ആതവനാടിന്റെ വികസനശില്‌പി, സുന്നീ പ്രസ്ഥാനത്തിന്‍റെ കരുത്തനായ പോരാളി ഇനി ഓര്‍മ


മര്‍ഹൂം. കെ.ടി കുഞ്ഞൂട്ടി ഹാജി സാഹിബിനുവേണ്ടി മയ്യിത്ത്‌ നമസ്കരിക്കുവാനും മഗ്ഫിരത്തിനായി ദുആ ചെയ്യാനും സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തു


വളാഞ്ചേരി: ആതവനാടിന്റെ വികസന ഭൂപടത്തില്‍ കുമ്മാളില്‍ താഴേത്തതില്‍ കുഞ്ഞുട്ടി ഹാജി (ഹുസൈന്‍) എന്ന പേര് വിസ്മരിക്കാനാവാത്തതാണ്. സാധാരണക്കാരായ ഈ നാട്ടുമ്പുറത്തുകാരന്‍ ആതവനാടെന്ന ഉള്‍പ്രദേശത്തേക്ക് റോഡ്, ടെലിഫോണ്‍, ബസ്‌യാത്രാ സൗകര്യം, വൈദ്യുതി എന്നിവ കൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. തന്റെ ആത്മാര്‍ഥശ്രമവും രാഷ്ട്രീയ പിന്‍ബലവും അതിന് ആക്കംകൂട്ടി. 1980-85 കാലഘട്ടത്തില്‍ ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. 1984ല്‍ ആതവനാട് മര്‍ക്കസ് തര്‍ബിയത്തുല്‍ ഇസ്‌ലാമിയ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിട്ടതും കെ.ടി കുഞ്ഞുട്ടി ഹാജി തന്നെ. 28 കൊല്ലം പിന്നിട്ട ഈ സ്ഥാപനത്തിലിന്ന് എല്‍.പി.സ്‌കൂള്‍ മുതല്‍ ടി.ടി.സി, ബി.എഡ് തുടങ്ങി പ്രൊഫഷണല്‍ കോളേജുകള്‍ വരെ പ്രവര്‍ത്തിക്കുന്നത് കൂടാതെ കേരളത്തിലങ്ങളോളമിങ്ങോളമായി 36 വാഫി സഹസ്ഥാപനങ്ങളും ഈ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന്നുണ്ട്. തുടക്കം മുതല്‍ മരണം വരെ മര്‍ക്കസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. പാണക്കാട് സാദാത്തീങ്ങളുമായി  അഭേദ്യമായ ബന്ധം അദ്ദേഹം എന്നെന്നും കൈപുലര്‍ത്തിയിരുന്നു.

ആതവനാട് മാട്ടുമ്മലില്‍ ഗവ. ഹൈസ്‌കൂള്‍ കൊണ്ടുവരാനും ആതവനാട്ട് ഗവ. യു.പി.സ്‌കൂള്‍ സ്ഥാപിക്കാനും കുഞ്ഞുട്ടി ഹാജി അഹോരാത്രം ശ്രമിച്ചിരുന്നു.

കുഞ്ഞുട്ടി ഹാജിയുടെ മരണത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നേതാക്കളുടെ നിരയായിരുന്നു. മര്‍ക്കസ് തര്‍ബിയത്തുല്‍ ഇസ്‌ലാമിയ പ്രസിഡന്റ്‌ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,  ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്വി, റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം, അബ്ദുല്‍ ഹകീം ഫൈസി ആദ്രശ്ശേരി, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ലാ സെക്രട്ടറി പി. ഹമീദ്, എം.എല്‍.എമാരായ മുഹമ്മദുണ്ണി ഹാജി, കെ.ടി. ജലീല്‍, ഡി.സി.സി മുന്‍ ജില്ലാ പ്രസിഡന്റ് വി.എം. കൊളക്കാട്, പാഴൂര്‍ മുഹമ്മദ്കുട്ടി, പി. കൃഷ്ണന്‍ നായര്‍, സമദ് മങ്കട, മുഞ്ഞക്കന്‍ മുസ്തഫ, സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും കേഴ്ഘടകങ്ങളുടെയും നേതാക്കളുള്‍പ്പടെ മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

പരേതനു വേണ്ടി മയ്യിത്ത്‌ നമസ്കരിക്കുവാനും മഗ്ഫിരത്തിനായി ദുആ ചെയ്യാനും സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തു.