ദമ്മാം: രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ എങ്ങനെ അതി ജയിക്കുമെന്നറിയാതെ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സാധാരണക്കാരായ തൊഴില്‍ കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില വസ്തുതകള്‍ കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനു സഊദി അധികൃതര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന നിയമ നടപടികള്‍ക്ക് മുമ്പ് ഇഖാമ ചുകപ്പിലായവര്‍ സുരക്ഷിത മായ മാര്‍ഗങ്ങള്‍ തേടുകയോ ഫ്രീ വിസയിലുള്ളവര്‍ നിയമം പിടികൂടുന്നതിന് മുമ്പ് തിരിച്ചു വരവിന് ഉതകുംവിധം അധികൃത മാര്‍ഗത്തിലൂടെ നാട്ടിലേക്ക് മടങ്ങുകയോ ആണ് ചെയ്യേണ്ടത്. അത്തരക്കാരെ വീണ്ടും അവസരങ്ങള്‍ തേടിയെത്തുമെന്നു തന്നെയാണ് സ്ഥിതിഗതികളില്‍നിന്ന് വ്യക്തമാകുന്നത്.
ഫ്രീവിസക്കാര്‍ ഒഴിഞ്ഞുപോക്ക് ആരംഭിച്ചതോടെ തന്നെ ഏറ്റെടുത്ത കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാകാതെ നിര്‍മാണ മേഖലയിലെ നിരവധി കമ്പനികള്‍ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുക യാണെന്ന് വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന വിവിധ കരാര്‍ കമ്പനികള്‍ക്ക് സ്വദേശി വത്കരണം നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിതാഖാത്ത് വ്യവസ്ഥയില്‍ ഇളവു വരുത്താന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്നറിയുന്നു.
രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള അറ്റകുറ്റ പണികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രത്യേക കമ്പനികളെ നിതാഖാത്തില്‍ നിന്ന് ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യേണ്ടി വരുമെന്ന് സഊദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് അല്‍ ഹുമൈദാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഗള്‍ഫ് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു തുടങ്ങിയെന്ന യാഥാര്‍ഥ്യങ്ങള്‍ക്കുമപ്പുറത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കി സഊദി തൊഴില്‍ മേഖലക്ക് നിലനില്‍പില്ലെന്ന് രാജ്യത്തെ സ്വദേശി കളില്‍ ഒരു വിഭാഗം തന്നെ ഉറച്ചു വിശ്വസിക്കുന്നു. എല്ലാ പ്രതിസന്ധികള്‍ക്കുമപ്പുറത്ത് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അനുകൂലമായി സഊദിയില്‍ വീണ്ടും അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. വിദ്യാഭ്യാസമില്ലെങ്കിലും ഗള്‍ഫില്‍ പോയി രക്ഷപ്പെടാം എന്ന പഴയ മോഹങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിരാമമാകുന്നത്.
സ്വദേശിവത്കരണം ശക്തമാക്കുമ്പോഴും പല തൊഴില്‍ രംഗത്തേക്കും കടന്നു വരാന്‍ ഇതുവരെ വിദേശികള്‍ തയാറായിട്ടില്ല എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. തൊഴില്‍ രഹിതരായ സഊദികള്‍ക്ക് തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നതിനുള്ള ഹാഫിസ് പദ്ധതിയില്‍ 15ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 85 ശതമാനവും വനിതകളാണ്. രാജ്യം വിടാന്‍ നിര്‍ബന്ധിത രാകുമെന്നു പറയപ്പെടുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് പകരം നിയമിക്കാന്‍ മാത്രം തൊഴില്‍ രഹിതര്‍ രാജ്യത്തില്ല എന്ന് ചുരുക്കം. ചുവപ്പ് സ്ഥാപന ങ്ങളിലാകെ റെയ്ഡ് നടത്തി ലക്ഷക്കണക്കിന് വരുന്ന നിയമ ലംഘകരെ മുഴുവന്‍ പിടികൂടി നാട് കടത്തുക എന്നത് പ്രായോഗികമല്ലെന്ന കാര്യം ഉറപ്പാണ്. ഒരു സഊദിയെപോലും ജോലിക്ക് വെക്കാത്ത മൂന്നര ലക്ഷത്തോളം സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ചെറുകിട മേഖലയില്‍ എണ്‍പത് ശതമാനത്തിലധികം സ്ഥാപനങ്ങള്‍ സഊദികളുടെ പേരില്‍ വിദേശികള്‍ ബിനാമിയായി നടത്തുന്നവയാണെന്നാണ് കണക്ക്. ഇത്രയും സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് അടപ്പിക്കുന്നത് ജനജീവിതത്തെ സ്തംഭിപ്പിക്കും. ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്താലും സ്വദേശികളെ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത് . ചെറുകിട സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സ്വദേശികളെ തേടി ഉടമകള്‍ സ്വകാര്യ എംപ്ലോയി മെന്റ് ഓഫീസുകളെ വലിയ തോതില്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ യുവതീ യുവാക്കളെ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചേംബര്‍ ട്രെയിനിങ് കമ്മിറ്റി പ്രസിഡണ്ടും സ്വകാര്യ എംപ്ലോയ്‌മെന്റ് ഓഫീസ് ഉടമയുമായ ഡോ. അഹമ്മദ് അല്‍ ദോസരി പറയുന്നു.
വനിതാ വിദ്യാര്‍ഥികള്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ജ്വല്ലറി, പച്ചക്കറി വിപണി, ലിമോസിന്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ വളരെ നേരത്തെ തൊഴില്‍ മന്ത്രാലയം പൂര്‍ണമായും സ്വദേശി വത്കരിച്ചിരുന്നു. എന്നാല്‍ ഈ തൊഴിലുകളില്‍ നിയമിക്കാന്‍ മതിയായാത്ര സഊദികളെ കണ്ടെത്താനും സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനും ഇനിയും സാധിച്ചിട്ടില്ല. അതുപോലെ സഊദിയിലെ എണ്ണയുല്‍പാദന നിര്‍മാണ വാണിജ്യ മേഖലകളില്‍ അഭൂതപൂര്‍വമായ കുതിപ്പാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
ജുബൈല്‍ വ്യവസായ നഗരിയില്‍ മാത്രം പുതിയ നിരവധി വന്‍ പ്രൊജക്ടുകളാണ് ആരംഭിച്ചിട്ടുള്ളത്. അരാംകോയുടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുല്‍പാദന പ്ലാന്റ് 'സദാറ' നിരവധി പുതിയതൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. റഅ്‌സുല്‍ ഖൈറില്‍ ആരംഭിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ അലൂമിനിയം പഌന്റ്, ജിസാനില്‍ ആരംഭിക്കുന്ന ലോകത്തിലെ തന്നെ വലിയ വാട്ടര്‍ ട്രീറ്റ്‌മെന്റ് പഌന്റ്, സൗദിയില്‍ വ്യാപകമായി നടക്കുന്ന കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവകളിലേക്കെല്ലാം പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് ആവശ്യമായി വരുന്നത്. 82,900 കോടി റിയാല്‍ വരവും 82,000 കോടി റിയാല്‍ ചിലവും പ്രതീക്ഷിക്കുന്ന നടപ്പ് വര്‍ഷത്തെ ബജറ്റില്‍ 285 ബില്യന്‍ റിയാല്‍ വികസന പദ്ധതി കള്‍ക്ക് വേണ്ടിയാണ് സഊദി ധന മന്ത്രി ഡോകടര്‍ ഇബ്രാഹീം അല്‍ അസഫ് നീക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ബില്യന്‍ റിയാലിന്റെ അതിക വികസനം ഈ വര്‍ഷം ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഗതാഗത വികസനത്തിന് മാത്രം 65 ബില്യന്‍ അനുവദിച്ചിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തരുതെന്നു അബ്ദുള്ള രാജാവ് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട് . അടുത്ത പതിനഞ്ചു വര്‍ഷത്തേക്ക് വിഭാവനം ചെയ്തു കൊണ്ടുള്ള വന്‍ വികസന പദ്ധതികളും സര്‍ക്കാര്‍ ആവിഷക്കരിച്ചു വരുന്നു . യന്ദ്രങ്ങള്‍ കൊണ്ട് മാത്രം പൂര്‍ത്തിയാക്കാവുന്ന പദ്ധതികളല്ല ഇത്. മനുഷ്യവിഭവശേഷി കൂടിയേ തീരൂ . ഈ സാഹചര്യത്തില്‍ തിരിച്ചു പോകുന്നവരുടെ തത്തുല്യ തോതിലോ അതില്‍ കൂടുതലോ വിദേശ തൊഴിലാളികള്‍ താമസിയാതെ മടങ്ങി വരേണ്ടി വരും. അത് കൊണ്ട് തന്നെ ഫ്രീ വിസക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമ പരമാക്കാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ഏറ്റവും നന്നായി ജോലിയെടുക്കാന്‍ കഴിയുന്ന ഒരു രാജ്യമായി സഊദി അറേബ്യ മാറും. അതിനായി ചുവപ്പിലുള്ളവര്‍ സ്‌പോണ്‍സര്‍ഷിപ് മാറുകയോ ഫ്രീ വിസക്കാര്‍ എക്‌സിറ്റില്‍ മടങ്ങി നിയമപരമായ വിസയില്‍ തിരിച്ചു വരികയോ ആണ് ചെയ്യേണ്ടത്.