മദ്രസാ ധനസഹായ വിതരണം; ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

മദ്രസാ ഭാരവാഹികള്‍ രാവിലെ 9.30ന് എത്തണം
കോഴിക്കോട് : മദ്രസകളില്‍ സാധാരണ വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിനുവേണ്ടി സാമ്പത്തിക സഹായം നല്‍കുന്ന "സ്കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ' (എസ്.പി.ക്യൂ.ഇ.എം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി മദ്രസകള്‍ക്കുള്ള ധനസഹായ വിതരണം ഇന്ന് കാലത്ത് 10 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, വ്യവസായഎെ.ടി വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പഞ്ചായത്തുസാമൂഹ്യക്ഷേമവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവര്‍ സംബന്ധിക്കും. പൂര്‍ണ്ണമായി കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. 20092010 വര്‍ഷത്തിലെ അപേക്ഷകള്‍ പരിഗണിച്ച് 201011 വര്‍ഷത്തിലേക്ക് ആകെ 22,66,97,000 രൂപ ഗ്രാന്റായി അനുവദിച്ചു. അതില്‍ ഒന്നാം ഗഡുവായി 14,90,09,000 രൂപ 547 മദ്രസകള്‍ക്ക് വിതരണം ചെയ്യും. 444 മദ്രസാ അധ്യാപകര്‍ക്കും ട്രെയിനിംഗ് നല്‍കുന്നതിന് 21,66,000 രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായത്തിന് തെരഞ്ഞെടുത്ത മദ്രസാ ഭാരവാഹികള്‍ എെഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30ന് എത്തിച്ചേരണം.