സമൂഹത്തില്‍ യതീംഖാനകളുടെ പങ്ക് വലുത് - ഹൈദരലി ശിഹാബ് തങ്ങള്‍


ഫറോക്ക്: സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്ക് യതീംഖാനയുടെ പങ്ക് വലുതാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അനാഥരെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. അനാഥരെ സംരക്ഷിക്കുന്നവര്‍ ദീനിനെ കളവാക്കുന്നവരാണെന്നും തങ്ങള്‍ പറഞ്ഞു. കരുവന്‍തിരുത്തി ബാഫഖി തങ്ങള്‍ സ്മാരക യതീഖാന 40-ാം വാര്‍ഷിക സമ്മേളനം വെന്‍മരത്ത് ഉമര്‍കോയ മുസ്‌ല്യാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സ്വാഗതസംഘം ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷതവഹിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കേരള പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. നന്മകള്‍ മാത്രമാണ് എണ്ണിത്തിട്ടപ്പെടുത്താനുള്ളത്. ജീവിതത്തിലും മരണാനന്തരവും നന്മ ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കണം ജീവിതവും പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളുമെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. എളമരം കരീം മുഖ്യാതിഥിയായിരുന്നു. 
സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി. വീരാന്‍, വി. മുഹമ്മദ്ബശീര്‍, മുഹമ്മദ് ശരീഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി. സോണ്‍ ജേതാക്കളായ ഇ.എം.ഇ.എ. കോളേജ് സംഘം അവതരിപ്പിച്ച മാപ്പിള കലാവിരുന്നും നടന്നു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം കേരള വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.സി. മായിന്‍ഹാജി, ഹമീദ് ഫൈസി, എ.പി. അബ്ദുല്‍കരീം ഹാജി, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംബന്ധിക്കും. രാത്രി ദു ആ സദസ്സിന് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.