പട്ടിക്കാട്ടെ അബ്ദുല്ലയുടെ മക്കാനിക്കും സില്‍വര്‍ ജൂബിലി തിളക്കം

ഫൈസാബാദ്‌: ജാമിഅ നൂരിയ അറബിക്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോള്‍സ്ഥാപനത്തിനുമുമ്പില്‍ ഷീറ്റുകൊണ്‌ടു മറച്ചുകെട്ടിയ ചായമക്കാനിക്കും സില്‍വര്‍ ജൂബിലിയുടെ തിളക്കം. 
കഴിഞ്ഞ രണ്‌ടര പതിറ്റാണ്‌ടു കാലമായി ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കും ഫൈസി ബിരുദദാരികള്‍ക്കും ചായയും പലഹാരവും നല്‍കുന്നതു പൂന്താനം ആക്കപറമ്പിലെ മുതിരിക്കുളം അബ്ദുല്ലയാണ്‌. 
സുബ്‌്‌ഹി നമസ്‌കാരത്തോടെ ആരംഭിക്കുന്ന മക്കാനിയില്‍ ചായയും സ്വന്തമായി നിര്‍മിക്കുന്ന വിവിധതരം പലഹാരങ്ങള്‍ ചൂടോടെ ലഭിക്കും.ചായയും കടിയും കൂടി പത്തു രൂപയാണ്‌ വില ഈടാക്കുന്നത്‌. ജാമിഅ കോളജും സന്തതികളും ലോകത്തോളം വളര്‍ന്നെങ്കിലും അബ്ദുല്ലയുടെ ചായമക്കാനിക്ക്‌ ഇന്നും യാതൊരു മാറ്റവുമില്ല. 
അബ്ദുല്ലയുടെ ചായകുടിച്ചു വളര്‍ന്നവര്‍ വലിയ പണ്ഡിതന്‍മാരും സമുദായ നേതാക്കന്‍മാരുമായെങ്കിലും പഴയ ചായയുടെ രുചി ഓര്‍ത്തെടുക്കാന്‍ വേണ്‌ടിയും സ്‌നേഹത്തോടെയുള്ള പരിചയം പുതുക്കാനും വാര്‍ഷിക സമ്മേളനത്തിന്‌ എത്തുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ മക്കാനിയില്‍ ഒത്തുകൂടാറുണ്‌ട്‌. പണ്ഡിതരോടൊപ്പമുള്ള സഹവാസം ജീവിതത്തില്‍ ധന്യതയും ഐശ്വര്യവും ഉയര്‍ത്തിയതായാണ്‌ അബ്ദുല്ല പറയുന്നത്‌.