കോഴിക്കോട് : താന്‍ സംബന്ധിച്ച സമ്മേളന
വേദിയില്‍ വെച്ച് അറബ് സഹോദരന് കൈമാറിയ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തന്റെ
സാന്നിധ്യം തെളിവാകില്ലെന്നും മുടിക്ക് തന്റെ അംഗീകാരമുണ്ടെന്ന പ്രചരണം
തെറ്റാണെന്നും ഈജിപ്ത് ഗ്രാന്റ് മുഫ്ത്തി ഡോ. അലി ജുമുഅ
പ്രസ്താവിച്ചു.
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക
സമ്മേളനാനന്തരം പ്രമുഖ പണ്ഡിതന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുമായി അഭിപ്രായം
പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബി(സ്വ)യുടെ മുടിയാണോ എന്ന് സംശയമുള്ള
സാഹചര്യത്തില്‍ മുടിക്ക് നിഴലുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളന വേദിയില്‍ അലി ജുമുഅ ഉണ്ടായിരുന്നതും അദ്ദേഹം ഇതിനെ
എതിര്‍ത്ത് സംസാരിക്കാത്തതും തത്പര കക്ഷികള്‍ വലിയ തെളിവായി തെരുവ് തോറും
പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡോ. അലി ജുമുഅയുടെ ഈ പ്രസ്താവന. ഈജിപ്തിലെ
മസ്ജിദ് ഹുസൈനിയിലെ തിരുകേശം ഇപ്രകാരം ഞങ്ങള്‍ പരിശോധിച്ച്
ഉറപ്പുവരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഇന്ത്യന്‍
പ്രതിനിധിയായാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സെനഗലിലെത്തിയത്.