സമസ്‌തയുടെ പ്രയാണം പ്രവാചകന്‍ വരച്ച നേര്‍രേഖയിലൂടെ : ചെറുശ്ശേരി

കന്യാകുമാരി : സത്യം വേര്‍തിരിച്ചു കാണിക്കാന്‍ പ്രവാചകന്‍ വരച്ച നേര്‍രേഖയിലൂടെയാണ്‌ സമസ്‌തയുടെ പ്രയാണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. സമ്‌സത 85ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്ര കന്യാകുമാരി കുളച്ചലില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിശതെറ്റിയ ജനസമൂഹത്തിന്‌ നേര്‍വഴി കാണിക്കാന്‍ ഖുതുബുസ്സമാന്‍ സയ്യിദ്‌ അലവി തങ്ങള്‍ കൊളുത്തിയ ചൂട്ടുവെളിച്ചം നൂറ്റാണ്ടിനിപ്പുറവും പുതുതലമുറയിലേക്ക്‌ പകര്‍ത്താനായത്‌ സമസ്‌തയുടെ സഞ്ചാരപഥത്തിന്‌ വഴി തെറ്റിയില്ലെന്നതിന്‌ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 
മാനവികതയോടുള്ള ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചവരായിരുന്നു സമസ്‌തയുടെ മുന്‍കാല നേതാക്കളെന്നും അതില്‍നിന്ന്‌ വ്യതിചലിച്ചവര്‍ക്കാണ്‌ മാനവികത ഇന്ന്‌ പുതിയ വിഷയമായതെന്നും കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. സമസ്‌ത സന്ദേശ യാത്രക്ക്‌ ബീമാപള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.