പട്ടിക്കാട് ജാമിയ നൂരിയ വാര്‍ഷികാഘോഷത്തിന് പ്രൗഢോജ്ജ്വലമായ തുടക്കം

സമ്മേളനം തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ 
പട്ടിക്കാട്: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ 49-ാം വാര്‍ഷികത്തിനും 47-ാം സനദ്ദാന സമ്മേളനത്തിനും പ്രൗഢോജ്ജ്വലമായ തുടക്കം. കോളേജ് കാമ്പസില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം ഹൈദരാബാദില്‍നിന്നുള്ള എം.പി അസദുദ്ദീന്‍ ഉവൈസി ഉദ്ഘാടനം ചെയ്തു.
പൂര്‍വികരായ പണ്ഡിത വര്യന്‍മാര്‍ പകര്‍ന്നുനല്‍കിയ വീര്യംചോരാതെ ആയിരക്കണക്കിനായ യുവാക്കള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ ജാമിയ നൂരിയ വിജ്ഞാനത്തിന്റെ പൂങ്കാവനമാണെന്ന് അദ്ദേഹം പറഞ്ഞു. അറിവ് നേടുകയെന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ആ ദൗത്യം സൂഷ്മതയോടും അര്‍ഹിക്കുന്ന പ്രാധാന്യത്തോടുമാണ് ജാമിയ നൂരിയ നല്‍കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിന് യുവാക്കള്‍ ഇവിടെനിന്ന് ലഭിച്ച വെളിച്ചത്തില്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്നിട്ടുണ്ട്. ഇത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ ത്യാഗങ്ങളും രക്തസാക്ഷിത്വവുമടങ്ങുന്ന ചരിത്രമാണ് പൂര്‍വകാല നേതാക്കന്‍മാര്‍ നമുക്ക് കാട്ടിത്തന്നതെന്നും അവരുടെ പിന്‍തലമുറക്കാരാണ് പണ്ഡിതന്‍മാരെന്നും ഉവൈസി അഭിപ്രായപ്പെട്ടു. അറിവു നേടുന്നതിന്റെ പ്രാധാന്യം മുന്‍കൂട്ടി മനസ്സിലാക്കിയ മഹത്തായ പണ്ഡിതന്‍മാരാല്‍ സമ്പന്നമാണ് ജാമിയ നൂരിയ. ഇസ്‌ലാം മതത്തിന്റെ ജ്വാലകള്‍ ഉജ്ജ്വല ശോഭയോടെ കത്തുന്നതാണ് ഇവിടെവന്നാല്‍ കാണാന്‍ കഴിയുന്നത്. ദക്ഷിണേന്ത്യയിലെത്തന്നെ പ്രശസ്തമായ മതപഠന കേന്ദ്രമായി ഇത് മാറിയത് ഈ പണ്ഡിത സമൂഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
ജാമിയ നൂരിയക്ക് അലിഗഢ് സര്‍വകലാശാലയുടെ അംഗീകാരം നല്‍കിക്കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അബ്ദുള്‍ അസീസ് അറിയിച്ചു.
മദ്രസകളില്‍നിന്ന് വിദ്യാഭ്യാസം നേടുന്നവരെ മറ്റ് ആധുനിക സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇക്കാലമത്രയും മദ്രസകളില്‍ പഠിച്ചവര്‍ക്ക് മറ്റ് കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
ഇപ്പോള്‍ മെഡിസിനും എന്‍ജിനിയറിങ്ങുമൊഴികെ അലിഗഢ് സര്‍വകലാശാലയുടെ മറ്റ് എല്ലാകോഴ്‌സുകളും പഠിക്കാന്‍ കഴിയും. അലിഗഢ് സര്‍വകലാശാലാ പ്രത്യേക കേന്ദ്രം കേരളത്തിലനുവദിച്ചതോടെ ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ അത് സ്ഥാനം പിടിച്ചുകഴിഞ്ഞു. എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായ രീതിയില്‍ ഈ കേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജാമിയ നൂരിയ ജനറല്‍ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജാമിയ നൂരിയയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 50 പുതിയ പദ്ധതികള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ജാമിയക്ക് കീഴില്‍ 36 ജൂനിയര്‍ കോളേജുകളുണ്ട്. അത് 50 എണ്ണമാക്കും. സാമുദായിക പുരോഗതി ലക്ഷ്യംവെച്ച് ഒരു അന്താരാഷ്ട്ര നിലവാരമുള്ള കോളേജ് സ്ഥാപിക്കുമെന്നും അബ്ദുറഹിമാന്‍ ബാഫഖിതങ്ങളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സിയാറത്തിന് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. അല്‍ മുനീര്‍ സുവനീര്‍ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി ഏറ്റുവാങ്ങി. സയ്യിദ് മിര്‍ബാത് ജമലുല്ലൈലി സുവനീര്‍ പരിചയപ്പെടുത്തി. മുന്‍ മന്ത്രി എന്‍. സൂപ്പി, അലിഗഢ് സര്‍വകലാശാലാ മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. പി മുഹമ്മദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ , ജാമിയ നൂരിയ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എസ്.എം ജിഫ്രി തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ്, പി.പി. മുഹമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, മുത്തുതങ്ങള്‍, കല്ലടി മുഹമ്മദ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, മൊയ്തീല്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, സി.കെ. സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹാജി കെ. മമ്മദ് ഫൈസി സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു.