സമസ്ത അവകാശപ്പെടാന്‍ കാന്തപുരത്തിന് അര്‍ഹതയില്ല : ദമ്മാം SYS

ദമ്മാം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് സമസ്തയില്‍ നിന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം കൊണ്ട് ഇറക്കി വിട്ട ആറ് പേരും കാന്തപുരം വിഭാഗവുമെന്നും സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കാന്തപുരം വിഭാഗത്തോട് ലീഗ് നേതൃത്വം വെച്ച് പുലര്‍ത്തുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന സമസ്തയുടെ നിലപാടിനെ യോഗം സ്വാഗതം ചെയ്തു. പാണക്കാട് സയ്യിദന്മാരെയും മുസ്‍ലിം ലീഗിനെയും വിമര്‍ശിച്ചും അധിക്ഷേപിച്ചും സാന്പത്തിക ലാഭത്തിന് വേണ്ടി സമൂഹത്തെ ഭിന്നതയിലേക്ക് നയിച്ച് ലീഗ് വിരോധി എന്ന മുദ്രണം ഏറ്റുവാങ്ങിയ കാന്തപുരം ലീഗിന്‍റെ നാശത്തിന് കാതോര്‍ത്തിരിക്കുകയാണെന്നും മുന്‍കഴിഞ്ഞ ലീഗ് നേതാക്കള്‍ കാണിച്ച് തന്ന പാതയിലൂടെ മുന്നോട്ട് നയിച്ച് സമുദായിക വഞ്ചകരെ കരുതിയിരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ശാജഹാന്‍ ദാരിമി തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. അശ്റഫ് ബാഖവി താഴെക്കാട്, അഹ്‍മദ് ദാരിമി പേരാന്പ്ര, സൈതലവി ഹാജി താനൂര്‍, മുഹമ്മദ് ഹാജി തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും റഈസ് തലശ്ശേരി നന്ദിയും പറഞ്ഞു.