സ്നേഹ ദൂതിന്‍റെ ഇശലലകള്‍ സി.ഡി. പ്രകാശനം ചെയ്തു


തിരൂരങ്ങാടി : സമസ്ത 85-ാം വര്‍ഷകത്തോടനുബന്ധിച്ച് കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥി സംഘടന പുറത്തിറക്കിയ മാപ്പിളപ്പാട്ട് സി.ഡി. സ്നേഹ ദൂതിന്‍റെ ഇശലലകള്‍ പ്രകാശനം ചെയ്തു. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സി.ഡി. ലിയാഖത്തലി സാഹിബ് നെല്ലിക്കുത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മര്‍ക്കസ് പ്രിന്‍സിപ്പാള്‍ ഉസ്താദ് പി.കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ അവലി ബാഖവി നെല്ലിക്കുത്ത്, അബ്ദുല്ല ബാഖവി നെല്ലിക്കുത്ത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രസാധന രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച തസ്ഖീഫ് പബ്ലിക്കേഷന്‍സ് ഏറെ പ്രതീക്ഷയോടെയാണ് ഈ ഉപഹാരം മുസ്‍ലിം കൈരളിക്ക് സമര്‍പ്പിക്കുന്നത്. പബ്ലിക്കേഷന്‍റെ പ്രസിദ്ധീകരണങ്ങള്‍ക്ക് അനുവാചകരില്‍ നിന്ന് ലഭിച്ച പ്രതികരണം ഇത്തരമൊരു ഉദ്യമത്തിന് തങ്ങള്‍ക്ക് ഏറെ പ്രേരകമായെന്ന് പബ്ലിഷിംഗ് ബ്യൂറോ ചീഫ് അനീസ് പാലച്ചിറമാട് പറഞ്ഞു. സംഗമത്തിന് സംഘടനാ സെക്രട്ടറി റാഫിഅ് മുണ്ടംപറന്പ് നന്ദി പറഞ്ഞു.
- ശാഹുല്‍ ഹമീദ് കെ.കെ.