കേന്ദ്രമെഡിക്കല്‍ കോളേജ് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം: SKSSF

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ പതിനാറ് കേന്ദ്രസര്‍വ്വകാലശാലകള്‍ അനുവദിച്ചപ്പോള്‍ അതിന്റെ കൂടെ ആറ് മെഡിക്കല്‍ കോളേജുകളും നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ നിന്ന് ഒരു സര്‍വ്വകലാശാലയും ഒരു മെഡിക്കല്‍ കോളേജും കാസര്‍കോട് ജില്ലയ്ക്കാണ് അനുവദിച്ചത്. ഇപ്പോള്‍ ഫണ്ടിന്റെ ലഭ്യത കുറവാണെന്നും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്നുമുളള കേന്ദ്രത്തിന്റെ തീരുമാനം പുനര്‍പരിശോധിക്കണമെന്നും ജില്ലയ്ക്ക് അനുവദിക്കപ്പെട്ട കേന്ദ്ര മെഡിക്കല്‍ കോളേജ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ ഇവിടത്തേക്ക് പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പാക്കേജായി അനുവദിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മൊയ്തു ചെര്‍ക്കള, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.