വെങ്ങപ്പള്ളി അക്കാദമി: 11-ാമത്‌ ബാച്ചിന്‍റെ ഉദ്‌ഘാടനം ഇന്ന് (06)

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 11-ാമത്‌ ബാച്ചിന്‍റെ ക്ലാസ്സ്‌ ഉദ്‌ഘാടനം 6ന്‌ ബുധനാഴ്‌ച 12.30 ന്‌ നടക്കും. അക്കാദമി ഓഡിറ്റോറിയത്തില്‍ സമസ്‌ത പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ മംഗലാപുരം ഖാസി സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആദ്യപാഠം ചൊല്ലിക്കൊടുക്കും.
+1, +2, ബിഎ ഇംഗ്ലീഷ്‌ ഡിഗ്രിയോടൊപ്പം മതരംഗത്ത്‌ പിജിയും ഉള്‍ക്കൊള്ളുന്ന വാഫി കോഴ്‌സില്‍ 35 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്‌. 3 വര്‍ഷം കൊണ്ട്‌ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതൊടൊപ്പം കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള എന്‍ ഐ ഒ എസ്‌ ലിബസനുസരിച്ചുള്ള എസ്‌ എസ്‌ എല്‍ സിയും നല്‍കുന്ന ഉമറലി ശിഹാബ്‌ തങ്ങള്‍ തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്ന 12 വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ ആദ്യാപാഠം ചൊല്ലിക്കൊടുക്കും.
ചടങ്ങില്‍ വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ്‌ മുഹമ്മദ്‌ ദാരിമി, അബ്‌ദുള്ളക്കുട്ടി ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ്‌കുട്ടി ഹസനി തുടങ്ങി സമസ്‌തയുടെയും പോഷകഘടകങ്ങളുടേയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
വാഫി കോഴ്‌സിലും ഹിഫ്‌ള്‌ കോഴ്‌സിലും പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി 9 മണിക്ക്‌ തന്നെ അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണെന്ന്‌ ജനറല്‍ സെക്രട്ടറി ഹാരിസ്‌ ബാഖവി അറിയിച്ചു.