അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌ ഫാ.തോമസ്‌ മിഷേല്‍ അമേരിക്ക ഉദ്‌ഘാടനം ചെയ്യും

(http://www.thomasmichel.us/ for more details on inaugurator)

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ ജനുവരി 29 ന്‌ നടക്കുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌ ഫാ.തോമസ്‌ മിഷേല്‍ ഉദ്‌ഘാടനം ചെയ്യും. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചറിന്റെ ആഭിമുഖ്യത്തിലാണ്‌ കോണ്‍ഫറന്‍സ്‌.

ചിക്കാഗോയില്‍ നിന്നും ഇസ്‌ലാമിക്‌ തിയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടിയ അമേരിക്കക്കാരനായ ഫാ.തോമസ്‌ മിഷേല്‍ വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അന്താരാഷ്‌ട്ര തലത്തില്‍ നിരവധി അവാര്‍ഡുകള്‍ക്ക്‌ അര്‍ഹനായ അദ്ദേഹം സഈദ്‌ നൂര്‍സി തുടങ്ങിയ മുഖ്യധാരാ മുസ്‌ലിം ചിന്തകരെ കുറിച്ച ബൃഹത്തായ പുസ്‌തകത്തിന്റെ കര്‍ത്താവ്‌ കൂടിയാണദ്ദേഹം.
കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപനത്തിന്‌ ശേഷം ഇന്തൊനീഷ്യയിലെ സനാത ധര്‍മ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ്‌ തിയോളജിയില്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ പ്രൊഫസറായും സേവനമനുഷ്‌ഠിച്ചിരുന്നു.
കൂടാതെ അമേരിക്ക, ഫിലിപ്പീന്‍സ്‌, തായ്‌ലാന്റ്‌, മലേഷ്യ, വത്തിക്കാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ വിവിധ വൈജ്ഞാനിക മേഖലകളിലായി പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ തുര്‍ക്കിയിലാണ്‌ താമസം.
ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്താലോകത്ത്‌ വിപ്ലവാത്മക സാന്നിധ്യമായിരുന്ന ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സിയുടെ ഖുര്‍ആന്‍ ആഖ്യാന ഗ്രന്ഥമായ രിസാലയേ-നൂറിനെ മുന്‍നിര്‍ത്തിയാണ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌. അറബ്‌ ലോകത്തെ മാറിയ സാഹചര്യത്തില്‍ തുര്‍ക്കി മോഡല്‍ ജനാധിപത്യത്തിന്റെ ഇടവും തീവ്ര മതേതരത്വത്തില്‍ നിന്ന്‌ അനുകരണീയ നിലയിലേക്കുള്ള തുര്‍ക്കിയുടെ പരിണാമവും കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാവും.
ഡോ.ഫാരിസ്‌ കയ (സെക്രട്ടറി ജനറല്‍, ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍, തുര്‍ക്കി), ഡോ.യൂനുസ്‌ സെന്‍ഗല്‍ (മെമ്പര്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌), ഡോ.തോമസ്‌ മിഷേല്‍ (അക്കാദമിക്‌ കൗണ്‍സില്‍ ഓഫ്‌ ദി സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്‌ത്യന്‍ അന്‍ഡര്‍സ്റ്റാന്‍ഡിംഗ്‌, ജോര്‍ജ്‌ടൗണ്‍ യൂനിവേഴ്‌സിറ്റി, വാഷിംഗ്‌ടണ്‍, യു. എസ്‌. എ. മുന്‍ ലക്‌ചറര്‍, ബര്‍മിംഗ്‌ഹാം യൂനിവേഴ്‌സിറ്റി, ഇംഗ്ലണ്ട്‌), ഡോ.ബിലാല്‍ കുസ്‌പിനാര്‍ (പ്രഫസര്‍, ഹിസ്റ്ററി ഓഫ്‌ ഫിലോസഫി & ഇസ്‌ലാമിക്‌ ഫിലോസഫി, അഹ്‌ലിയ്യ യൂനിവേഴ്‌സിറ്റി, മനാമ, കിങ്‌ഡം ഓഫ്‌ ബഹ്‌റൈന്‍), ഡോ.അല്‍ഫ്‌സ്‌ലാന്‍ അസിക്‌ജെന്‍ഗ ്‌( ഹെഡ്‌ ഓഫ്‌ പി.ജി സെക്ഷന്‍, യില്‍ദിസ്‌ യൂനിവേഴ്‌സിറ്റി, ഇസ്‌താംബൂള്‍, തുര്‍ക്കി), ഡോ. ഇര്‍ഫാന്‍ ഉമര്‍, (പ്രഫസര്‍, തിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, മാര്‍ക്കെദി യൂനിവേഴ്‌സിറ്റി, യു.എസ്‌.എ), ഡോ. കോളിന്‍ ടര്‍ണര്‍ (റീഡര്‍ ഇന്‍ ഇസ്‌ലാമിക്‌ തോട്ട്‌, ദര്‍ഹം യൂനിവേഴ്‌സിറ്റി. യു.കെ), ഡോ. സയ്യിദ്‌ ഫരീദ്‌ അത്താസ്‌ (ഹെഡ്‌ ഓഫ്‌ മലായ്‌ സ്റ്റഡീസ്‌, സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ്‌, സിംഗപൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി, ഹള്‌റമി സ്റ്റഡീസ്‌ സ്‌പെഷലിസ്റ്റ്‌), സഈദ്‌ നൂര്‍സിയുടെ ശിഷ്യന്‍ മഹ്‌മദ്‌ ഫിരിന്‍സി, രിസാലയേ നൂര്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ഇഹ്‌സാന്‍ ഖാസിം അസ്സ്വാലിഹി തുടങ്ങി വിവിധ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരും ഗവേഷകരുമടക്കം അന്‍പതോളം അന്താരാഷ്‌ട്ര പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സിനെത്തുക.
പുറമെ, ഇന്ത്യയിലെ പ്രമുഖ തിയോളജിസ്റ്റുകളുടെയും ഗവേഷകരുടെയും പ്രശസ്‌ത ഇസ്‌ലാമിക ചിന്തകരുടെയും പണ്ഡിതരുടെയും സാന്നിധ്യമുണ്ടാവും.