്റെ രീതികള്‍ കൂടുതല്‍ ആസൂത്രിതവും സംഘടിതവുമായി തീര്‍ന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഫസലുല്‍ ഹഖ് വൈറാബാദി ഈ കുതന്ത്രത്തെ തിരിച്ചറിയാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ലഘുലേഖകള്‍ ഇറക്കി. അതില്‍ ഇപ്രകാരം അദ്ദേഹം എഴുതി:
``പലവിധേനയും ഇന്ത്യക്കാരുടെ മതത്തെയും വിശ്വാസത്തെയും നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും അക്ഷരജ്‌ഞാനമില്ലാത്തവര്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കി അവരുടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു.''
മോണ്യര്‍ വില്യംസ് തന്നെ `മോഡേണ്‍ ഇന്ത്യ ആന്റ് ദ ഇന്ത്യന്‍സ്' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``ഇത്ര വലിയൊരു ഭൂപ്രദേശം ഇംഗ്ലണ്ടിന്റെ മേല്‍ക്കോയ്‌മക്ക് കീഴിലാക്കിയത് എന്തിനായിരുന്നു? രാഷ്‌ട്രീയ സാമൂഹിക സൈനിക പരീക്ഷണങ്ങളില്‍ മൃതശരീരമവാന്‍ വേണ്ടിയോ? തീര്‍ച്ചയായും ഓരോ പുരുഷനും സ്‌ത്രീയും കന്യാകുമാരി മുതല്‍ ഹിമാലയം വരെ ബോധവത്‌കരിക്കപ്പെടുകയും ക്രൈസ്‌തവ വത്‌കരിക്കപ്പെടുയും ചെയ്യാന്‍ വേണ്ടി തന്നെയാണ്.''
തുടക്കത്തിലെ ബലാരിഷ്‌ടതകളില്‍നിന്ന് മോചിതമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇരിപ്പുറപ്പിക്കാനായതോടെ അവര്‍ തങ്ങളുടെ ലക്ഷ്യം തുറന്ന് പറയാനും മടിച്ചില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന പാല്‍മോല്‍സണ്‍ പ്രഭു പറഞ്ഞു: ``മതപരിവര്‍ത്തനം ഭാരതത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുക എന്നത് നമ്മുടെ ചുമതല മാത്രമല്ല, മറിച്ച് അത് നമ്മുടെ താല്‍പര്യത്തിന് അത്യന്താപേക്ഷിതവുമാണ്.''
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ അകത്ത് കയറുന്ന സാമ്രാജ്യത്വപ്രേമവും കുരിശുപ്രയാണവും മുസ്‌ലിംകളെ ഇംഗ്ലീഷ് വിരോധികളാക്കുന്നതില്‍ തുല്യപങ്ക് വഹിച്ചിട്ടുണ്ട്. ഒരുവേള ഈ വിരോധം മൂത്ത് ഇംഗ്ലീഷുകാരുടെ റാന്‍മൂളികളായിരുന്ന സവര്‍ണ്ണരെയും അവരുടെ ഭാഷയായ ആര്യനെഴുത്തി(മലയാളം)നെയും മാറ്റിനിര്‍ത്താന്‍ മുസ്‌ലിംകള്‍ ചങ്കൂറ്റം കാണിച്ചിരുന്നുവെന്നത് ഭാഷാ വിരോധത്തിന്റെ ഉദ്ദേശലക്ഷ്യത്തിലേക്ക് വെളിച്ചം വീശാന്‍ എത്രയും പര്യാപ്‌തമാണ്.
ചുരുക്കത്തില്‍ അധിനിവേശ ദുരന്തരന്മാരോടുള്ള അടങ്ങാത്ത കലിയും നിലക്കാത്ത വിരോധവുമായിരുന്നു ഒരു ജനതയെ ഒരു പ്രത്യേക ഭാഷയുടെ വിരോധികളാക്കിയത്. രാജ്യതാല്‍പര്യങ്ങളുടെയും സാംസ്‌കാരിക സംരക്ഷണത്തിന്റെയും കരുതലിനൊപ്പം സാമ്രാജ്യത്ത്വത്തന്റെ ഊടുവഴികളെ തിരിച്ചറിഞ്ഞതിന്റെ പറഞ്ഞുറപ്പിക്കലുമുണ്ടതില്‍. കൂടാതെ ഒരുനിലക്കും കീഴടങ്ങില്ലെന്ന നിഷ്‌കളങ്കരായ ഒരു ജനതയുടെ ആണയിടലും.
- ഫൈസല്‍ ഫൈസി വാഫി കാടാമ്പുഴ