മനാമ: ജൂണ്‍ 15 വരെ സ്റ്റോക്ക് ഒഴിവാക്കാനുള്ള സമയം നല്‍കി പാന്‍മസാല നിരോധനം കര്‍ശനമായി നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ മറികടന്ന് നാട്ടില്‍ ഇപ്പോഴും പാന്‍മസാലകള്‍ യഥേഷ്‌ടം ലഭ്യമാണെന്ന മാധ്യമവാര്‍ത്തകള്‍ ഗൌരവത്തോടെ കാണണമെന്നും നിരോധനം പ്രയോഗവത്‌കരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ നിലപാട് കര്‍ശനമാക്കണമെന്നും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷ്‌ണല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിശ്ചിത തീയ്യതിക്ക് ശേഷം സ്റ്റോക്കുള്ള ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചില്ലെങ്കില്‍ ജൂണ്‍ 16 ന് ശേഷം ഇത് രഹസ്യമായി സൂക്ഷിച്ച് നിയമ വിരുദ്ധമായി വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന കോടതി നിരീക്ഷണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ചില മാധ്യമ വാര്‍ത്തകള്‍.
ചില ജില്ലകളിലെ മാത്രം പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നര ലക്ഷം രൂപയുടെ പാന്‍ മസാലകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സ്‌കൂളുകള്‍ക്ക് സമീപമുള്ള പെട്ടികടകളില്‍ പോലും ഇവ യഥേഷ്‌ടം ലഭ്യമാണെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ഗൌരവമുള്ളതാണ്. നിരോധനം ലക്ഷ്യമാക്കുന്ന ലഹരിവിമുക്ത കേരളത്തെയും നാളെ യുടെ പ്രതീക്ഷകളായ ഇളം തലമുറയെയും ഓര്‍ത്ത് ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സത്വരശ്രദ്ധ പതിപ്പിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കെ.എം.എസ് മൌലവി പ്രമേയ അവതാരകനും ഉബൈദുല്ലാ റഹ്മാനി അനുവാദകനുമായിരുന്നു. ചടങ്ങില്‍ ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഹാശിം കോക്കല്ലൂര്‍, ശറഫുദ്ധീന്‍ മാരായമംഗലം, മൌസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ് കോട്ടക്കല്‍, ലത്വീഫ് ചേരാപുരം, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിവിധ പദ്ധധികള്‍ അവതരിപ്പിച്ചു.
ബഹ്‌റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന സഈദ് ഇരിങ്ങലിനുള്ള യാത്രയപ്പും നടന്നു.
ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.