ജാമിഅ: ഗോള്‍ഡന്‍ ജൂബിലി ഇന്ന് സമാപിക്കും; 212 യുവ പണ്ഡിതര്‍ കര്മവീഥീയിലേക്ക് ..

(File photo) 
ഫൈസാബാദ്:പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ:യുടെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. തക്ബീര്‍ ധ്വനികളോടെ മുഖരിതമായ അന്തരീക്ഷത്തില്‍ സമാപന സമ്മേളനം കേന്ദ്രമന്ത്രി റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. 2011 ഡിസംബര്‍ 21ന് തിരുവനന്തപുരത്ത് വെച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തോടെയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഒരു വര്‍ഷത്തിനിടയില്‍, ജാമിഅ:യുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന വിവിധ പദ്ധതികള്‍ക്ക് ജൂബിലി തുടക്കമിട്ടു. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും നൂനപക്ഷങ്ങളുടെയും പുരോഗതി ലക്ഷ്യംവെച്ച് പ്രവര്‍ത്തനമാരംഭിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്റര്‍, ശംസുല്‍ ഉലമ റിസേര്‍ച്ച് സെന്റര്‍, കെ.വി ബാപ്പുഹാജി സ്മാരക മഹല്ല് മാനേജ്‌മെന്റ് അക്കാദമി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഫൈസി പ്രതിഭ പുരസ്‌കാരം, തുടങ്ങിയവക്കാണ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകളില്‍ തുടക്കം കുറിച്ചത്.  
ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളന ചടങ്ങില്‍ ജാമിഅ: യില്‍നിന്നും ഫൈസി ബിരുദം നേടി പുറത്തിറങ്ങിയ 212 യുവപണ്ഡിതര്‍ക്ക് സനദ് ദാനം നടക്കും. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.റഹ്മാന്‍ ഖാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിക്കും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തും. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഈജിപ്ത് അംബാസിഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, പത്മശ്രീ എം.എ യൂസുഫലി, , പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലികുട്ടി മുസ്ലിയാര്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.പി.ഇബ്രാഹീം മുസ്ലലിയാര്‍ പാറന്നൂര്‍, ടി.കെ.എം.ബാവ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ് ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുള്ള ഖാസിമി മുത്തേടം, തുടങ്ങിയവര്‍ സംബന്ധിക്കും.