വിശ്വാസികള്‍ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
തിരൂരങ്ങാടി : സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ വിശ്വാസിസമൂഹം ധാര്‍മ്മികമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആത്മീയതയിലൂന്നിയ ജീവിതം നയിക്കണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍. ഇന്ന്‌ ഏറെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയതയുടെ യഥാര്‍ത്ഥ വശങ്ങള്‍ മനസ്സിലാക്കാനും ജനങ്ങള്‍ ശ്രമിക്കണം. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി ഹിദായ നഗറില്‍ സംഘടിപ്പിച്ച മിഅ്‌റാജ്‌ ദിന ദുആ സമ്മേളനത്തിന്റെ സമാപന സംഗമം ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ധര്‍മനിഷ്‌ഠമായ ജീവിതമാണ്‌ മനുഷ്യനെ വിജയത്തിലേക്കു നയിക്കുകയെന്നും യുവതലമുറയുടെ തീരാത്ത സമസ്യകള്‍ക്ക്‌ ആത്മീയത മാത്രമാണ്‌ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ദാറുല്‍ഹുദാ വൈസ്‌ പ്രസിഡണ്ട്‌ എസ്‌. എം. ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ സി.കോയക്കുട്ടി മുസ്‌ലിയാര്‍ ദിക്‌ര്‍ ദുആക്ക്‌ നേതൃത്വം നല്‍കി. എസ്‌.വൈ.എസ്‌. സംസ്ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മിഅ്‌റാജ്‌ ദിന പ്രഭാഷണം നടത്തി.
അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത്‌-ദുആ മജ്‌ലിസിനും വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്‌.എം ജിഫ്‌രി തങ്ങള്‍ കക്കാട്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കടലുണ്ടി, അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.എസ്‌ സൈതലവി കോയ തങ്ങള്‍ ജമലുല്ലൈലി വെളിമുക്ക്‌, സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്‌ദുള്ള കോയ തങ്ങള്‍ മമ്പുറം, , സി.എച്ച്‌ ബാപുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍, കെ.ടി ബശീര്‍ ബാഖവി, സൈതാലിക്കുട്ടി ഫൈസി കോറാട്‌, കാടേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ്‌ ഫൈസി ഇരുമ്പുഴി, പി.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌, കെ.എം.സൈതലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും യു.ശാഫി ഹാജി ചെമ്മാട്‌ നന്ദിയും പറഞ്ഞു.