അനാഥാലയങ്ങള്‍; ദുരൂഹമായ പ്രതികരണങ്ങള്‍ അപലപനീയം : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍

കുവൈത്ത് സിറ്റി : കേരളത്തിലെ അനാഥാലയങ്ങളില്‍ പ്രവേശനം നേടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേയുണ്ടായ മനുഷ്യത്വ രഹിതവും ക്രൂരവുമായ സമീപനവും അതോടനുബന്ധിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ  മാധ്യമ കോലാഹലങ്ങളും അപലപനീയമാണെന്ന് കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ വസ്തുതാ പരമായി മനസ്സിലാക്കുന്നതിനു പകരം 'മനുഷ്യക്കടത്ത് ' എന്ന് പേരിട്ട് അതിന്റെ മറവില്‍ യതീം ഖാനകളെയും മറ്റ് മുസ്‌ലിം സ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കാനും ഇകഴ്ത്തിക്കാണിക്കാനും നടക്കുന്ന ശ്രമങ്ങള്‍ ദുരൂഹമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നാഷേധിക്കപ്പെട്ട പട്ടിണി പാവങ്ങളായ അനാഥകള്‍ക്കും അഗതികള്‍ക്കും മികച്ച വിദ്യാഭ്യാസവും ഭക്ഷണവുമുള്‍പെടെയുള്ള സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കി കൊടുത്ത്, ഭരണകൂടം ചെയ്യാതെ പോയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കപ്പെടാവുന്നതല്ല. അന്യ  സംസ്ഥാനങ്ങളില്‍ പോയി ധര്‍മ്മ സ്ഥാപനങ്ങള്‍ സ്ഥാപിക്കട്ടെയെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തികച്ചും ധിക്കാരപരമാണ്. ഇത്തരം നീക്കങ്ങള്‍ ഏതു കോണില്‍ നിന്നുണ്ടായാലും ചെറുത്തു തോല്‍പിക്കേണ്ടതാണെന്നും യോഗം ചൂണ്ടിക്കാണിച്ചു.
പ്രസിഡന്റ് ഉസ്മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറമ്പ്, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി , മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. ഗഫൂര്‍ ഫൈസി പൊന്‍മള സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.
- kuwait islamic center iclamic center