മതവിശ്വാസിയല്ലാത്ത മനുഷ്യജീവിതം ദുസ്സഹം : ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്

ദോഹ : ലോക ജനസംഖ്യയിലെ 99 ശതമാനം ആളുകളും ദൈവ വിശ്വാസികളാണെന്നും മതവിശ്വാസമില്ലാതെ മനുഷ്യ ജീവിതം ദുസ്സഹമാണെന്നും പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‍ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് അഭിപ്രായപ്പെട്ടു. ഒന്പതാമത് ദോഹ മതസംവാദ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മിഡിലീസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു.
മതങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യങ്ങള്‍ ചിലപ്പോഴെങ്കിലും അനുയായികള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. മതങ്ങള്‍ പരസ്പര സംഘര്‍ഷത്തിന്‍റെ കാരണമാകുന്ന കാഴ്ച ഏറെ സങ്കടമാണ്. തമ്മില്‍ തല്ലാനോ അകാരണമായി ഇതര മതസ്ഥന്‍റെ രക്തം ചിന്താനോ ഒരു മതവും അനുശാസിക്കുന്നില്ല. സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശമാണ് എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് അദ്ദേഹം വിശദീകരിച്ചു. മനുഷ്യരുടെ സുഗമമായ ഐഹിക പാരത്രിക ജീവിതമാണ് ഭൂരിഭാഗ മതങ്ങളും ലക്ഷ്യം വെക്കുന്നത്. ഭൂമിലോകത്തെ എല്ലാ മതങ്ങളും ഒരേ മൂല്യത്തില്‍ നിന്ന് വന്നതാണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ദൈവ വിശ്വാസത്തില്‍ നിന്ന് വിവിധ ഘടകങ്ങളാല്‍ മനുഷ്യ സമൂഹം പതുക്കെപ്പതുക്കെ അടര്‍ത്തപ്പെട്ടപ്പോഴാണ് മൗലിക വിശ്വാസത്തെ പുനസ്ഥാപിക്കാന്‍ പ്രവാചകര്‍ നിയോഗിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പ്രവാചകനും നിയോഗിക്കപ്പെട്ടപ്പോള്‍ വിമത വിശ്വാസ ആശയങ്ങളുമായി പ്രസ്തുത സമൂഹത്തിലെ ഒരു വിഭാഗം മുന്നോട്ട് പോവുകയും വിവിധ പേരുകളിലറിയപ്പെടുന്ന മതങ്ങള്‍ പിറവി കൊള്ളുകയുമാണ് ചെയ്തത്. ഇക്കാരണത്താല്‍ മതങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങളും സമാനതകളും കാണാവുന്നതാണ്. അതോടൊപ്പം പല കാര്യങ്ങളിലും വിയോജിപ്പുകളും വൈരുദ്ധ്യങ്ങളും കടന്നു കൂടുകയും ചെയ്തു. വിവിധ മതാനുയായികള്‍ക്കിടയില്‍ ആരോഗ്യപൂര്‍ണ്ണമായ സംഭാഷണങ്ങലും ആശയ വിനിമയങ്ങളും ഏറെ സഹായകമാവും. ഈ ലക്ഷ്യവുമായി ദോഹ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത് ഡയലോഗ് എന്ന ഒരു കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമായ ഖത്തര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു.
- മജീദ് ഹുദവി