ഹജ്ജ്: പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ സപ്തംബര്‍ 15വരെ അവസരം


കരിപ്പൂര്‍: പ്രവാസികളായ ഹജ്ജ് അപേക്ഷകര്‍ക്ക് സപ്തംബര്‍ 15വരെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരം നല്‍കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി തീരുമാനിച്ചു. മറ്റുള്ളവര്‍ക്ക് ഇത് ജൂലായ് 25 ആയിരിക്കും. സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ പാസ്‌പോര്‍ട്ട് സ്വീകരിക്കുന്ന അവസാന തീയതിയും ജൂലായ് 25 ആയിരിക്കും. ഇതിനുശേഷം സമര്‍പ്പിക്കുന്ന പ്രവാസികള്‍ പാസ്‌പോര്‍ട്ടുകള്‍ മുംബൈയിലെ കേന്ദ്ര ഹജ്ജ്കമ്മിറ്റി ആസ്ഥാനത്തെത്തിക്കണം. ഇതോടൊപ്പം വ്യത്യസ്ത കവറുകളിലായി അപേക്ഷ സമര്‍പ്പിച്ച ബന്ധുക്കളായവര്‍ക്ക് ഒന്നിച്ചുപോവാന്‍ അവസരമൊരുക്കാന്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ക്ക് സ്വാതന്ത്ര്യം നല്‍കും. കോഴിക്കോട്ടുനിന്ന് ഹജ്ജ് സര്‍വീസിനുള്ള അനുമതി ഏത് വിമാനക്കമ്പനിക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ, സൗദി എയര്‍, നാസ് എയര്‍, അല്‍- വസീര്‍ എയര്‍ ഗ്രൂപ്പ് എന്നിവയാണ് ഇന്ത്യയില്‍നിന്ന് ഹജ്ജ് സര്‍വീസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ താമസസ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയായിവരികയാണ്. ഗ്രീന്‍ കാറ്റഗറിയിലെയും വൈറ്റ് കാറ്റഗറിയിലെയും താമസ കെട്ടിടങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അസീസിയ കാറ്റഗറിയില്‍ മാത്രമാണ് ഇനി താമസസൗകര്യം ഏറ്റെടുക്കാനുള്ളത്. തീര്‍ഥാടകര്‍ക്ക് ഏകീകൃത ബാഗേജുകള്‍ നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി അറിയിച്ചു. ബാഗേജുകള്‍ വിതരണംചെയ്യാനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചപ്പോള്‍ ഒരു ക്വട്ടേഷന്‍ മാത്രമാണ് ലഭിച്ചത്. ഇതുമൂലം കരാര്‍ ഉറപ്പിക്കാനാവാത്ത അവസ്ഥയിലാണ് ഹജ്ജ്കമ്മിറ്റി.
ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഒരു കാരണവശാലും 45 കിലോയില്‍ കൂടുതല്‍ ബാഗേജ് കൂടെക്കൊണ്ടുവരാന്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി അറിയിച്ചു.1,70,000 ഹജ്ജ് സീറ്റുകളാണ് ഭാരതസര്‍ക്കാരിന് സൗദി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 1,04,000 മാത്രമാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയത്. 45,000 സീറ്റുകളോളം സ്വകാര്യ ഹജ്ജ്ഗ്രൂപ്പുകള്‍ക്ക് നല്‍കി. 21,000 സീറ്റുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശം നീക്കിയിരിപ്പുണ്ട്. ഇവ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എം.പിമാര്‍ക്ക് നല്‍കുന്ന ക്വാട്ടയിലെ തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നത് ഹജ്ജ്കമ്മിറ്റി വെയ്റ്റിങ്‌ലിസ്റ്റില്‍നിന്നാവണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.