ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ജൂണ്‍ 28ന്

മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി അമ്പത് കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സംഗമങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 28ന് വ്യാഴാഴ്ച മഞ്ചേരിയില്‍ നടക്കും. ജാമിഅഃ നൂരിയ്യക്ക് ദീര്‍ഘകാലം നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്നാം ആണ്ടിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് മഞ്ചേരിയില്‍ ശിഹാബ് തങ്ങള്‍ ഉറൂസ് നടത്തപ്പെടുന്നത്. 
2013 ജനുവരി 10,11,12,13 തിയ്യതികളില്‍ നടക്കുന്ന ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തിന് മുമ്പായി ജാമിഅഃയുടെ സ്ഥാപകര്‍, മുന്‍കാല ഉസ്താദുമാര്‍, വിവിധ കാലഘട്ടങ്ങളില്‍ നേതൃത്വം നല്‍കിയവര്‍, ജാമിഅഃയോടു ബന്ധപ്പെട്ട മറ്റു മഹാത്മാക്കള്‍ തുടങ്ങിയ ഒട്ടനവധിപേരെ അനുസ്മരിക്കുന്ന 50 സംഗമങ്ങളാണ് സംസ്ഥാനത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
28ന് കാലത്ത് 10 മണിക്ക് മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കുന്ന ശിഹാബ് തങ്ങള്‍ ഉറൂസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.