ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സെനഗല്‍ അന്താരാഷ്‌ട്ര ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സിലേക്ക്‌


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും അന്താരാഷ്‌ട്ര മുസ്‌ലിം പണ്‌ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി രാജ്യാന്തര മുസ്‌ലിം പണ്‌ഡിത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലിലേക്ക്‌ തിരിച്ചു. ലോകത്തെ അറുപതോളം മുസ്‌ലിം രാഷ്‌ട്രങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തിലുള്ള ഈ രാജ്യാന്തര പരിപാടിയില്‍ ഒ.ഐ.സി ചെയര്‍മാന്‍ കൂടിയായ റിപ്പബ്ലിക്ക്‌ ഓഫ്‌ സെനഗല്‍ പ്രസിഡന്റ്‌ അബ്‌ദുല്ലാ വാദിന്റെ ക്ഷണമനുസരിച്ചാണ്‌ ഡോ.നദ്‌വി പങ്കെടുക്കുന്നത്‌. 
ഒ.ഐ.സിയുടെ ഇപ്പോഴത്തെ അധ്യക്ഷരാജ്യമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കാറില്‍ ജൂണ്‍ 6,7,8 തിയ്യതികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ഐ.ഡി.ബി, ഇസിസ്‌കോ, മുസ്‌ലിം വേള്‍ഡ്‌ ലീഗ്‌ തുടങ്ങിയ അന്താരാഷ്‌ട്ര മുസ്‌ലിം സംഘടനകളും ലോകത്തെ പ്രമുഖ മുസ്‌ലിം പണ്‌ഡിതരുമാണ്‌ പങ്കെടുക്കുന്നത്‌. 
1969-ല്‍ മൊറോക്കോ തലസ്ഥാനമായ റബാത്തില്‍ രൂപീകൃതമായതും ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഒ.ഐ.സിയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ മുന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി ഡോ.അക്‌മലുദ്ദീന്‍ ഇഹ്‌സാന്‍ ആണ്‌. മുസ്‌ലിം സമുദായത്തെയും അറബ്‌-മുസ്‌ലിം രാഷ്‌ട്രങ്ങളെയും ബാധിക്കുന്ന വിദ്യാഭ്യാസം, ശാസ്‌ത്രം, ടെക്‌നോളജി, വ്യവസായം, വാണിജ്യം,മനുഷ്യാവകാശ മേഖലകള്‍ തുടങ്ങിയ ബഹുമുഖ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്ന നദ്‌വി ഇതിനകം മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. 
ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌ നല്‍കിയ യാത്രയയപ്പില്‍ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷനായിരുന്നു. പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.