സമസ്ത സേവനം വിലമതിക്കാനാകാത്തത് : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ് : വരും തലമുറകളെ കുറിച്ചുള്ള പൂര്‍വ്വസൂരികളുടെ ഗുണകാംക്ഷയാണ് സമസ്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഉത്ഭവമെന്നും ഇന്ന് നാം കാണുന്ന സര്‍വ്വ ദീനീ പുരോഗത്തിക്കും സമുദായം കടപ്പെട്ടിരിക്കുന്നത് സമസ്തക്ക് നേതൃത്വം നല്‍കിയ ഉലമാഇനോടും ഉമറാഇനോടുമാണെന്നും റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഫാമിലി ക്ലസ്റ്ററില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സമസ്തക്ക് നേതൃത്വം നല്‍കിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ തുടങ്ങി കെ.ടി. മാനു മുസ്‍ലിയാരില്‍ എത്തി നില്‍ക്കുന്ന മരണപ്പെട്ടവരും ശൈഖുനാ കാളന്പാടി ഉസ്താദ്, ചെറുശ്ശേരി ഉസ്താദ് തുടങ്ങി ജീവിച്ചിരിക്കുന്നവരുമായ നേതൃത്വത്തെ മക്കള്‍ക്ക് പരിചയപ്പെടുത്തി സ്വാലിഹീങ്ങളെ ഇഷ്ടപ്പെടാനും അനുകരിക്കാനും മക്കളെ നാം പ്രേരിപ്പിക്കണമെന്നും സ്വാലിഹീങ്ങളായ സന്താന വളര്‍ച്ചക്കായി സമസ്ത നല്‍കുന്ന സേവനം വിലമതിക്കാത്തതാണെന്നും മുസ്തഫ ബാഖവി പെരുമുഖം പറഞ്ഞു. സമസ്ത നമ്മുടെ സന്താനങ്ങള്‍ക്ക് നല്‍കുന്നത് എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തില്‍ നിലനിന്നിരുന്ന മാല, മൗലിദ്, ആണ്ട് തുടങ്ങിയവ പൂര്‍വ്വ സൂരികളെ പുതിയ തലമുറ ഇഷ്ടപ്പെടാനും അനുകരിക്കാനും അറിയാനുമുള്ള നല്ല അവസരങ്ങളായിരുന്നുവെന്നും അവയില്‍ ബിദ്അത്ത് കണ്ടെത്തി എതിര്‍ത്തവര്‍ സമൂഹത്തില്‍ നിലനിന്നിരുന്ന നന്മകള്‍ നഷ്ടപ്പെടുത്തുകയും പകരം മറ്റൊന്ന് സൃഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്ന ദുരന്തമാണ് സമുദായത്തിന് നല്‍കിയതെന്ന് സന്താന പരിപാലനം നാം കാണാതെ പോകുന്നത് എന്ന വിഷയം അവതരിപ്പിച്ച അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പറഞ്ഞു. സമസ്തയും നേതാക്കളും എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് പ്രോഗ്രാമിന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആദൃശ്ശേരി നേതൃത്വം നല്‍കി. ഞാനിഷ്ടപ്പെടുന്ന സമസ്ത എന്ന വിഷയത്തില്‍ വനിതകള്‍ക്കായുള്ള പ്രബന്ധ മത്സരത്തിനുള്ള ലേഖനം സ്വീകരിക്കുന്ന അവസാന തിയ്യതി 02/02/2012 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉമര്‍ കോയ യൂണിവേഴ്സിറ്റി അദ്ധ്യക്ഷത വഹിച്ചു. എന്‍.സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് വളകൈ സ്വാഗതവും കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ നന്ദിയും പറഞ്ഞു. അലവിക്കുട്ടി ഒളവട്ടൂര്‍, അസീസ് പുള്ളാവൂര്‍, അബ്ദുല്ല ഫൈസി, ഹഫീദ്, സമദ് പെരുമുഖം, അബുട്ടി മാസ്റ്റര്‍, മസ്ഊദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി