യഥാര്‍ത്ഥ നവോത്ഥാന നായകരെ വിസ്‌മരിക്കരുത്‌ : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി

തിരൂരങ്ങാടി : മത സാമൂഹിക രംഗങ്ങളില്‍ അടിസ്ഥാന പരമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയ മഹാനായിരുന്നു മര്‍ഹൂം സി.എച്ച്‌ ഐദറൂസ്‌ മുസ്‌ലിയാരെന്ന്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ ഓര്‍മകളിലെ ഉസ്‌താദ്‌ അനുസ്‌മരണ പരിപാടിയുടെ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‌ വിദ്യയും വെളിച്ചവും നല്‍കിയ ഇത്തരം മഹത്തുക്കളാണ്‌ യഥാര്‍ത്ഥ നവോത്ഥാന നായകരെന്നും ഇവരെ നാം വിസ്‌മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ യൂണിറ്റ്‌ SKSSF സംഘടിപ്പിച്ച ലേഖന-മാല രചന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിച്ചു. പി. ഇസ്‌ഹാഖ്‌ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ്‌ ഹുദവി പാലത്തിങ്ങല്‍ അനുസ്‌മരണ ഭാഷണം നടത്തി. കെ.എം സൈതലവി ഹാജി, ഹാജി യു മുഹമ്മദ്‌ ശാഫി, പ്രൊഫ. സി യൂസുഫ്‌ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ശുഐബ്‌ കാടപ്പടി നന്ദിയും പറഞ്ഞു.