അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥി സമ്മേളനം : പ്രബന്ധാവതരണത്തിന്‌ ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍


തിരൂരങ്ങാടി : തുര്‍ക്കിയിലെ ഇസ്‌തംബൂളില്‍ നടക്കുന്ന അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്താന്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ഷണം. ദാറുല്‍ ഹുദാ പി.ജി വിദ്യാര്‍ത്ഥികളായ സുഹൈല്‍ ഹിദായ, അലി അസ്‌ലം, സുഹൈല്‍ വിളയില്‍ എന്നിവര്‍ക്കാണ്‌ തുര്‍ക്കിയിലെ ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചറിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്‌.

ഈ മാസം പതിനെട്ട്‌, പത്തൊമ്പത്‌ തിയ്യതികളിലായി നടക്കുന്ന ഇന്റര്‍നാഷണല്‍ യങ്‌ അക്കാഡമീഷ്യന്‍സ്‌ കോണ്‍ഫറന്‍സില്‍ വിവിധ ലോകരാഷ്‌ട്രങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നായി ഒട്ടേറെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്‌. കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളിലായി മൂവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും സാമൂഹ്യശാസ്‌ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ ആന്‍ഡ്‌ റിലേറ്റഡ്‌ സയന്‍സസ്‌ വിഭാഗത്തില്‍ പി.ജി ചെയ്യുന്ന സുഹൈല്‍ ഹിദായയാണ്‌ കോണ്‍ഫറന്‍സിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്‌. തെളിച്ചം മാസികയുടെ അസോസിയേറ്റ്‌ എഡിറ്ററായ ഇദ്ദേഹം ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയുടെ പുത്രനാണ്‌. 
കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവരാണ്‌ അലി അസ്‌ലം, സുഹൈല്‍ വിളയില്‍ എന്നിവര്‍. ദാറുല്‍ ഹുദായിലെ ഖുര്‍ആന്‍ ആന്‍ഡ്‌ റിലേറ്റഡ്‌ സയന്‍സസ്‌, ദഅ്‌വ ആന്‍ഡ്‌ കംപാരറ്റീവ്‌ റിലീജ്യന്‍സ്‌ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്‌ ഇരുവരും ഇപ്പോള്‍ പഠനം നടത്തുന്നത്‌.

ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, പ്രോ ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അലിഗഡ്‌ മുസ്‌ലിം യൂനിവേഴ്‌സിറ്റി കോര്‍ട്ട്‌ മെമ്പര്‍ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ മൂവരെയും അഭിനന്ദിച്ചു.  
ഇതോടനുബന്ധിച്ച്‌ ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി യൂനിയന്‍ സംഘടിപ്പിച്ച യാത്രയയപ്പ്‌ സംഗമവും നടന്നു.