ഹാജിമാരെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങുന്നു
റിയാദ്: അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിശുദ്ധ മക്കാനഗരി അണിഞ്ഞൊരുങ്ങുന്നു. ലോകത്തെമ്പാടുമുള്ള മുസ്ലിം തീര്‍ത്ഥാടകര്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരൊറ്റ മനസുമായി സംഗമിക്കുമ്പോള്‍ ഏറ്റവും മികച്ച സൗകര്യം തന്നെ അതിഥികള്‍ക്ക് നല്‍കാനാണ് സഊദി സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മക്കാ നഗരിയില്‍ വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ഹാജിമാര്‍ക്ക് താമസിക്കാനായി ഹോട്ടലുകളും ഫ്ളാറ്റുകളും റസിഡന്‍ഷ്യല്‍ സെന്ററുകളുമായി സ്വകാര്യ മേഖലയും വികസന വിപ്ലവത്തില്‍ പങ്കാളികളാകുന്നു. 25ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് കഴിഞ്ഞ തവണ ഹജ്ജിനെത്തിയത്. ഇത്തവണ ഇതില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മക്ക പുതിയ യുഗത്തിലേക്ക് കടന്നുവരികയാണ് മക്ക ഹില്‍ടണ്‍ ആന്റ് ടവേഴ്സ് വൈസ് പ്രസിഡന്റും പ്രോജക്ട് മാനേജറുമായ ശുജാ സെയ്ദി ഇപ്പോഴത്തെ വികസന പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ജബല്‍ ഒമറിന്റെ നിര്‍മാണ വൈദഗ്ധ്യത്തില്‍ ഉയരുന്ന ഹോട്ടലുകള്‍ക്കായി മക്കാ ഹില്‍ടണ്‍ മുടക്കുന്നത് 550 കോടി യു.എസ് ഡോളര്‍. 26 പുതിയ ഹോട്ടലുകളിലായി 13,000ത്തിലധികം റൂമുകള്‍ ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജീകരിച്ചുകഴിഞ്ഞു. എങ്കിലും എല്ലാ തീര്‍ത്ഥാടകരെയും ഉള്‍കൊള്ളാന്‍ ഇപ്പോഴുള്ള സൗകര്യം പര്യാപ്തമാണെന്ന വിശ്വാസം ഇവര്‍ക്കില്ല. ലോക മുസ്ലിംകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടിവരുമെന്ന് ഇവര്‍ പറയുന്നു. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി 60 ലക്ഷം പേരെങ്കിലും പ്രതിവര്‍ഷം മക്കയിലെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമ സ്ഥാനം നിലകൊള്ളുന്ന മദീന പട്ടണവും അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ടലുകളും ഫ്ളാറ്റുകളുമെല്ലാം ഇവിടെയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ മക്കമദീന പ്രദേശങ്ങളിലായി 12,000 കോടി യു.എസ് ഡോളറിന്റെയെങ്കിലും പദ്ധതികള്‍ നടപ്പാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മക്കയില്‍മാത്രം നിലവില്‍ 2,000 കോടി യു.എസ് ഡോളറിന്റെ പദ്ധതികള്‍ നിര്‍മാണത്തിലിരിക്കുന്നുണ്ട്.