സമസ്തയുടെ സാന്നിദ്ധ്യം മത വിദ്യാഭ്യാസ രംഗത്തെ സങ്കീര്‍ണ്ണതകളൊഴിവാക്കി : ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി.

ദമ്മാം : എട്ട് നൂറ്റാണ്ടോളം മുസ്‍ലിം കേരളത്തിന്‍റെ മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും അതിന്‍റെ കീഴ്ഘടകമായ മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെയും സാന്നിദ്ധ്യവും നേതൃത്വവും ഇല്ലായിരുന്നുവെങ്കില്‍ മത വിദ്യാഭ്യാസ രംഗത്തും സമൂഹത്തിന്‍റെ സംരക്ഷണ രംഗത്തും സങ്കീര്‍ണ്ണമായ നിരവധി പ്രവര്‍ത്തനങ്ങളെ സമുദായം അഭിമുഖീകരിക്കേണ്ടി വരുമായിരുന്നുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബശീര്‍ അഭിപ്രായപ്പെട്ടു. സമസ്തയുടെ 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയിലെ സച്ചരിതരായ മുന്‍കാല പണ്ഡിതരുടെ രംഗപ്രവേശനത്തോടെ മുസ്‍ലിം കേരളത്തിന്‍റെ നവോത്ഥാന ദിശയില്‍ പുതിയ വഴിത്തിരിവുണ്ടാവുകയായിരുന്നു. ആത്മീയ ഔന്നത്യത്തിന് മാത്രമല്ല സമൂഹത്തിന്‍റെ വൈജ്ഞാനിക രംഗത്തും നവീനമായ പരിഷ്കരണങ്ങളാണ് സമസ്ത വരുത്തിയത്. സര്‍ക്കാര്‍ തലത്തിലെ ഉന്നത ഭൗതിക വിദ്യാലയങ്ങളിലെ കരിക്കുലം സന്പ്രദായങ്ങളോട് കിടപിടിക്കുന്നതാണ് സമസ്തയുടെ മദ്റസാ സംവിധാനങ്ങള്‍. അതിനെ അനുകരിച്ചും അനുധാവനം ചെയ്തുമാണ് പിന്നീട് വന്ന പല പ്രസ്ഥാനങ്ങളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടു പോയതും വന്നതും; മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇ.ടി. വ്യക്തമാക്കി. പ്രസിഡന്‍റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. മക്ക മിസ്ഫലയിലെ ജൌഹറത്തുല്‍ മിറാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ ട്രഷറര്‍ ടി.എച്ച്. ദാരിമി ഉദ്ബോധന പ്രസംഗം നടത്തി. കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി, പി.വി. അബ്ദുറഹ്‍മാന്‍ വടകര, ഓമാനൂര്‍ അബ്ദുറഹ്‍മാന്‍ മൗലവി, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ ആശംസകളര്‍പ്പിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് വന്ന സംഘടനാ പ്രതിനിധികളായ അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളക്കൈ, അസീസ് പുള്ളാവൂര്‍, സമദ് പെരുമുഖം (റിയാദ്), മുസ്തഫ മൊറയൂര്‍, കുഞ്ഞിപ്പ ഹാജി, മൊയ്തീന്‍ കുട്ടി ഫൈസി (യാന്പു), അബ്ദുല്ല കുപ്പം, ഉസ്‍മാന്‍ എടത്തില്‍ (ജിദ്ദ), സുബൈര്‍ പാനൂര്‍, പി.. മുസ്തഫ, പി.കെ. കാശിഫി (അബഹ), അബൂബക്കര്‍ സിദ്ധീഖ് വളമംഗളം (മക്ക), ടി.വി. അബ്ദുല്ല, സി. അബ്ദു (മദീന), എഞ്ചിനീയര്‍ ഇസ്‍മാഈല്‍ ഹാജി, സല്‍മാന്‍ ദാരിമി, മുഹമ്മദാലി സി.പി. (ബുറൈധ) എന്നിവര്‍ പങ്കെടുത്തു. എസ്.വൈ.എസ്. റിയാദ് ചെയര്‍മാന്‍ ളിയാഉദ്ദീന്‍ ഫൈസി സമാപന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അസ്‍ലം മൗലവി അടക്കാത്തോട് സ്വാഗതവും സുലൈമാന്‍ മദീന നന്ദിയും പറഞ്ഞു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.