'തട്ടത്തിന്‍ മറയത്ത്' മാപ്പിളപ്പെണ്ണിന്റെ ഉടല് മാന്തുന്നവര്‍

സ്‌ത്രക്രിയാപരിശീലനങ്ങള്‍ക്ക്‌ ഭൂലോക സമൂഹം ഐക്യബോധേന തെരഞ്ഞെടുത്ത നികൃഷ്‌ട ജീവിയാണ്‌ മണ്ഡൂപം. ആര്‍ക്കും ഉരിച്ച്‌ തിന്നാവുന്ന പൊതുമേനി. പഴയ മാപ്പിള ഫോക്ക്‌ ഫോറുകളില്‍ ഒരു സിംബോളിക്‌ പാത്രമുണ്ട്‌; നൂറ്റുചട്ടി! അത്‌ പുണ്യം ചെയ്‌തൊരു പാത്രമാണ്‌. പെട്രോമാക്‌സും മഴപ്പാറ്റകളും തേങ്ങാച്ചോറും ചേര്‍ന്ന പണ്ടത്തെ മാപ്പിളകല്യാണങ്ങളിലെ പ്രധാന പന്തല്‍പ്പെരുമ്മ ഈ നൂറ്റുചട്ടിയാണ്‌. നാലില്‍ നാലോഹരിയും മുറുക്കികളായിരുന്ന കാലമായിരുന്നു അത്‌. തറവാട്ടു കാരണവന്മാരുടെ ആശീര്‍വാദത്തോടെ പന്തല്‍ക്കാലും നാട്ടി മണ്ണന്‍കുല കുണ്ടില്‍ പഴുപ്പിച്ച്‌ കൗതുകവും തീര്‍ത്ത്‌ ഒരു കല്യാണം. പന്തലില്‍ പ്രത്യേക പവലിയനില്‍ മുറുക്കാന്‍ പെട്ടിയുണ്ടാകും. അതില്‍ വെറ്റിലയും അടക്കയും പൊകലയും. പക്ഷെ, ചുണ്ണാമ്പ്‌ പെട്ടിയുണ്ടാവില്ല. അത്‌ കെട്ടിത്തൂക്കും. എല്ലാവര്‍ക്കും ഉപയോഗസൗകര്യത്തിനുവേണ്ടിയാണത്‌. ആവശ്യമുള്ളവര്‍ക്ക്‌ വിരലിട്ടു ചുണ്ണാമ്പു കോരി വെറ്റിലയില്‍ പുരട്ടാം. വിരലില്‍ പറ്റിപിടിച്ചു ബാക്കിയാവുന്നതു പാത്രത്തിന്റെ അടിയിരുലരച്ച്‌ വിരലും വൃത്തിയാക്കാം. അത്‌ രണ്ടാമത്തെ ഉപകാരമാണ്‌. ഫലത്തില്‍ എത്ര പേര്‍ കല്യാണത്തിനു പങ്കെടുത്തുവെന്നു ഉരവര നോക്കി പിന്നീട്‌ പറയാം. ഉഛിഷ്‌ടം ഉരച്ചരച്ചു വെളുത്തുപോകും ആ പാത്രം. അതാണ്‌ നമ്മുടെ `നൂറ്റുചട്ടി.’ ആര്‍ക്കും കയറിയുരക്കാമെനന്നതാണ്‌ അതിന്റെ പൊതുമഹിമ. ഇടതടവില്ലാത്ത ഈ വര്‍ത്തമാനമാണതിന്റെ അകപ്പൊലിമ.
ലോക മുസ്‌ലിം ഭൂപടത്തിലെ ഒരു ചെറിയ കഷ്‌ണമായ കേരളത്തിലും മുസ്‌ലിം പൊതുമണ്ഡലം മണ്ഡൂപസ്ഥാനിയോ അതല്ല നൂറ്റുചട്ടി സ്ഥാനിയോ എന്നതിലാണ്‌ അഭിപ്രായ ഭിന്നത. രണ്ടിലൊന്നാണുറപ്പ്‌. ആര്‍ക്കും കയറിമേയാവുന്ന പൊതുവളപ്പായി കേരളത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥ മാറിയെന്നതിന്റെയും മാറ്റിയെന്നതിന്റെയും ആവര്‍ത്തനങ്ങളാണ്‌ തലങ്ങും വിലങ്ങും. കലാ സാഹിത്യങ്ങളിലൂടെ മാപ്പിളപാരമ്പര്യത്തിന്റെ തലക്കുകൊട്ടുന്ന വിനീതവിദ്വാന്മാരെ കുറിച്ച്‌ ഏറെ കഴിഞ്ഞതാണ്‌ ചര്‍ച്ചകള്‍. `ഒടുവിലിതാ’ എന്നു പറയുമ്പോഴേക്ക്‌ അടുത്തതും വരുമെന്നതിനാല്‍ `കൂട്ടത്തിലിതാ ഒന്നുകൂടി’ എന്ന അടിക്കുറിപ്പോടെ മാത്രമേ നമുക്ക്‌ തട്ടത്തിന്‍ മറയത്തേക്ക്‌ കണ്ണെറിയാന്‍ കഴിയൂ…

മുസ്‌ലിം പെണ്ണിന്റെ കണ്ണീരിന്റെ ഉപ്പും മുളകും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ക്കു കേരളത്തിലും വമ്പിച്ച മാര്‍ക്കറ്റ്‌ ചാലുവാണ്‌. ശുദ്ധ വായുവും പച്ചവെള്ളവും കിട്ടാത്ത ഒരുതരം റൊട്ടിയും ദാലുമാണ്‌ കഥകളിലെ മുസ്‌ലിം പെണ്‍ജീവിതങ്ങള്‍. മുസ്‌ലിം യാഥാസ്‌തിക കുടുംബത്തിന്റെ ശാസനദംശനമേറ്റു പുളയുന്ന വിമോചന ദാഹിയായ സ്‌ത്രീജന്മം വിനീത്‌ ശ്രീനിവാസന്റെ സൃഷ്‌ടിയൊന്നുമല്ല. ഇല്ലാത്ത ഉലയില്‍ ഉലക്ക കത്തിച്ചൂതുന്നവരുടെ ഒഴുക്കില്‍ വിനീതും ഒരംഗമായെന്നു മാത്രം. ആവര്‍ത്തിക്കപ്പെടുന്ന ചരിത്രത്തിന്റെ ഒരാവര്‍ത്തനം. സംവിധായകന്റെ ജീവിതത്തിലെ തൊഴിലില്ലായ്‌മ; ആകസ്‌മിക പ്രണയം; സ്വാഭാവിക പരിണാമങ്ങള്‍; പ്രതിലോമധാരകള്‍ തുടങ്ങിയ അനുഭവങ്ങളെ കേരളത്തില്‍ ഏറ്റവും ചൂടോടെ കത്തുന്ന വറച്ചട്ടിക്കൂട്ടില്‍ വെച്ചുതന്നെ വേവിച്ചതാണ്‌ തട്ടത്തിന്‍ മറയത്തിലൂടെ കേരളം കണ്ടത്‌. ഉളുപ്പില്ലായ്‌മയുടെ ഉടുപ്പില്ലായ്‌മ; അത്രയേ അതിലുള്ളൂ. പക്ഷെ, സദാചാരപരമായ കുറേ സാമൂഹിക ഘടകങ്ങളുടെ അടിസ്ഥാന ഭാവങ്ങളെയും മുസ്‌ലിം നിന്ദയെന്ന പൊതുനടപ്പിന്റെ പുത്തന്‍പുറങ്ങളെയും ആവിഷ്‌കരിച്ചുവെന്ന നിലയില്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ട്‌. പുറത്തേക്ക്‌ വരാനുറച്ചുനില്‍ക്കുന്ന കരച്ചിലാണ്‌ പ്രായം തികഞ്ഞിട്ടും പര്‍ദ്ദക്കുള്ളിലടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീത്വം എന്ന സ്ഥിരീകരണം ആ വിഷയകമായി എത്രാമത്തേതാണ്‌! ഖദീജാ മുംതാസിന്റെ `ബര്‍സ’ തുറന്നിട്ട കിളിവാതിലിലൂടെ പാട്ടുപാടി നോവിക്കുന്ന കുറേ കലാക്ഷുദ്ര ജീവികള്‍ കടന്നുവന്നിട്ടുണ്ട്‌ സമകാലിക കേരളത്തില്‍.

സംഗതി; ബശീര്‍ ഒരു മഹാ സൂഫിയായിരുന്നുവെന്നും; അല്ല സൂഫീചക്രവര്‍ത്തിയായിരുന്നുവെന്നുമൊക്കെയാണിപ്പോള്‍ പഠിച്ചുപഠിച്ചു പലരും ആക്കിവെച്ചത്‌; പക്ഷെ, മുസ്‌ലിം പെണ്ണിന്റെ നാവിലൂടെ നര്‍മ്മനുള്ളുകള്‍ പണിതു മര്‍മ്മം മാന്താന്‍ ആ സൂഫിവര്യന്‌ തികഞ്ഞ പാടവമുണ്ടായിരുന്നു. എഴുത്തും വായനയും പഠിച്ചാല്‍ കാഫിറാകും എന്നു ഇന്നോളം കേരളത്തില്‍ ഒരാളും മുസ്‌ലിം സ്‌ത്രീയോട്‌ പറഞ്ഞിട്ടില്ല. പക്ഷെ, ബശീര്‍ `ന്റെ പ്പുപ്പാ”യില്‍ ആ ആരോപണം വിക്ഷേപിച്ചു നിര്‍വൃതിപ്പെടുന്നുണ്ട്‌. `അവളുടെ ഉമ്മയും വാപ്പയും ഉപ്പാപ്പയും ഖുര്‍ആന്‍ ഓതിയിട്ടുണ്ട്‌. പക്ഷെ, എന്താണതില്‍ പറയുന്നതെന്നു ആര്‍ക്കും അറിഞ്ഞുകൂടെന്നു’ പറയുന്ന ബശീര്‍ കുഞ്ഞുപാത്തുമ്മയിലൂടെ മുസ്‌ലിം സ്‌ത്രീയുടെ മനം തുറക്കുന്നു’ എയ്‌ത്തു പഠിപ്പിച്ചു നിന്നെ കാഫിറാക്കാത്തതത്‌ എന്താണെന്നാണോ ശോയിക്കുന്നത്‌?’ നിശാനടനത്തിനു വീഞ്ഞുപകരുന്ന റാക്കറ്റേന്തി മിര്‍സയും അജ്‌മീര്‍ ദര്‍ഗയില്‍ പര്‍ദ്ദയണിഞ്ഞെത്തിയ ഐശ്വര്യറോയിയും ദേശീയ മുസ്‌ലിം സ്‌ത്രീത്വത്തിന്റെ പ്രതീകവും ചുളിവും വളവും വക്രിച്ച്‌ പ്രായമറിയിച്ചവശയായിട്ടും അരങ്ങില്‍ തിരിയുതിര്‍ക്കുന്ന നിലമ്പൂര്‍ ആയിശ മലയാളിപ്പെണ്ണിന്റെ മാറിയ മുസ്‌ലിം ബിംബവുമായ ഇക്കാലത്ത്‌ ഒരു തട്ടത്തിന്‍ മറയത്ത്‌ മുഖം ഒളിപ്പിച്ച ആയിശ വന്നു സമുദായത്തെ കളിയാക്കിയതില്‍ അത്ഭുതമൊന്നുമില്ല. കാരണം മുതുനെല്ലിക്കയുടെ മുന്തിയകഥകള്‍ മുമ്പെ പറഞ്ഞതും ഇതൊക്കെ തന്നെയാണല്ലോ. “ന്റെപ്പൂപ്പാ… തുടരട്ടെ;…” അവള്‍ തലമുടി ചീകിക്കൂടാ, പൂചൂടിക്കൂടാ, ചിരിച്ചുകൂടാ, ബ്ലൗസും സാരിയും അണിഞ്ഞുകൂടാ, ഉച്ചത്തില്‍ സംസാരിച്ചുകൂടാ, നിലാവുള്ള രാത്രിയില്‍ മുറ്റത്ത്‌ പ്രായമായ പെണ്‍കുട്ടി നിന്നാല്‍ ആകാശത്തുകൂടി പറന്നുപോകുന്ന ഇഫ്‌രീത്തും ജിന്നും ശൈത്വാനും ദേഹത്ത്‌കൂടും എന്നവര്‍ ഭയപ്പെടുത്തി” സമുദായത്തിന്റെ സര്‍ഗ സാംസ്‌കാരിക നഭസ്സുകളിലെ താരരാജന്മാര്‍ പണ്ട്‌ തുറന്നിട്ടുകൊടുത്ത വാതിലുകള്‍ തിരിഞ്ഞുകുത്തുന്നുവെന്ന്‌ ഇപ്പോള്‍ പറയുന്നത്‌ യാഥാസ്ഥികതയുടെ വീണരോദനമായി. മറിച്ച്‌ വായിക്കപ്പെടാനും സാധ്യതയുണ്ട്‌.

പക്ഷെ, സമുദായത്തിന്റെ സ്വകാര്യതകളില്‍ അതിശയോക്തി കലര്‍ത്തികുഴക്കുന്ന അപസര്‍പ്പവൃത്തങ്ങള്‍ ചേര്‍ത്തി വിപണനത്തിനു വെച്ച അത്തരം സുല്‍ത്താന്മാര്‍ പില്‍ക്കാലത്തിന്റെ ഇതിഹാസമായി മാറിയത്‌ തെറ്റായ ഭിത്തിയാണ്‌ കാവലെന്ന മിഥ്യപ്രതീതിയില്‍ നിരീക്ഷകരെ എത്തിച്ചു. അതാണ്‌ അല്‍ നീരദും ഷാജി കൈലാസും വിനീത്‌ ശ്രീനിവാസനുമൊക്കെ പിന്നീട്‌ പതമുള്ള മണ്ണാക്കി സമുദായ പരിഹാസത്തിന്റെ ചേമ്പും ചേനയും നട്ടയിടം. പി.എ. മുഹമ്മദ്‌ കോയയുടെ `സുല്‍ത്താന്റെ വീട്‌’ തുളസിയുടെ `ദ്വീപും’ ഇന്ന്‌ അഭ്രപാളിയില്‍ എത്തിയിരുന്നുവെങ്കില്‍ രണ്ടാം കൈവെട്ടുകള്‍ തന്നെ പ്രതീക്ഷിക്കാമായിരുന്നു. `ബുലൂഗായ പെണ്‍കുട്ടികള്‍ക്കൊക്കെ തടവു വിധിച്ചത്‌ ആരാണ്‌, അവര്‍ ഒന്നും കാണരുത്‌, ആരെയും കാണരുത്‌, മറഞ്ഞു നിന്നുപോലും അന്യനായ ആണിനോടും പെണ്ണിനോടും സംസാരിക്കരുത്‌, തലയില്‍ പൂവെണ്ണ തേക്കരുത്‌, കണ്ണില്‍ സുറുമയിടരുത്‌, അത്തര്‍ പൂശരുത്‌, സുല്‍ത്താന്റെ വീട്ടിലെ ഒരു ഭാഗമാണിത്‌. ഇത്തരം മാടമ്പുകളില്‍ നവോത്ഥാനത്തിന്റെയും ആത്മവിമര്‍ശനത്തിന്റെയും കഥാംശങ്ങള്‍ കണ്ടെത്തുന്നതിനെ സ്വാഭാവിക തലത്തില്‍ കുറ്റപ്പെടുത്താനാവില്ല. പക്ഷെ, പൊള്ളും പതിരും മാത്രം പെറുക്കുക്കൂട്ടിയുണ്ടാക്കുന്ന ആക്ഷേപത്താരയില്‍ ഒരു സമുദായത്തെ തുന്നിച്ചേര്‍ത്തി ഗോദപ്പാട്ടാക്കുന്നവര്‍ക്കിടയില്‍ ഫലവൈപരീത്യം കാലേ കാണേണ്ടതായിരുന്നുവെന്ന മറുവശമാണിവിടെ പ്രമേയം. ഉദ്ധൃദ പെണ്ണിനെ എഴുതുന്നു: `ജനിക്കുന്നു, പള്ളിയിലെ ഖബ്‌റിനുള്ളില്‍ അടിഞ്ഞുകൂടുന്നു, നീണ്ട വര്‍ഷങ്ങള്‍ വീട്ടിനുള്ളിലെ മുറിക്കകത്തും കടപ്പുറത്തുമായി കഴിച്ചു തീര്‍ക്കാം” അയഥാര്‍ത്ഥ്യങ്ങളുടെ തുടര്‍ച്ചയായ ആവിഷ്‌കാരങ്ങള്‍ പുകഞ്ഞകത്തുന്ന മുസ്‌ലിം പെണ്‍ഹൃദയമെന്ന സങ്കല്‍പവൃത്തമായി ഇത്തരം ചിത്രീകരണങ്ങള്‍ പരിണമിച്ചിരിക്കുന്നു. ഇനി നാം സമുദായത്തെ ആക്ഷേപിച്ചു കളഞ്ഞുവെന്ന പരാതിയുമായി പാഞ്ഞുവരേണ്ട കാര്യമില്ല. കാരണം തടാകത്തിലെ മത്സ്യകന്യക; വിക്രമാദിത്യന്റെ വേതാളം, അറബിക്കഥയിലെ ജിന്നും റാണിയും; ഇതൊക്കെപ്പോലെ ഒന്ന്‌ മാത്രമാണ്‌ അവര്‍ ആവിഷ്‌കരിക്കുന്ന ഈ മുസ്‌ലിം സ്‌ത്രീത്വം.

തട്ടത്തിന്‍ മറയത്തില്‍ പിന്നെ ഏറെയുള്ളത്‌ മുസ്‌ലിം യുവതി ഹൃദയം പകുത്തു പകരുന്നത്‌ ഒരു നായര്‍ യുവാവിനോടാണ്‌ എന്നതാണ്‌. ലൗജിഹാദിന്റെ ആരവങ്ങള്‍ക്കിടയില്‍ പറയപ്പെടാതെ പോകുന്ന മുസ്‌ലിം പെണ്ണിന്റെ നായര്‍/ ഈഴവ/ തിയ്യക്കമ്പങ്ങളിലേക്ക്‌ മലയാളത്തിന്റെ ശ്രദ്ധയെത്തിയത്‌ ചീഞ്ഞതില്‍ പിറന്ന തളിരായി.

തലശ്ശേരിയിലെ ആണ്‍കുട്ടികളെ കുറിച്ച്‌ പൊതുവെ ഉണ്ടായിരുന്ന മതിപ്പുധാരണകള്‍ നിലംപൊത്തിയെന്നതാണ്‌ ഖേദകരം. ഈ ചിത്രത്തെ ബോക്‌സ്‌ ഓഫീസില്‍ കിടന്ന്‌ ശ്വാസം മുട്ടിച്ചു കൊല്ലേണ്ട ബാധ്യത അവര്‍ക്കുണ്ടായിരുന്നു. പിതൃസഹോദരന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകളെ അതിജയിച്ചും നാട്ടുപോലീസിനെയും സദാചാര പാലകരേയും ചോദ്യം ചെയ്‌തുമാണ്‌ കേവലമുഖബദ്ധമായ ഈ മതാനൂര്‍ പ്രണയം മുന്നോട്ടുപോകുന്നത്‌. നായര്‍ യുവാവിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പിതൃസഹോദരനെ പ്രദേശത്തെ മുസ്‌ലിം തീവ്രവാദ സംഘടത്തിന്റെ നേതാവാക്കുന്നതും, നായകനെ കമ്മൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാക്കുന്നതും മുഖേന കിട്ടുന്ന ചെലവില്ലാത്ത വരവിനെതിരെ തലശ്ശേരിക്കാര്‍ പ്രതികരിക്കാതിരുന്നത്‌ അവരുടെ പക്വത കൊണ്ടാണെന്ന്‌ കരുതി കണ്ണുചിമ്മാം. വെള്ളിയാഴ്‌ച പിതൃസഹോദരന്‍ ജുമുഅക്ക്‌ പോകുന്ന ഇടവേളയാണ്‌ ആയിശയുടെ ജീവിതത്തിലെ ഒരേയൊരു അവസരം. നായകനോടൊപ്പം പറന്നുപരക്കുന്ന സമയമതാണെങ്കില്‍ പുതുമയില്ല. പക്ഷെ, ആരാധനാവിരുദ്ധം അവകാശ സ്വാതന്ത്ര്യം എന്ന ദ്വന്ദം ദുഃസൂചനാത്മകമാണ്‌. അതെസമയം നായകന്റെ വീട്ടുകാര്‍ ബഹുസ്വരരും ഹൃദയവിശാലരുമാണിവിടെ. ഒരു മുസ്‌ലിം സ്‌ത്രീയെ വരവേറ്റു പൂമുഖത്തില്‍ നട്ടുവളര്‍ത്താന്‍ സര്‍വ്വാത്മനാ തയ്യാറാകുന്ന നായര്‍ തറവാട്‌ കേരളത്തില്‍ ഏതാണുള്ളത്‌. മാപ്പിളമാര്‍ അസുരന്മാരും ഇതര്‍ ദേവന്മാരും എന്നു പണ്ടെ അവര്‍ പറയുന്നത്‌ തന്നെയാണ്‌. പച്ചപ്പകല്‍ മുസ്‌ലിം ചുറ്റുപാടില്‍നിന്ന്‌ ഒരു പെണ്‍കുട്ടിയെയും കാറില്‍ കയറ്റി കടന്നുകളയുന്നതിനെ ചോദ്യം ചെയ്യുന്ന സദാചാര പോലീസിനോട്‌ പറയുന്ന ഒറ്റമറുപടി മാത്രം മതി തിരക്കഥയുടെ തിരശ്ശീല പൊളിയാന്‍. “ഇത്‌ പാകിസ്ഥാനല്ല, ഇന്ത്യയാണ്‌.’ എന്ന കത്തുന്ന ഡയലോഗിന്റെ വിസ്‌ഫോടന പരിധി സാമൂഹികവും സാംസ്‌കാരികവും മാത്രമല്ല, ചരിത്രത്തിന്റെ കെട്ടുനാറുന്ന വര്‍ഗീയക്കുപ്പയിലെ ഇനിയും മണ്ണാകാത്ത ഒരു ദുഷ്‌ടവിചാരമാണത്‌. ഇന്ത്യവിരുദ്ധം പാകിസ്ഥാന്‍ എന്ന ദ്വന്ദം ഇവിടെ രാജ്യസ്‌നേഹത്തിന്റെ സിംബലാവുന്നതിനേക്കാള്‍ മുസ്‌ലിം പ്രഹേളനത്തിന്റെ മാര്‍ഗമാവുന്നതാണ്‌ ഏറെ കാണുന്നത്‌. `പച്ച’ പോലും ചോദ്യം ചെയ്യപ്പെടുന്നത്‌ അതുകൊണ്ടാണല്ലോ. ഫേസ്‌ബുക്കില്‍ ഇയ്യിടെ വമ്പിച്ച കൈയ്യടി നേടിയ ഒരു കാസര്‍ഗോഡന്‍ തമാശയുണ്ടായിരുന്നു. പച്ചവിരുദ്ധരുടെ പച്ചത്തൊലിയുരിഞ്ഞുകൊണ്ട്‌ ഒരു സുഹൃത്ത്‌ പോസ്റ്റു ചെയ്‌തു “പച്ചക്കറിയിലെ പച്ച എന്ന പദം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.” “പച്ചമാങ്ങയുടെ പച്ചക്കു പിന്നില്‍ പാകിസ്ഥാന്‍ -ബി.ജെ.പി” എന്നു തുടങ്ങുന്ന നര്‍മ്മങ്ങള്‍ ഇന്നാട്ടിലെ മുസ്‌ലിം വിരുദ്ധ കൂട്ടായ്‌മയുടെ പുതിയ കാഴ്‌ചപ്പാടില്‍നിന്നുമുടലെടുക്കുന്ന ഉപോല്‍പ്പന്നമാണ്‌.

ഒന്ന്‌ ചോദിക്കട്ടെ, കോട്ടയത്തെ നസ്രാണി കുടുംബത്തിലും പട്ടാമ്പി പട്ടരുടെ കുടുംബത്തിലും ചങ്ങനാശ്ശേരി നായരുടെ കുടുംബത്തിലുമില്ലാത്ത ഏതു ചട്ടുകം കൊണ്ടാണ്‌ മലബാറിലെ മുസ്‌ലിംകള്‍ പെണ്‍കുട്ടികളെ അടിച്ചമര്‍ത്തുന്നത്‌. കോളേജ്‌ വിട്ടു മടങ്ങുമ്പോള്‍ മഴ പെയുതു. കുടയില്ലാത്തെ വിഷമിച്ചവക സ്വന്തം ആങ്ങളയുടെ കുടയില്‍ കയറി അങ്ങാടിയിലൂടെ നടന്നതിന്റെ പേരില്‍ കുടുംബം ബഹിഷ്‌കരിച്ച ഇന്നാട്ടിലെ കമ്മൂണിസ്റ്റ്‌ പ്രമുഖയുടെ ആത്മകഥ `കനവും കണ്ണീരും’ വിനീത്‌ കണ്ടിട്ടുണ്ടാവുകയില്ല. ആ `പട്ടുസരസ്വതി’യുടെ കഥയും കുടക്കുമറയത്താക്കി വിളിച്ചുപറയാമായിരുന്നു. കത്തോലിക്കാ മഠങ്ങളിലും സന്യാസംഘാതങ്ങളിലും നടക്കുന്ന പെണ്‍വിരുദ്ധതയുടെ നാലിലൊന്നുപോലും മുസ്‌ലിം കേന്ദ്രങ്ങളില്‍നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല. സന്യാസിമാര്‍ക്ക്‌ ബലിയും കാണിക്കയുമര്‍പ്പിക്കപ്പെടുന്ന ഹിന്ദു- ദളിത്‌ സ്‌ത്രീത്വങ്ങളുടെ കഥയും ഇതുവരെ ക്യാമറക്കു മുമ്പിലെത്തിയിട്ടില്ല. പിന്നെയാകെയുള്ളത്‌ പര്‍ദ്ദയില്‍ പൊതിഞ്ഞ ദുരിതങ്ങളുടെ ഒരു ബ്ലൂപ്രിന്റാണ്‌. അച്ചില്‍വെച്ചു വെച്ചുതേഞ്ഞുപോയ ഒരു മടുത്ത മാടമ്പ്‌.

അല്ല, ഇനി സംവിധായകനും തിരക്കഥാകൃത്തും പറയുന്ന ഉപരിവിപ്ലവ സ്വാതന്ത്ര്യമാണോ കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ വേണ്ടത്‌? കൂട്ടുകുടുംബക്കാരുടെ മുമ്പിലിരുന്ന്‌ അന്യസമുദായക്കാരന്‌ പ്രണയലേഖമെഴുതാനുള്ള സ്വാതന്ത്ര്യം! ഇത്തരം സ്വര്‍ഗരാജ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നതിന്റെ മുമ്പിലെ ഏകമറ കാലം തിരിയാത്ത മൊല്ലമാരാണെന്നാണ്‌ കലയുടെ കാവാത്ത്‌ നിരത്തി ഇവര്‍ ഓരിയിടുന്നത്‌. തൊപ്പിയും കാലന്‍കുടയും എന്നുമവര്‍ക്ക്‌ വിവരക്കേടിന്റെ സിംബലാണ്‌. `ഹോട്ടലിലെ ഉസ്‌താദും’ പറഞ്ഞുതരുന്നത്‌ മറ്റൊരു കോളല്ല. ഗോളശാസ്‌ത്രത്തില്‍ “അയ്യൂബ്‌” എന്നൊരു കഥാപാത്രമുണ്ട്‌. ഒരു താരമാണത്‌. നക്ഷത്രം! വാനലോകത്ത്‌ സുരയ്യാ നക്ഷത്രത്തോടും (കാര്‍ത്തിക) മറ്റു ക്ഷിതിതാരങ്ങള്‍ക്കു വലിയ പ്രണയമാണ്‌. മറ്റു നക്ഷത്രങ്ങള്‍ സുരയ്യയുടെ സഞ്ചാരപഥത്തില്‍ കയറി പിന്നാലെ കൂടും. ഏറെക്കുറെ അടുത്തടുത്ത്‌ വരുമ്പോഴേക്കു ഇടയിലതാ `ഉസ്‌താദ്‌’ വന്നിരിക്കുന്നു; അയ്യൂബ്‌. ഒരു കട്ടുറുമ്പ്‌ നക്ഷത്രമാണത്‌. ആകാശത്തെ സദാചാര പോലീസ്‌. മാപ്പിള സമുദായത്തിലെ സുരയ്യ നക്ഷത്രങ്ങള്‍ക്കു പിറകില്‍ അയ്യൂബിനേക്കാള്‍ കൈയ്യൂക്കോടെ നില്‍ക്കേണ്ടതു ഉസ്‌താദിന്റെ ബാധ്യത കൂടിയാണ്‌. അതോര്‍ത്തു ആരും വിഷമിക്കേണ്ടതില്ല.
അതെ, മാനമുണ്ടെങ്കില്‍ തലശ്ശേരി പോലീസ്‌ മാനനഷ്‌ടത്തിനു സ്വന്തം സ്റ്റേഷനില്‍ കേസ്‌ കൊടുക്കണം. ഒളിച്ചോട്ടങ്ങള്‍ക്കു വളംവെക്കുന്നത്‌ അവരാണെന്നാണല്ലോ കഥ. പിന്നെ തട്ടം കേരളത്തിന്റെ വീക്ക്‌നെസ്‌ ആണെന്നാണ്‌ പുതിയ വരി. ശരിയാണല്ലോ. മറക്കു നല്ലത്‌ ഊരിവീഴാത്ത മക്കനയാണെന്ന്‌ പണ്ടെ `ഉസ്‌താദ്‌’ പറഞ്ഞതല്ലേ. ഏതായാലും ഉണ്ട്‌ കെട്ടോ, ഒന്നല്ല ഒരു കെട്ടു ചൂരലിന്റെ കമ്മി. ഈ പറങ്കിപ്പെണ്ണ്‌ മാന്തുമ്പോള്‍ കിട്ടുന്ന സുഖത്തിന്‌ കണ്ടെത്തിയമരുന്ന്‌ അതെയുള്ളൂ. -ശുഐബ് ഹൈത്തമി വാരാമ്പറ്റ