മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിതമാക്കി നല്‍കണം - സമസ്ത


തിരുവനന്തപുരം: സിലബസ്, പാഠപുസ്തകം എന്നിവയുടെ നിര്‍മാണത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മതവിരുദ്ധ പാഠഭാഗങ്ങള്‍ കടന്നുകൂടാതിരിക്കുന്നതിനും പുസ്തക നിര്‍മാണ സമിതി, കരിക്കുലം കമ്മിറ്റി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി, ഹയര്‍ സെക്കന്‍ഡറി സമിതി എന്നിവയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിതമാക്കി പുനഃക്രമീകരിക്കുക, എം.എസ്.ആര്‍. ഉള്ള അധ്യാപകര്‍ക്കും പണ്ഡിതര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക, മുസ്‌ലിം വിവാഹം മഹല്ലുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.

സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദീന്‍ മുസലിയാരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവര്‍ക്കും സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് പുറമെ നിവേദനം നല്‍കി.

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസലിയാര്‍, സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസലിയാര്‍, കെ.മുഹമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, പി.കെ.മുഹമ്മദ് ഹാജി എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.