നൂര്‍സി വായന കാലത്തിന്റെ അനിവാര്യത : സെമിനാര്‍

തിരൂരങ്ങാടി : സഈദ്‌ നൂര്‍സിയും ആധുനിക ഇസ്‌ലാമിക തുര്‍ക്കിയും എന്ന വിഷയത്തില്‍ ചെമ്മാട്‌ താജ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന സെമിനാര്‍ അവതരണമികവ്‌ കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നിരവധി പ്രശസ്‌ത പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും നേതൃത്വം നല്‍കിയ സെമിനാര്‍ സദസ്‌ ആദ്യാന്തം ശ്രോതാക്കളാല്‍ നിറഞ്ഞുനിന്നു. സഈദ്‌ നൂര്‍സി എന്ന തുര്‍ക്കി നവോത്ഥാന നായകന്റെ ജീവിതവും തത്വചിന്തയും സ്വാധീനവും അനാവരണം ചെയ്‌ത സെമിനാര്‍ സഈദ്‌ നൂര്‍സിയുടെ അനിവാര്യത സദസിന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു. 
സാമൂഹിക സംസ്‌കരണത്തില്‍ നൂര്‍സി നിര്‍വഹിച്ച അതുല്യ സേവനവും മക്ക-മദീന ജീവിതം ചെലുത്തുന്ന സ്വാധീനവും പ്രമേയമാക്കി ദുര്‍ഹം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:കോളിന്‍ ടര്‍നറും മുസ്‌ലിം സാമൂഹിക-രാഷ്‌ട്രീയ മണ്ഡലത്തില്‍ നൂര്‍സിയുടെ സ്വാധീനം വിശകലനം ചെയ്‌ത്‌ അലീഗഢ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ:ഫൈസല്‍ മാരിയാടും പ്രബന്ധമവതരിപ്പിച്ചു. രിസാലെ നൂറിലെ തൗഹീദ്‌ പരിസരം പ്രമേയമാക്കി തുര്‍ക്കി പാര്‍ലമെന്റ്‌ അംഗം കൂടിയായ രിസാ അക്കാലിയും മനുഷ്യ ഐക്യത്തിലും സമാധാനത്തിലും നൂര്‍സി ചെലുത്തിയ സ്വാധീനം വിശദീകരിച്ച്‌ അമേരിക്കയിലെ ഗോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:തോമസ്‌ മൈക്കലും അഹ്‌മദ്‌ സര്‍ഹിന്ദി നൂര്‍സി ചിന്തകളെ സ്വാധീനിച്ചതിനെക്കുറിച്ച്‌ ഡോ:ബഹാഉദ്ദീന്‍ ഹുദവിയും സാമൂഹിക ജീവിതവും മാനുഷികതയും നൂര്‍സി സമീപിച്ച രീതി വിശദീകരിച്ച്‌ തുര്‍ക്കിയിലെ യീല്‍ദിസ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:അല്‍പാസ്‌ലാന്‍ അസിക്കെന്‍സും രിസാലെ നൂര്‍ ആധുനിക മനുഷ്യന്റെ സാംസ്‌കാരിക കവാടം എന്ന വിഷയത്തില്‍ ഇഹ്‌സാന്‍ മുസ്‌തഫയും സംസാരിച്ചു. 
ഉച്ചക്ക്‌ ശേഷം നടന്ന സെഷനില്‍ ആത്‌മീയതയുടെ അനിവാര്യത വ്യക്തമാക്കി മക്‌ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:ബിലാല്‍ കുസ്‌പിനാറും സഈദ്‌ നൂര്‍സിയുടെ പ്രബോധന രീതി വിശദീകരിച്ച്‌ അലി കാഷ്യോസും സമാധാനവീക്ഷണത്തില്‍ നൂര്‍സിയുടെ കാഴ്‌ചപ്പാട്‌ അവതരിപ്പിച്ച്‌ അമേരിക്കയിലെ മാര്‍ക്വെറ്റ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ:ഇര്‍ഫാന്‍ ഉമറും വിശ്വാസത്തിന്റെ പ്രസക്തി വിശകലനം ചെയ്‌ത്‌ ജാമിഅ മില്ലിയ്യ പൊളിറ്റികല്‍ സയന്‍സ്‌ വിഭാഗം മേധാവി ഡോ:സയ്‌ദ്‌ അബ്‌ദുല്‍ മുഈനുല്‍ പാഷയും സംസാരിച്ചു. 
കേരളീയ സമൂഹത്തില്‍ പേരിന്‌ മാത്രം അറിയപ്പെട്ട തുര്‍ക്കിയുടെ ആത്മീയ പിതാവിനെ മലയാളക്കരക്ക്‌ പരിചിതമാക്കാന്‍ സെമിനാര്‍ വഴി സാധിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിത്യസ്‌ത ഘട്ടങ്ങളെയും സാമൂഹിക സംസ്‌കരണത്തില്‍ ഭരണകൂടത്തില്‍ നിന്ന്‌ ഏറ്റുവാങ്ങിയ പീഡനങ്ങളെയും ത്യാഗങ്ങളെയും പ്രതിപാദിച്ച്‌ നൂര്‍സി ഇന്നും തുര്‍ക്കി സമൂഹത്തില്‍ നിലനിര്‍ത്തുന്ന അല്‍ഭുതകരമായ സ്വാധീനവും ലോകം നൂര്‍സിയെ വീണ്ടും വായിക്കേണ്ടതിന്റെ അനിവാര്യതയും സെമിനാര്‍ മുന്നോട്ട്‌ വെച്ചു. ഇത്‌ വരെ നാല്‍പത്തി രണ്ട്‌ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട നൂര്‍സിയുടെ ഗ്രന്ഥം രിസാലെ നൂര്‍ നിര്‍വഹിക്കുന്ന പ്രഭാപ്രസരണവും അര്‍ത്ഥവ്യാപ്‌തിയും വ്യക്തമാക്കിയ സെമിനാര്‍ നൂര്‍സിയും രിസാലെ നൂറും ലോകത്ത്‌ വ്യാപിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. 
നൂര്‍സി എന്ന നവേത്ഥാന നായകന്‍ പിറവി കൊണ്ടില്ലായിരുന്നെങ്കില്‍ തുര്‍ക്കി സമൂഹം ഇന്നും ഇസ്‌ലാമിന്റെ ആദ്യപാഠങ്ങളില്‍ നിന്നും അകലെയാവുമായിരുന്നുവെന്ന സത്യം സെമിനാര്‍ പങ്കുവെച്ചു. കമാല്‍ അത്താ തുര്‍ക്ക്‌ എന്ന തികഞ്ഞ മതേതര വാദിയുടെ ഉരുക്കുമുഷ്‌ടിയില്‍ നിര്‍ജീവമായി ഇസ്‌ലാമിക അടയാളങ്ങള്‍ നിലനിര്‍ത്താനും പുനസ്ഥാപിക്കാനും സാധിച്ചതിനു പിന്നില്‍ നൂര്‍സി എന്ന മനുഷ്യന്റെ മാത്രം ഇച്‌ഛാശക്തിയായിരുന്നു എന്ന്‌ സെമിനാര്‍ വ്യക്തമാക്കി.