സമസ്ത 85-ാം വാര്‍ഷികം : സമ്മേളന പ്രചാരണം ശ്രദ്ധേയമായി

പ്രചാരണ യോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം
 മുഖ്യപ്രഭാഷണം നടത്തുന്നു
ജുബൈല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തിന്‍റെ പ്രചാരണ യോഗം ശ്രദ്ധേയമായി. സൗദി കിഴക്കന്‍ പ്രവിശ്യ ജുബൈല്‍ SYS, SKSSF കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രചാരണ യോഗം പ്രവാസികള്‍ക്ക് നവ്യാനുഭവമായി. ജുബൈല്‍ SYS ഓഫീസില്‍ നടന്ന പ്രചാരണ യോഗത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. നാട്ടില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്പോള്‍ മറുനാട്ടിലുള്ള പ്രവാസികള്‍ക്കും ഭാഗവാക്കാകാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് പ്രവര്‍ത്തകര്‍. പ്രചരണ പൊതുയോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഇടപെടലുകളാണ് കേരളീയ സമൂഹത്തില്‍ ദിശാബോധം നല്‍കിയതെന്നും കേരള മുസ്‍ലിംകളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം സമസ്തയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ദിശാബോധമാണ് സമസ്തയിലൂടെ കേരള സമൂഹത്തിന് കിട്ടിയതെന്ന് അദ്ദേഹം ഉണര്‍ത്തി.
നൂറുദ്ദീന്‍ മുസ്‍ലിയാര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫാസ് മുഹമ്മദ് അലി നിര്‍വ്വഹിച്ചു. സമ്മേളന പ്രമേയവും സമസ്തയെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തക പരിജയപ്പെടുത്തലും പ്രകാശന കര്‍മ്മവും റാഫി ഹുദവി നിര്‍വ്വഹിച്ചു. കബീര്‍ ഫൈസി പുവ്വത്താണി, ജലാലുദ്ദീന്‍ ഫൈസി ദമ്മാം, ഹംസ സാഹിബ് മണ്ണാര്‍ക്കാട്, റാഫി താനൂര്‍, സൈനുദ്ധീന്‍ ബാഖവി, നൌഷാദ് കെ.എസ്.പുരം, അസീസ് കാരന്തൂര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം കൂടരഞ്ഞി ഖിറാഅത്ത് നടത്തി.