മുസ്‌ലിം സമുദായം വളര്‍ച്ചയില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുക:ഡോ:പി നസീര്‍


തിരൂരങ്ങാടി: മുസ്‌ലിം സമുദായം ഒരുപാട് വളര്‍ച്ച കൈവരിച്ചെങ്കിലും ഇതര സമുദായങ്ങള്‍ മുമ്പേ നേടിയെടുത്ത വികസനങ്ങള്‍ നേടിയെടുത്തിട്ടില്ലെന്നും അതിനുള്ള പ്രശ്‌ന പരിഹാരമായിരിക്കണം ഇനി സമുദായത്തിന്റെ ചര്‍ച്ചാ വിഷയമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ: പി നസീര്‍.ദാറുല്‍ ഹുദായില്‍ വെച്ചു നടന്ന സുന്നിമഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചു നടന്ന -മഹല്ല് നേതൃത്വം കാലം തേടുന്ന കാതലായ മാറ്റം- സെഷനില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിം വികസനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ന്യൂനപക്ഷ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പതിവി അവകണനാ നിലപാട് മാറ്റി നിറുത്തി അവ സ്വന്തമാക്കാന്‍ മഹല്ല് നേതൃത്വം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതബോധമില്ലാത്ത വിദ്യാര്‍ത്ഥി-യുവജന വിഭാഗത്തെ സമുദ്ധരിക്കാന്‍ മഹല്ലു നേതൃത്വം മുന്‍കൈ എടുക്കണമെന്ന് അനുഗ്രഹ ഭാഷണം നിര്‍വ്വഹിക്കവെ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു
വഖ്ഫ് ബോഡിനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും മുസ്‌ലിം സമുദായം വൈകിക്കൂടെന്ന് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ:സൈനുദ്ദീന്‍ സാഹിബ് പറഞ്ഞു.സെഷനില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇന്ന് മുസ്‌ലിം സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലിശരഹിത ധനസഹായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചടങ്ങില്‍ എസ് എം എഫ് മലപ്പുറം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാണ് മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍,ദാറുല്‍ ഹുദാ വിസി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,റഹീം മാസ്റ്റര്‍ ചുഴലി തുടങ്ങിയവര്‍ സംബന്ധിച്ചു