ഹജ്ജ്‌ നറുക്കെടുപ്പ്‌ 26ന്‌

കൊണേ്‌ടാട്ടി: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്ക്‌ കീഴില്‍ ഹജ്ജിനപേക്ഷിച്ചവരിലെ നറുക്കെടുപ്പ്‌ ഈ മാസം 26നു നടക്കും. 18 മുതല്‍ 26 വരെ ഹജ്ജ്‌ നറുക്കെടുപ്പ്‌ നടത്താനാണു കേന്ദ്ര ഹജ്ജ്‌ കമ്മറ്റി ആവശ്യപ്പെട്ടിട്ടുള്ളത്‌. കേരളം, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ നറുക്കെടുപ്പ്‌ 26ന്‌ നടത്തും. 18ന്‌ ഒമ്പത്‌ സംസ്ഥാനങ്ങളില്‍ നറുക്കെടുപ്പു നടക്കും. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിക്കു ഒരു വര്‍ഷം 43,916 അപേക്ഷകളാണു ലഭിച്ചിട്ടുള്ളത്‌. ഇവയില്‍ നേരിട്ട്‌ അവസരം ലഭിക്കുന്ന റിസര്‍വ്‌ കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട 70 വയസ്സിന്‌ മുകളില്‍ പ്രായമുള്ള 2,041 പേരും തുടര്‍ച്ചയായി നാലാം തവണ അപേക്ഷ നല്‍കിയ 4,934 പേരുമുണ്‌ട്‌. ഇവര്‍ക്ക്‌ അവസരം നല്‍കിയതിനു ശേഷമായിരിക്കും ഹജ്ജ്‌ ക്വാട്ടയില്‍ നറുക്കെടുപ്പു നടത്തുക. ഹജ്ജ്‌ നറുക്കെടുപ്പിനു മുമ്പായി ഹജ്ജ്‌ ക്വാട്ട പ്രഖ്യാപിക്കും. അനുവദിച്ച ഹജ്ജ്‌ ക്വാട്ടയേക്കാള്‍ റിസര്‍വ്‌ കാറ്റഗറിക്കാര്‍ കൂടിയാല്‍ ഇവരിലും നറുക്കെടുപ്പു നടത്തും.