മുഹമ്മദ് നബിയെ കുറിച്ച് കാര്‍ട്ടൂണ്‍ പതിപ്പ്; ഫ്രഞ്ചുവാരികക്കെതിരെ പ്രതിഷേധം ഉയരുന്നു

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് പുതിയ കാര്‍ട്ടൂണുകളുമായി പ്രത്യേകപതിപ്പിറക്കിയ ഫ്രഞ്ചുവാരികക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ രംഗത്ത്. 
 ‘മുഹമ്മദിന്റെ ജീവിതം’ എന്ന പേരില്‍ ഫ്രഞ്ചുമാഗസിനായ Charlie Hebdo ആണ് ബുധനാഴ്ച പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പതിപ്പിറങ്ങുന്നുവെന്ന് പത്രാധിപര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
മതത്തിനെതിരെയുള്ള ഈ കടന്നുകയറ്റം അന്താരാഷ്ട്രനിയമങ്ങളുടെ കടുത്ത നിരാകരണമാണ്.  പത്രപ്രവര്‍ത്തനത്തിന്‍റെ ധാര്‍മികതയോട് യോജിക്കുന്നതല്ലിത്. ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ ദുരുപയോഗമാണ് ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ നടക്കുന്നത്- ഓ.ഐ.സി സെക്രട്ടറി ജനറല്‍ ഇക്മാലുദ്ദീന്‍ ഇഹ്സാന്‍ പറഞ്ഞു.
പതിപ്പിലെ കാര്‍ട്ടൂണുകളെല്ലാം ഹലാലാണെന്ന വാദമുന്നയിച്ചാണ് വാരിക നേരത്തെ ഇതെകുറിച്ച് പരസ്യപ്പെടുത്തിയിരുന്നത്. നേരത്തെ, പലപ്പോഴും വാരിക മുസ്‌ലിംവിരുദ്ധവും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.