മനുഷ്യജാലിക അടയാളപ്പെടുത്തുന്നത്‌


ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി
ബഹുസ്വരതയുടെ നാടാണ്‌ ഇന്ത്യ. ഭിന്നഭാഷകളും മതവൈവിധ്യങ്ങളും ആചാരഭേദങ്ങളും കൊണ്ട്‌ സമ്പന്നമായ രാജ്യം. രാജ്യത്തിന്റെ വൈവിധ്യം നമ്മുടെ നാടിന്റെ സാംസ്‌കാരിക ചരിത്രത്തിന്‌ നല്‍കിയ സംഭാവനകള്‍ വലുതാണ്‌. വ്യത്യസ്‌ത മതങ്ങളും ആശയങ്ങളും അവരവരുടേതായ മാര്‍ഗ്ഗങ്ങളിലേക്ക്‌ ജനതയെ ക്ഷണിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്നു, ഇന്ത്യയില്‍. ഒരുപക്ഷേ മറ്റൊരു രാജ്യത്തും നമുക്ക്‌ കാണാനാവാത്ത ഭിന്നാശയങ്ങളുടെ സംവാദസംവേദനങ്ങള്‍ ഇന്ത്യയില്‍ നിരന്തരം നടന്നു. ഇടക്കിടെ ഉണ്ടായ കലാപങ്ങളും വര്‍ഗ്ഗീയ ചേരിതിരിവും ഇതിന്റെയൊക്കെ മറ്റൊരു പാര്‍ശ്വഫലമായിരിക്കുമ്പോഴും ഭാരതത്തിന്റെ ജനകീയ ഐക്യവും ദേശബോധവും അനന്യമാണ്‌. 

പ്രവാചകരുടെ കാലത്തുതന്നെ കേരളത്തിലെത്തിയ പരിശുദ്ധ ഇസ്‌ലാം ഇന്ത്യയുടെ, വിശിഷ്യ കേരളത്തിന്റെ സാംസ്‌കാരിക സഹിഷ്‌ണുതയോട്‌ അടുത്തു നിന്നാണ്‌ വളര്‍ന്നുവന്നത്‌. കേരളത്തിന്റെ തനതു പാരമ്പര്യങ്ങളില്‍ മതനിഷ്‌ഠക്ക്‌ വിഘാതമാവാത്തതിനെ ആദാനം ചെയ്‌തും, ഇസ്‌ലാമികാശയത്തിന്റെ ഗരിമ മനസ്സിലാക്കിയവര്‍ക്ക്‌, മതത്തിന്റെ സമത്വവും സാമൂഹികനന്മയും പ്രദാനം ചെയ്‌തുമാണ്‌ ഇസ്‌ലാം വളര്‍ന്നത്‌. ഈ കൊണ്ടുകൊടുക്കലുകള്‍ സുഭദ്രമായ ഒരു സാമൂഹിക സൗഹൃദം കേരളത്തിലെ ഹിന്ദു മുസ്‌ലിം സമൂഹത്തിനിടയില്‍ ഉണ്ടാക്കി. പോര്‍ച്ചുഗല്‍ അധിനിവേശത്തിനെതിരായി പടപൊരുതിയ മുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാമിക രീതിയില്‍ ജീവിക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യവും സൗകര്യവും ചെയ്‌തുകൊടുത്തത്‌ സാമൂതിരി മഹാരാജാവായിരുന്നു. സാമൂതിരിയും മഖ്‌ദൂം പണ്‌ഡിതന്മാരും തുടങ്ങി ഇങ്ങ്‌ പാണക്കാട്‌ കുടുംബവും സമസ്‌തയുടെ പണ്ഡിതവരേണ്യരും കാട്ടിത്തന്ന മഹിതപാരമ്പര്യവും സൗഹൃദശീലങ്ങളും പൊതുസമാധാനം നിലനില്‍ക്കാനാവശ്യമായ കരുതല്‍ ആയിരുന്നു. 

ഈ സൗഹൃദം നിലനിര്‍ത്താനാവുന്ന സമീപനങ്ങള്‍ക്ക്‌ വിരുദ്ധമായി കേരളത്തിലും ഇന്ത്യയൊട്ടുക്കും തന്നെ ചില നീക്കങ്ങള്‍ അല്‍പബുദ്ധികളായ ചില മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ ഉണ്ടായ സാഹചര്യത്തിലാണ്‌ ``രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍'' എന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും `മനുഷ്യജാലിക' സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌. 

രാജ്യത്തിന്റെ പുരോയാനത്തിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും സൗഹൃദവും സമാധാനവും പ്രധാനമാണ്‌. നാടിന്‌ വേണ്ടി ഒരുമിക്കാനും ത്യാഗം ചെയ്യാനും ശ്രമിക്കുന്ന ആ യുവതലമുറയുടെ ബോധവല്‍കരണമാണ്‌ ഇത്‌ വഴി ലക്ഷ്യമാക്കുന്നത്‌. ഭിന്നിച്ചും ഭയം വിതറിയും ഒരു വിഭാഗത്തിന്‌ സമാധാനത്തോടെ ജീവിക്കാനാവില്ല. മറിച്ച്‌, പരസ്‌പരവിശ്വാസവും സൗഹൃദവുമാണ്‌ ഒരു നാടിന്‌ പുരോഗതി നല്‍കുക എന്നത്‌ ഈ `ജാലിക' പ്രവര്‍ത്തനത്തിന്റെ അതിപ്രധാനമായ ആശയമാണ്‌. എന്നാല്‍ ഈ `ജാലിക' മുന്നില്‍ വയ്‌ക്കുന്ന മറ്റൊരു കാര്യം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുസ്‌ലിം ഇന്ത്യയുടെ പരിതാപകരമായ സാമൂഹികാവസ്ഥയാണ്‌. സ്വാതന്ത്ര്യത്തിനു ശേഷം, പലതിന്റയും പേരില്‍ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു ജനതയുടെ അപകര്‍ഷബോധം അപഹാസ്യമായ പിന്നോക്കാവസ്ഥയാണ്‌ സമ്മാനിച്ചത്‌. സ്വാതന്ത്ര്യാനന്തര മുസ്‌ലിം ചുറ്റുവട്ടം, വര്‍ഗ്ഗീയകലാപത്തിലും കുറ്റപ്പെടുത്തലുകളിലും ആരും തിരിഞ്ഞുനോക്കാത്ത ഒരു പരാധീന ജീവിതത്തിന്റ ബാക്കിപത്രമായിരുന്നു. 

ഒന്നാം യു.പി.എ. മന്ത്രിസഭ നിശ്ചയിച്ച ജസ്റ്റീസ്‌ രജീന്ദ്രസച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്‌. റിപ്പോര്‍ട്ട്‌ പറയുന്നപ്രകാരം മുസ്‌ലീങ്ങളുടെ സാമൂഹികാവസ്ഥ ദലിത്‌ ജനവിഭാഗത്തിന്‌ തൊട്ടുമുകളിലും എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ ദയനീയവുമാണെന്നാണ്‌(The socio - economic condition of the Muslim communities is abysmally low, that it is just above that of the daits and may be worse than that of the O.B.C). 

സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ട്‌ പിന്നിടുമ്പോഴും ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിന്റെ ദുരിതജീവിതത്തെയാണ്‌ ആധികാരികമായി സച്ചാര്‍ കമ്മീഷന്‍ വരച്ചുകാട്ടുന്നത്‌. മുഖ്യധാരയിലേക്ക്‌ വരാനാവാത്ത വിധമുള്ള ഒറ്റപ്പെടലുകള്‍, വിദ്യാഭ്യാസരംഗത്ത്‌ സംഭവിച്ചുപോയ പിന്നോക്കാവസ്ഥ, ഭീകരതയുടെ പേരില്‍ നടത്തപ്പെട്ട അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍, രാജ്യസംവിധാനങ്ങള്‍ നോക്കിനില്‍ക്കേ, നടത്തപ്പെട്ട കൂട്ടക്കുരുതികളും മസ്‌ജിദ്‌ ധ്വംസനങ്ങളും, ഒരു ജനതയുടെ അപകര്‍ഷബോധത്തിന്റെ നൂറ്‌ കാരണങ്ങള്‍ കമ്മീഷന്‍ സവിസ്‌തരം നിരത്തുന്നുണ്ട്‌. ഭരണകൂടങ്ങള്‍ നിസ്സംഗമായി നില്‍ക്കുകയും, കണ്ണടക്കുകയും ചെയ്‌തതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച്‌ തീര്‍ത്തവര്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ ഏറ്റവും ദുരിതം സഹിച്ച പിതാക്കളുടെ അനന്തരാവകാശികളും രാജ്യം ഭരിച്ച മഹാചക്രവര്‍ത്തിമാരുടെ പിന്‍തലമുറയുമാണ്‌. അന്യം നിന്നുപോയ നീതിയുടെ ഭീകരതയാണ്‌ സച്ചാര്‍ റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചത്‌. 

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരച്ചിടുന്ന പരാധീനതകളുടെ ചിത്രം ഭീകരമാണ്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ അവസ്ഥയുടെ നേര്‍ക്കാഴ്‌ചകള്‍ വിശദമായ ഒരു വായനക്കപ്പുറത്ത്‌ നില്‍ക്കുന്ന വിധം ഭീകരമാണ്‌. മാറിവരുന്ന ഗവണ്‍മെന്റുകള്‍ നടത്തുന്ന വാഗ്‌ദാനങ്ങള്‍ക്കപ്പുറത്ത്‌ കേന്ദ്രസര്‍ക്കാരിന്റെ നേരിയ ശ്രദ്ധ പതിയുന്നുണ്ടെന്നത്‌ ആശ്വാസകരമാണ്‌. ഔദ്യോഗികരംഗത്ത്‌ പിന്നോക്കാവസ്ഥകള്‍ മാറിയിട്ടില്ല, കേരളത്തില്‍ പോലുമെന്ന്‌ സച്ചാര്‍ കണക്ക്‌ നിരത്തുന്നുണ്ട്‌. മുന്നേറ്റത്തിനും പുരോഗതിക്കും ഇനിയും കൂട്ടായ യത്‌നങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌, ഈ കണക്കുകള്‍. 

സുപ്രധാനമായ ഒരു കാര്യം, സൗഹൃദവും പൊതുസമൂഹത്തിന്റെ അംഗീകാരവും നേടിയെടുത്ത കേരള മുസ്‌ലിംസമാജത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമാണ്‌. ഇന്ത്യയിലെ ഏതൊരു പ്രദേശത്തേക്കാളും മുന്നില്‍ നടക്കാന്‍ കേരള മുസ്‌ലിംങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്ങനെ സാധ്യമായി എന്നതാണ്‌ സമുദായത്തിലെ യുവത്വത്തെ ആയുധമണിയിക്കാനും തീവ്രവാദികളാക്കാനും ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്‌. കേരള മുസ്‌ലിം സമൂഹം കാത്തുസൂക്ഷിച്ച പാരമ്പര്യവും പൊതുസൗഹൃദവുമാണ്‌ ഈ മുന്നേറ്റത്തിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചത്‌. പരമ്പരാഗതമായ ഇസ്‌ലാമിക ചിന്തയും മതസൗഹൃദവും മുസ്‌ലിം കേരളത്തിന്റെ പാരമ്പര്യമായിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ, സാമൂതിരിയോടൊപ്പം നിന്ന്‌ രാജ്യത്തിനായി പൊരുതിയവരുടെ മതപാരമ്പര്യം തന്നെയാണ്‌, മമ്പുറം തങ്ങളിലൂടെയും വെളിയങ്കോട്‌ ഉമര്‍ഖാളിയിലൂടെയും പ്രകാശിച്ചത്‌. നാടിന്റെ നാനാത്വത്തെ ഉള്‍ക്കൊള്ളാനും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താനും സാധിച്ച പഴയകാല പാരമ്പര്യം നിലനിര്‍ത്തിയത്‌ യഥാര്‍ത്ഥത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്‌. 

സുകൃത പൈതൃകങ്ങള്‍ കാത്ത്‌ സൂക്ഷിച്ച സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ വിപ്ലവം അദ്വിതീയമാണ്‌. ലോകത്തിന്‌ തന്നെ മാതൃകയാകുന്ന മദ്രസാ പ്രസ്ഥാനവും ഉന്നത പഠന കലാലയങ്ങളും സമസ്‌തയുടെ വിശുദ്ധ നേതൃത്വം പണിതുവെച്ചത്‌ കൊണ്ടാണ്‌ കേരളം വ്യത്യസ്‌തമായത്‌. കേരളത്തിനു പുറത്ത്‌ നിന്ന്‌ വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക ചിന്തകരുമെല്ലാം ഈ വസ്‌തുത വിസ്‌മയപൂര്‍വ്വം സമ്മതിച്ചത്‌ ഒരുപാട്‌ കണ്ടവരും കേട്ടവരുമാണ്‌ നാം. കേരളത്തിലെ പൊതുസമൂഹത്തിന്റെ അംഗീകാരവും ഇന്ത്യയുടെ ജനാധിപത്യ സംസ്‌കൃതിയുടെ ഗുണഫലങ്ങളും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ നേതൃത്വം കൊടുത്ത പാണക്കാട്‌ കുടുംബവും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംസംഘടിത ശക്തിയുമെല്ലാം ബുദ്ധിപൂര്‍വ്വവും നീതിയുക്തവും സര്‍വ്വോപരി ആ ശാസനകള്‍ക്ക്‌ വിധേയവുമായ ഇത്തരം മാതൃകകളെ ഉയര്‍ത്തിപ്പിടിച്ചു. ജനാധിപത്യത്തിനു പകരം ഇഖാമത്തുദ്ദീനും ഹുകുമത്തുല്‍ ഇസ്‌ലാമും പറഞ്ഞു നടന്ന്‌ യുവാക്കളെ തീവ്രവാദത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ താത്വികാടിത്തറ പണിത ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ നേതൃത്വത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നവരും വഴിമുടക്കികളായി നിന്നപ്പോഴാണ്‌, സമസ്‌ത വിദ്യാഭ്യാസ വിപ്ലവത്തിന്‌ ആര്‍ജ്ജവത്തോടെ നേതൃത്വം നല്‍കിയത്‌. അത്‌ വിജയിച്ചതാവട്ടെ, നാടിന്റെ പൊതുസൗഹൃദം നിലനിര്‍ത്തിയ അതിനായി പരിശ്രമിച്ച സയ്യിദ്‌ അബ്‌ദുര്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍, സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ എന്നീ മഹാരഥന്മാരായ സയ്യിദുമാരുടെ മഹനീയ സാന്നിധ്യം കൊണ്ടുമാണ്‌. 

സമസ്‌തയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഫെബ്രുവരി 23 - 26 വരെ മലപ്പുറം ജില്ലയിലെ വേങ്ങര, കൂരിയാട്‌ നടക്കാനിരിക്കെയാണ്‌, നാടിന്റെ നന്മക്കും സൗഹൃദത്തിനുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മനുഷ്യജാലിക തീര്‍ക്കുന്നത്‌. കേരള മുസ്‌ലിം പൈതൃകത്തിന്റെ കാവല്‍ക്കാരായി, മുസ്‌ലിം നവോത്ഥാനത്തിന്‌ കാരണക്കാരായി മാറിയ ഒരു വലിയ പ്രസ്ഥാനം മഹാസമ്മേളനത്തിനായി കാത്തിരിക്കുമ്പോള്‍, മാതൃസംഘടനയുടെ അരികുപറ്റി, ആശീര്‍വാദവും അംഗീകാരവും നേടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. രാഷ്‌ട്രരക്ഷക്കായി, സൗഹൃദത്തിനായി ഭീകരതക്കെതിരെ, വര്‍ഗീയ വിപത്തിനെതിരെ, ഒരുമിച്ച്‌ നില്‍ക്കാന്‍ ആഹ്വാനം ചെയ്‌ത മനുഷ്യജാലിക തീര്‍ക്കുന്നത്‌. എന്തുകൊണ്ടും പ്രസക്തമായ ഒരു സമയത്താണ്‌ സംഘടന കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നടത്തുന്ന നാടിന്റെ മുക്തകണ്‌ഠ പ്രശംസയ്‌ക്ക്‌ കാരണമായ ഈ മാനവ ഐക്യസംഗമം.