രാജ്യത്തു നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ പരമോന്നത കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇത്തരം കേസുകള്‍ പണം നല്‍കി ഒതുക്കിത്തീര്‍ക്കാമെന്ന് വ്യാമോഹിക്കേണ്ട എന്ന ശക്തമായ സന്ദേശമാണ് ജസ്റ്റിസുമാരായ ആഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങുന്ന ബഞ്ച് നല്‍കിയത്. വ്യാജ ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നുവെങ്കില്‍ ജഡ്ജിമാരായി ഇരിക്കുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത് എന്നുവരെ കോടതി ചോദിക്കുകയുണ്ടായി.
മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് പരിശോധിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
1990 കള്‍ക്ക് ശേഷം അധോലോക കുറ്റവാളികളെ നേരിട്ട് വകവരുത്താന്‍ മുംബൈ പൊലീസ് തയ്യാറാക്കിയ ഓപറേഷനുകളാണ് ഏറ്റുമുട്ടല്‍ കൊലയെന്ന പേരില്‍ രാജ്യത്ത് പ്രസിദ്ധമായത്. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകള്‍
(ഏറ്റുമുട്ടല്‍ വിദഗ്ധര്‍) എന്ന പുതിയ വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാലയളവില്‍ പൊലീസിലുണ്ടാകുകയും അവര്‍ക്ക് നായക പരിവേഷം ലഭിക്കുകയും ചെയ്തു. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളായിരുന്നു ഏറ്റുമുട്ടല്‍ കൊലകളുടെ ആദ്യകാല കേന്ദ്രങ്ങള്‍. ക്രിമിനലുകള്‍ക്ക് 'വേഗത്തില്‍ നീതി' നടപ്പാക്കാനെന്ന പേരില്‍ ആവിഷ്‌കരിച്ച ഈ പൊലീസ് മുറയാണ് പില്‍ക്കാലത്ത് ദുരുപയോഗം ചെയ്യപ്പെട്ടത്. സര്‍വീസിലെ സ്ഥാനക്കയറ്റം, ധീരതാ പുരസ്‌കാരങ്ങള്‍, രാഷ്ട്രീയ നേട്ടങ്ങള്‍ തുടങ്ങിയവക്കായി ഇവ ഉപയോഗിക്കപ്പെട്ടു.
(ഏറ്റുമുട്ടല്‍ വിദഗ്ധര്‍) എന്ന പുതിയ വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാലയളവില്‍ പൊലീസിലുണ്ടാകുകയും അവര്‍ക്ക് നായക പരിവേഷം ലഭിക്കുകയും ചെയ്തു. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളായിരുന്നു ഏറ്റുമുട്ടല്‍ കൊലകളുടെ ആദ്യകാല കേന്ദ്രങ്ങള്‍. ക്രിമിനലുകള്‍ക്ക് 'വേഗത്തില്‍ നീതി' നടപ്പാക്കാനെന്ന പേരില്‍ ആവിഷ്‌കരിച്ച ഈ പൊലീസ് മുറയാണ് പില്‍ക്കാലത്ത് ദുരുപയോഗം ചെയ്യപ്പെട്ടത്. സര്‍വീസിലെ സ്ഥാനക്കയറ്റം, ധീരതാ പുരസ്‌കാരങ്ങള്‍, രാഷ്ട്രീയ നേട്ടങ്ങള്‍ തുടങ്ങിയവക്കായി ഇവ ഉപയോഗിക്കപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യത്തു 440 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കൊല നടന്നത് ഉത്തര്‍പ്രദേശിലാണ്; 231 എണ്ണം. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് ഇപ്രകാരം-രാജസ്ഥാന്‍ (33), മഹാരാഷ്ട്ര (31), ഡല്‍ഹി (26), ആന്ധ്രപ്രദേശ് (22), ഉത്തരാഞ്ചല്‍ (19). 2008 ജൂണ്‍- 2011 ജൂണ്‍ കാലയളവില്‍ 369 വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഏറെ പരാതിയുള്ള കശ്മീരില്‍ നിന്ന് 2010-11 ല്‍ മാത്രം 11ഉം 2007-09 ല്‍ 14ലും കേസുകളാണ് കമ്മീഷനു മുമ്പിലെത്തിയത്. 2007 നും 12നുമിടയില്‍ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 1617 കേസുകള്‍ ലഭിച്ചതായി മനുഷ്യാവകാശ കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ കേസുകളിലെല്ലാം പണം നല്‍കി ഒതുക്കിത്തീര്‍ക്കുന്ന പതിവാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി കഴിഞ്ഞ അഞ്ചുവര്‍ഷം 191 കേസുകളില്‍ 10.51 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കമ്മീഷന്‍ വെളിപ്പെടുത്തുന്നു. അന്വേഷണ ശേഷം വ്യാജ ഏറ്റുമുട്ടലാണ് എന്ന് തെളിയിക്കപ്പെട്ട കേസുകളില്‍ 5-10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇങ്ങനെ കേസ് ഒതുക്കിത്തീര്‍ക്കുന്നതിനെയാണ് ഇപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. പണത്തേക്കാള്‍ മൂല്യമേറിയതാണ് മനുഷ്യജീവന്‍ എന്ന് സര്‍ക്കാറിനെ ബോധിപ്പിക്കുകയായിരുന്നു സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടലുകള്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവിന്റെ അടയാളമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണമല്ല ശക്തമായ നടപടിയാണ് വേണ്ടതെന്ന് സര്‍ക്കാറിനെ കോടതി ഓര്‍മപ്പെടുത്തുകയും ചെയ്തു.
ഇത്തരം കൊലപാതകങ്ങള്‍ 21-ാം വകുപ്പ് പ്രകാരം ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്ന് പറയാതെ വയ്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്വയം പ്രതിരോധം ഉറപ്പുനല്‍കുന്ന 97,103 വകുപ്പുകള്‍, സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം എന്നിവയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ക്കായി ദുരുപയോഗം ചെയ്യുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തികച്ചും ആസൂത്രിതമായതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള എല്ലാ കേസുകളും സിവില്‍ കോടതിയുടെ പരിധിയില്‍ വിചാരണ ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്.
സര്‍വീസിലെ സ്ഥാനക്കയറ്റത്തിനായി കേട്ടു പരിചയിച്ച വ്യാജഏറ്റുമുട്ടലുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഗുജറാത്തിലാണ് ഉപയോഗിക്കപ്പെട്ടത്. ഗുജറാത്തില്‍ 2004, '05 വര്‍ഷങ്ങളില്‍ നടന്ന ഇഷ്‌റത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു ഇത്തരം കൊലപാതകങ്ങള്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രേെമാഡിയെ കൊലപ്പെടുത്താന്‍ വരുന്ന സംഘം എന്ന വ്യാജേനയാണ് സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിനെപൊലീസ് വകവരുത്തിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി വരെ ഇടപെട്ട സംഭവമായിരുന്നു ഇത്. ലഷ്‌കറെ ത്വയ്ബ തീവ്രവാദികള്‍ എന്ന ലേബല്‍ നല്‍കിയാണ് ഇഷ്‌റത്ത് ജഹാന്‍ എന്ന 19 കാരി പെണ്‍കുട്ടിയെയും മൂന്ന് യുവസുഹൃത്തുക്കളെയും പൊലീസ് വെടിവെച്ചുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി റാങ്കിലുള്ള ഡി.ജി വന്‍സാര എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജയിലിലാണ്.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നിലനില്‍ക്കുന്ന കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം കൊലപാതകങ്ങള്‍ സര്‍വസാധാരണമാണ്. സൈനികന്‍ കുറ്റം ചെയ്താല്‍ സൈനിക കോടതിയില്‍ മാത്രമേ വിചാരണ നടക്കൂ എന്ന അഫ്‌സ്പ നിയമത്തിലെ നിര്‍ദേശമാണ് ഇത്തരം കൃത്യങ്ങള്‍ക്ക് തണലൊരുക്കുന്നത്. രാജ്യസുരക്ഷയുടെ പേരില്‍ പൗരന്റെ സുരക്ഷിതത്വം തകര്‍ക്കുന്ന ഇത്തരം കരിനിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പൗരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. ഭരണഘടനാപരമായ ഈ അവകാശം പ്രായോഗികമായി ഉറപ്പു നല്‍കുന്നതിലൂടെ മാത്രമേ ക്ഷേമരാഷ്ട്രം എന്ന സ്വപ്‌നം പൂര്‍ണമാകൂ.