ഹുബ്ബുറസൂല്‍ മീലദ് കാന്പയിന്‍; മുസ്തഫല്‍ ഫൈസിയും ശൈഖ് ഖല്‍ഫാനും മുഖ്യാതിഥികള്‍

മസ്കത്ത് : ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ഈ വര്‍ഷത്തെ നബിദിനം സമുചിതമായി ആഘോഷിക്കാന്‍ മസ്കത്ത് സുന്നീ സെന്‍റര്‍ തീരുമാനിച്ചു. മൗലിദ് പാരായണം, നബിദിന സന്ദേശ പ്രഭാഷണങ്ങള്‍, പൊതു സമ്മേളനം, മുഖാമുഖം, ഡെഡിഗേറ്റ്സ് മീറ്റ്, കുടുംബ സംഗമം, മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ബുര്‍ദ മജ്‍ലിസ്, പ്രവര്‍ത്തക സംഗമം തുടങ്ങിയ പരിപാടികളാണ് റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ നടക്കുന്ന ഹുബ്ബുറസൂല്‍ മീലാദ് കാന്പയിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ എല്ലാ ദിവസവും രാത്രി പത്ത് മണിക്ക് സുന്നീ സെന്‍റര്‍ ഓഫീസില്‍ മൗലദ് പാരായണം നടക്കും. റബീഉല്‍ അവ്വല്‍ 12 ന് രാവിലെ 6 മണിക്ക് സുന്നീ സെന്‍റര്‍ മദ്റസയില്‍ വെച്ച് നടക്കുന്ന മൗലിദ് പാരായണത്തില്‍ നിരവധി പേര്‍ പങ്കെടുക്കും.
സമസ്ത സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം മസ്കത്തിലെത്തുന്ന പ്രമുഖ പണ്ഡിതനും വാഗ്മിയും ഗ്രന്ഥ രചയിതാവുമായ മുസ്തഫല്‍ ഫൈസി നബിദിന പരിപാടികളില്‍ മുഖ്യ അതിഥിയായിരിക്കും. ഫെബ്രുവരി 4 ന് വൈകീട്ട് എട്ട് മണിക്ക് അല്‍ ഫലാജ് ലീ ഗ്രാന്‍റ് ഹാളില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസിക്ക് പുറമെ ശൈഖ് ഖല്‍ഫാന്‍ അല്‍ ഐസരി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി സാഹിബ് എന്നിവര്‍ പങ്കെടുക്കും. അന്ന് വൈകീട്ട് അഞ്ച് മണിക്ക് അതേ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
നൌഫല്‍ ഹുദവി