തിരുകേശലക്ഷ്യം ധന സമ്പാദനം : അബ്ബാസലി തങ്ങള്‍


കോഴിക്കോട്: തിരുകേശമെന്ന പേരില്‍ രണ്ടുതവണകളായി കാന്തപുരത്തിന് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കേശം പ്രവാചകന്റെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്രയും കാലം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പരസ്യമായി മാപ്പുപറയണമെന്ന് സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച 'തുറന്ന സംവാദം' ആവശ്യപ്പെട്ടു
പ്രവാചക കേശത്തിന് ആധികാരികരേഖ മര്‍കസ് സമ്മേളനത്തില്‍ പരസ്യമായി വായിക്കുകയും പിന്നീട് രേഖ അബൂദബിയിലാണെന്ന് പറയുകയും ചെയ്യുന്നത് പ്രവാചകനുമായി ബന്ധപ്പെടുത്തി ചെയ്യുന്ന ഗുരുതരമായ പാതകമാണ്.
മതത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മുസ്‌ലിം സമുദായത്തിന് അപമാനകരമാണെന്നും സംവാദം അഭിപ്രായപ്പെട്ടു.
പ്രവാചകകേശത്തിന്റെ മറപിടിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്താനുള്ള ശ്രമമാണ് ഇതിലൂടെ പുറത്തുവന്നത്.
സമുദായത്തിനകത്ത് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ മാത്രം പള്ളികള്‍ പണിത കാന്തപുരം വിഭാഗം ഈ കേശത്തിന്റെ മറവില്‍ പള്ളി നിര്‍മിക്കുന്നതും ദുരദ്ദേശ്യപരമാണ്.
പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാദി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ് എന്നിവര്‍ സംസാരിച്ചു.
ഉമര്‍ ഫൈസി മുക്കം, സി.എസ്.കെ. തങ്ങള്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും അബൂബക്കര്‍ ഫൈസി മലയമ്മ നന്ദിയും പറഞ്ഞു.