ഹജ്ജ്: ആദ്യവിമാനം സപ്തംബര്‍ 29ന്


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ്കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്കുള്ള ആദ്യവിമാനം സപ്തംബര്‍ 29ന് പുറപ്പെടും. ഒക്ടോബര്‍ 31വരെയായിരിക്കും തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള സര്‍വീസുകള്‍ നടക്കുക. ഹാജിമാരുടെ മടക്കയാത്ര നവംബര്‍ 10ന് ആരംഭിക്കും. ഡിസംബര്‍ 10വരെ സര്‍വീസുകള്‍ തുടരും. കോഴിക്കോട്ടെ ഹജ്ജ് സര്‍വീസ് ഏത് കമ്പനിയാണ് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് വിമാനക്കമ്പനിയായ നാസ് എയര്‍വെയ്‌സുമാണ് രാജ്യത്തുനിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ നാസ് എയര്‍വെയ്‌സിനാണ് കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് സര്‍വീസിന്റെ ചുമതല നല്‍കിയിരുന്നത്. ഈവര്‍ഷവും അവര്‍ക്കുതന്നെ സര്‍വീസ് നല്‍കാനാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി ആവശ്യപ്പെടുക.
അതേസമയം ഹജ്ജ് നറുക്കെടുപ്പില്‍ സീറ്റ് ലഭ്യമായവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്ര ഹജ്ജ്കമ്മിറ്റി നീട്ടി. ജൂലായ് 25നകം അര്‍ഹരായവര്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. നേരത്തെ ജൂണ്‍ 15നകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. ഹജ്ജ് നറുക്കെടുപ്പ് ഒരുമാസത്തോളം വൈകിയതോടെ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാനും വിദേശത്തുള്ള അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും 15 ദിവസം മാത്രമാണ് ലഭ്യമായത്. ഇതുമൂലം വിദേശത്തുള്ള അപേക്ഷകര്‍ക്ക് സ്‌പോണ്‍സറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനോ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനോ സാധിക്കില്ല എന്ന അവസ്ഥ വന്നിരുന്നു. 500 പ്രവാസികള്‍ക്കാണ് നറുക്കെടുപ്പിലൂടെ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവരുടെ യാത്ര മുടങ്ങുന്നതോടെ ഇവരുടെ കവറില്‍ അപേക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് തീര്‍ഥാടകരുടെ യാത്ര മുടങ്ങുമെന്ന അവസ്ഥ വന്നിരുന്നു.
അതോടൊപ്പം രക്തബന്ധമുള്ള പുരുഷന്മാരോടൊത്ത് മാത്രമെ സ്ത്രീകള്‍ ഹജ്ജ്കര്‍മത്തിന് അപേക്ഷിക്കാവൂ എന്ന നിബന്ധനയില്‍ ഇളവ് നല്‍കാനും കേന്ദ്ര ഹജ്ജ്കമ്മിറ്റി തീരുമാനിച്ചു. കവറിലെ രക്തബന്ധമുള്ള അപേക്ഷകന്‍ മരിക്കുന്നപക്ഷം പുതിയ ആളെ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്ക് അപേക്ഷ നല്‍കാന്‍ അനുവാദം നല്‍കും. ഇത്തരത്തില്‍ തിരുത്തല്‍ വേണ്ടവര്‍ ഹജ്ജ്കമ്മിറ്റിയുമായി ബന്ധപ്പെടണം. ഹജ്ജ് അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് നല്‍കണമെന്ന നിയമം അടുത്തവര്‍ഷം മുതല്‍ കര്‍ശനമാക്കാനും കേന്ദ്ര ഹജ്ജ്കമ്മിറ്റി തീരുമാനിച്ചു. ഈവര്‍ഷം മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ബാഗേജ് ഏകീകരിക്കാനും തീരുമാനമായി. ഹജ്ജ്കമ്മിറ്റിതന്നെ ഒരേതരത്തിലുള്ള ബാഗേജുകള്‍ തീര്‍ഥാടകര്‍ക്ക് നല്‍കും. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത് തടയാനും ഹജ്ജ് വേളയില്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ ബാഗേജുകള്‍ പെട്ടെന്ന് തിരിച്ചറിയാനുമാണ് ഈ നടപടി.