ലിബിയയില്‍ ഖദ്ദാഫി യുഗം അവസാനിച്ചതോടെ ആ രാജ്യത്തും മധ്യപൗരസ്ത്യ പ്രദേശത്തും ലോകത്ത് തന്നെയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വലിയ പാഠമാണ് ആലോചനക്കായി ലഭ്യമായിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം ഒരു രാജ്യം അടക്കിവാണ കരുത്തനായ ഭരണാധികാരിയുടെ പതനം ഏവര്‍ക്കും ചിന്താവിഷയമായിത്തീരേണ്ടതാണ്.
ആഴ്ചകള്‍ക്ക് മുമ്പ് സൂചിപ്പിച്ചതുപോലെ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അറബ് സമൂഹത്തിന്റെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധര്‍ക്ക് ഹീറോയായ ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധീരമായ പ്രഖ്യാപനങ്ങളും സാഹസികമായ എടുത്തുചാട്ടങ്ങളും ജനങ്ങള്‍
അത്യാവേശപൂര്‍വ്വം സ്വാഗതംചെയ്തു. കേരളക്കരയില്‍പോലും ഖദ്ദാഫി എന്ന നാമം തങ്ങളുടെ ശിശുക്കള്‍ക്ക് നല്‍കാന്‍മാത്രം അദ്ദേഹത്തിന്റെ വീരത്വപരിവേഷം ലോകവ്യാപകമായ സ്വാധീനം സൃഷ്ടിച്ചു.
അത്യാവേശപൂര്‍വ്വം സ്വാഗതംചെയ്തു. കേരളക്കരയില്‍പോലും ഖദ്ദാഫി എന്ന നാമം തങ്ങളുടെ ശിശുക്കള്‍ക്ക് നല്‍കാന്‍മാത്രം അദ്ദേഹത്തിന്റെ വീരത്വപരിവേഷം ലോകവ്യാപകമായ സ്വാധീനം സൃഷ്ടിച്ചു.
ആധുനിക ലിബിയയെ വളര്‍ത്തി വികസിപ്പിക്കുന്നതിനും ഖദ്ദാഫിയുടെ നയങ്ങള്‍ കാരണമായി. എണ്ണയില്‍ കണ്ണുംനട്ട് ലിബിയയുടെ സമ്പത്ത് റാഞ്ചിയെടുക്കാന്‍ തക്കംപാര്‍ത്തു കഴിഞ്ഞ പാശ്ചാത്യ ശക്തികളുടെ അധിനിവേശ താല്‍പര്യങ്ങളില്‍നിന്ന് ലിബിയയെ സംരക്ഷിക്കുന്നതില്‍ ഖദ്ദാഫി വഹിച്ച പങ്ക് അനിഷേധ്യമാണ്.
എന്നാല്‍ എതിരാളികളില്ലാത്തവിധം ഖദ്ദാഫി ശക്തനായത് അദ്ദേഹത്തിനും ലിബിയക്കുതന്നെയും വിനയാവുന്നതാണ് പിന്നീട് ലോകം കണ്ടത്. അധികാര പ്രമത്തത അദ്ദേഹത്തെ സ്വോധിപതിയാക്കി. ആരെയും വെല്ലുവിളിച്ചും എല്ലാവരെയും അടിച്ചമര്‍ത്തിയും അദ്ദേഹം തന്റെ രാജ്യത്തെയും ജനതയെയും ചൊല്‍പ്പടിക്ക് നിര്‍ത്തി.
വികലമായ നയങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കുകയായിരുന്നു ഖദ്ദാഫി. മതം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്നിഷ്ടപ്രകാരം സ്വന്തമായ സമീപനങ്ങള്‍ സ്വീകരിക്കുകയും അതിന്റെ പേരില്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. ചിലപ്പോള്‍ ഹദീസ് നിഷേധിയായി. മറ്റു ചിലപ്പോള്‍ ഹിജ്റ കലണ്ടറിന്റെ സര്‍വ്വാംഗീകൃതമായ രീതിതന്നെ നിഷേധിക്കുന്ന "പരിഷ്കരണ വാദി"യായി.
രാഷ്ട്രീയത്തില്‍ സാമ്രാജ്യത്തോടും വിദേശ ശക്തികളോടും ഇണങ്ങിയും പിണങ്ങിയുമായിരുന്നു പില്‍ക്കാലത്തെ ഖദ്ദാഫിയുടെ നിലപാടുകള്‍. അതെല്ലാം അദ്ദേഹവും ലിബിയയും അനുഭവിച്ച നിര്‍ബന്ധങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ വായിച്ചെടുക്കേണ്ടതാവാം. ഏത് ഘട്ടത്തിലും ഖദ്ദാഫി തളര്‍ന്നില്ല എന്നത് മാത്രമാണ് ഈനയ വൈജാത്യങ്ങളിലെല്ലാം മാറ്റമില്ലാതെ തുടര്‍ന്ന പ്രതിഭാസം. ഉപരോധത്തിന്റെ പ്രതിസന്ധികളിലും ഖദ്ദാഫി അടിയറവ് പറയാതെ പിടിച്ചുനിന്നു. പൗരുഷവും ധീരതയും അവസാനം വരെയും മുറുകെപ്പിടിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം ഏത് എതിരാളിയും അംഗീകരിക്കുന്നതാണ്.
എല്ലാം ഒരു മലിനജലക്കുഴലിലും പിന്നീട് ചന്തയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന കട്ടിലിലും ചെന്നവസാനിച്ച ഖദ്ദാഫിയുടെ ജീവിതത്തിന്റെ പരിണാമഗുപ്തിയും ദുരന്തപൂര്‍ണ്ണമായ അന്ത്യവും അനുകൂലികളെയും പ്രതികൂലികളെയും ഒരുപോലെ ഞെട്ടിക്കുന്നതായി.
വിലയേറിയ വസ്ത്രങ്ങള്‍ ധരിക്കുകയും ആര്‍ഭാട ജീവിതത്തിന്റെ നിരവധി വഴികളിലൂടെ സുഖയാത്ര നടത്തുകയും ചെയ്യുന്നതില്‍ ഏറെ തല്‍പ്പരനായിരുന്നു ഖദ്ദാഫി. ഏറ്റവും വിലപിടിപ്പുള്ള സണ്‍ഗ്ലാസുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സുന്ദരികളായ വനിതകളുടെ സുരക്ഷാ വലയമായിരുന്നു അദ്ദേഹത്തിന് ചുറ്റും. കുടുംബത്തിന്റെ "ആരോഗ്യ സുരക്ഷ"ക്കായി ധാരാളം യുവസുന്ദരികളെ വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയുമുണ്ടായി.
അധികാരവും ആര്‍ഭാടവുമെല്ലാം അന്തിമ വിശകലനത്തില്‍ എത്രമാത്രം നിസ്സാരവും നിസ്സഹായവും അതിലേറെ അര്‍ത്ഥശൂന്യവുമാണെന്ന് ഖദ്ദാഫിയുടെ അന്ത്യം വിളിച്ചോതുന്നു. 40 വര്‍ഷത്തിലേറെക്കാലം സാമാന്യം വലിയൊരു രാഷ്ട്രത്തിന്റെ മുടിചൂടാമന്നനായ ഭരണാധികാരിയായി അധികാരം വാണ മനുഷ്യന് അവസാനം ഒരു അഴുക്കുചാല്‍ കുഴലില്‍ ജീവന്‍ കാക്കാന്‍വേണ്ടി അഭയം പ്രാപിക്കേണ്ടതായി വന്നു. ക്രൂരവും ദയനീയവുമായ രീതിയില്‍ മര്‍ദ്ദിക്കപ്പെട്ട അദ്ദേഹത്തിന് അവസാനം ജീവനുവേണ്ടി കെഞ്ചേണ്ടതായും "വെടിവെക്കരുതേ' എന്ന് യാചിക്കേണ്ടതായും വന്നു.
ഖദ്ദാഫിയെപ്പോലൊരു നേതാവിന്റെ ജീവിതാന്ത്യഘട്ടത്തില്‍ അദ്ദേഹത്തോട് ചിലര്‍ കാട്ടിയ ക്രൂരതയിലുമുണ്ട് പഠിക്കാന്‍ ഏറെ പാഠങ്ങള്‍. ഇതെല്ലാം കാണുമ്പോള്‍ മനുഷ്യന്‍ ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പാഠം എന്നുപറഞ്ഞ ചരിത്ര ദാര്‍ശനികനെ ഓര്‍ത്തുപോകുന്നു.
ഖദ്ദാഫിയുടെ അന്ത്യം എെക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗത്തിനുപോലും ഇടപെടേണ്ട വിഷയമായിത്തീര്‍ന്നു. അതുകൊണ്ട് കാര്യമായ ഫലമെന്തെങ്കിലും ഉണ്ടാകും എന്നതുകൊണ്ടല്ല. ലോകശ്രദ്ധ നേടിയ സംഭവമായി തന്റെ സ്വന്തം നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തോട് കാണിച്ച മനുഷ്യത്വരഹിതമായ മര്‍ദ്ദനപ്പേക്കൂത്തുകള്‍ എന്നത് ഖേദകരംതന്നെ. ഖദ്ദാഫി ചെയ്ത തെറ്റുകളുടെ പേരിലാണ് ഇന്ന് നിന്ദ്യമായ നടപടികള്‍ എങ്കില്‍ ആ തെറ്റുകള്‍പോലും ഇന്ന് സംസ്കാരശൂന്യതയെ ന്യായീകരിക്കുന്നില്ല എന്നതാണ് വാസ്തവം. മൃതദേഹത്തെ ആദരിക്കുക എന്നത് മനുഷ്യ സംസ്കാരത്തിന്റെ ആദിമ പാഠങ്ങളില്‍പെട്ടതാണ്. അതിനുള്ള അവകാശംപോലും നഷ്ടപ്പെട്ട ഹതഭാഗ്യനായി ഖദ്ദാഫി എന്നത് ചരിത്രത്തിലെ ക്രൂരമായ വിധികളില്‍പെടുന്നു.
ഖദ്ദാഫിയുടെ തകര്‍ച്ച ലിബിയയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാനിരിക്കുന്നത്. സ്വന്തം നാശത്തിന്റെ കുഴി അദ്ദേഹംതന്നെ തോണ്ടുകയായിരുന്നുവെങ്കിലും മധ്യപൗരസ്ത്യദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ അവസരം പാര്‍ത്തിരിക്കുന്ന വിദേശികളാണ് അദ്ദേഹത്തിനെതിരായ കലാപത്തിന് പിറകിലും ചിലപ്പോഴൊക്കെ മുമ്പിലും നിലകൊള്ളുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
ഈ ലോകത്ത് ഏറ്റവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യമാണ് അധികാരം. അതിലേക്കുള്ള ആരോഹണവും അതില്‍ നിന്നുള്ള അവരോഹണവും തമ്മിലുള്ള വ്യത്യാസം മുടിനാരിഴയുടേതു മാത്രമാണ്. ഉയര്‍ച്ചയുടെയും താഴ്ചയുടെയും ആവര്‍ത്തനങ്ങളാണ് രാഷ്ട്രീയാധികാരത്തിന്റെ ചരിത്രം തന്നെ.
വിശുദ്ധ ഖുര്‍ആന്‍ അധികാരത്തെപ്പറ്റി നടത്തിയിട്ടുള്ള ദൈവികമായ പ്രഖ്യാപനം എത്ര ചിന്തനീയമായിരിക്കുന്നു: ""അധികാരത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അധികാരം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ അധികാരം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദിക്കുകയും ചെയ്യുന്നു. നിന്റെ പക്കലാണ് നന്മ. നീ എന്തിനും കഴിവുള്ളവനാണ്!'' ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ നിരവധി വ്യാഖ്യാന തത്വങ്ങളോട് ദാര്‍ശനിക മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ഈ കവിതയും കൂട്ടിച്ചേര്‍ക്കാവുന്നതാണ്:
""സമൂഹങ്ങളുടെ ചരിത്രത്തിന്റെ
ആദിപാഠമിതാണ്;
ബോധമുള്ളവരേ,
അധികാരത്തിന്റെ ലഹരി ആപല്‍ക്കരമാണ്!'"
(അവ: ചന്ദ്രിക)