അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സ്‌; അമ്പതിലധികം വിദേശ പ്രതിനിധികള്‍ സംബന്ധിക്കും

തിരൂരങ്ങാടി : തുര്‍ക്കിയിലെ ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചറിന്റെ ആഭിമുഖ്യത്തില്‍ 29ന്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ അമ്പതില്‍പരം വിദേശ പ്രതിനിധികള്‍ വാഴ്‌സിറ്റിയിലെത്തും. ആധുനിക മുസ്‌ലിം ചിന്താലോകത്തെ വിപ്ലവാത്മക സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ നൂരിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ സഈദ്‌ നൂര്‍സിയും ആധുനിക തുര്‍ക്കിയും എന്ന വിഷയത്തില്‍ ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാരടക്കം പ്രമുഖര്‍ പ്രബന്ധമവതിരിപ്പിക്കും.
യു.എസ്‌.എ യിലെ ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.തോമസ്‌ മിഷേല്‍, ഡോ. ഫാരിസ്‌ കയ (സെക്രട്ടറി ജനറല്‍, ഇസ്‌തംബൂള്‍ ഫൊണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍), ഡോ. യൂനുസ്‌ സെന്‍ഗല്‍(മെമ്പര്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌),ഡോ. ബിലാല്‍ കുസ്‌പിനാര്‍(പ്രൊഫസര്‍, ഹിസ്റ്ററി ഓഫ്‌ ഫിലോസഫി ആന്‍ഡ്‌ ഇസ്‌ലാമിക്‌ ഫിലോസഫി, അഹ്‌ലിയ്യ യൂനിവേഴ്‌സിറ്റി, മനാമ കിങ്‌ഡം ഓഫ്‌ ബഹ്‌റൈന്‍), ഡോ. അല്‍ഫ്‌സ്‌ലാല്‍ അസിക്‌ന്‍ഗ്‌(ഹെഡ്‌ ഓഫ്‌ പി.ജി സെക്ഷന്‍, യില്‍ദിസ്‌ യൂനിവേഴ്‌സിറ്റി, ഇസ്‌തംബൂള്‍, തുര്‍ക്കി), ഡോ. ഇര്‍ഫാന്‍ ഉമര്‍,( പ്രഫസര്‍, തിയോളജി ഡിപ്പാര്‍ട്ടമെന്റ്‌, മാര്‍ക്കെദി യൂനിവേഴ്‌സിറ്റി, യു.എസ്‌.എ), ഡോ. കോളിന്‍ ടര്‍ണര്‍ ( റീഡര്‍ ഇന്‍ ഇസ്‌ലാമിക്‌ തോട്ട്‌, ദര്‍ഹം യൂനിവേഴ്‌സിറ്റി, യു.കെ), ഡോ. സയ്യിദ്‌ ഫരീദാ അത്താസ്‌(ഹെഡ്‌ ഓഫ്‌ മലായ്‌ സറ്റഡീസ്‌, സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, സിംഗപൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി, ഹള്‌റമീ സ്റ്റഡീസ്‌ സ്‌പെഷലിസ്റ്റ്‌), സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ മഹ്‌മദ്‌ ഫിരിന്‍സി, രിസാലയേ നൂര്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ഇഹ്‌സാന്‍ ഖാസിം അസ്സ്വലാഹി തുടങ്ങി വിവിധ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്‍പതോളം അന്താരാഷ്‌ട്ര പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സിനെത്തുക.
രാവിലെ ഒമ്പത്‌ മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെ നടക്കുന്ന സെമിനാറില്‍ ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ തിയോളജിസ്റ്റുകളും ഗവേഷകരുമടക്കം പ്രമുഖര്‍ സംബന്ധിക്കും. വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ പൊതുസമ്മേളനമാരംഭിക്കും.