അനാഥാലയങ്ങള്‍ വേട്ടയാടപ്പെടരുത് : കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍

ചേളാരി : വൈദേശിക ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഒരു ജനസമൂഹത്തിന്റെ മുമ്പില്‍ വെല്ലുവിളിയായി ഉയര്‍ന്ന അനാഥബാല്യങ്ങളെ ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലൂടെ സംരക്ഷിക്കാന്‍ സ്ഥാപിതമായതാണ് കേരളത്തിലെ മിക്ക യത്തീംഖാനകളും. ഇക്കാലമത്രയും യതീംഖാനകള്‍ വഴി അനേകായിരങ്ങളാണ് അറിവും ജീവിതവും നേടിയത്. യാതൊരു ദുരുദ്ദേശവുമില്ലാതെ നടത്തപ്പെടുന്ന യതീംഖാനകളെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയായ വാര്‍ത്തകള്‍ സൃഷ്ടിച്ചവരുടെ ഉദ്ദേശം സദുദ്ദേശമല്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി പോലും വടക്കെ ഇന്ത്യയില്‍ നിന്നുള്ള പഠിതാക്കളെ തടയുന്ന വിധം സംസാരിച്ചത് നീതീകരിക്കാനാവില്ല. ഇന്ത്യ ഒരു ഫെഡറല്‍ രാഷ്ട്രമായിരിക്കെ ഏത് കോണിലുള്ളവര്‍ക്കും എവിടെപോയി പഠിക്കാനും തൊഴില്‍ ചെയ്യാനും മറ്റുവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും ഭരണഘടനദത്തമായി അവകാശ അധികാരങ്ങള്‍ ഉണ്ടായിരിക്കെ അവരുടെ വിദ്യാഭ്യാസം തടയുമെന്ന വിധമുള്ള ഭരണാധികാരികളുടെ സ്വരം ന്യായീകരിക്കാനാവില്ല. വടക്കെ ഇന്ത്യയിലെ ദാരിദ്ര്യവും നിരക്ഷരരെയും അല്‍പമെങ്കിലും പരിഹരിക്കാന്‍ കേരളത്തിലെ ഏതെങ്കിലും യതീംഖാനകള്‍ മുന്നോട്ട് വന്നാല്‍ സഹായിക്കുകയാണ് എല്ലാ നല്ലവരുടെയും ബാധ്യത എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
- Samasthalayam Chelari