കോഴിക്കോട്: മാസപ്പിറവി വിഷയത്തില്‍ മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വേറിട്ട് പോയ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ പിളര്‍പ്പിലേക്ക്.ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനും അഡൈ്വസറുമായ അലിമണിക്ഫാന്‍ ഹിജ്‌റ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് സംഘടനയില്‍ പ്രതിസന്ധി രൂക്ഷമായത്. സമുദായത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
1993ലാണ് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഹിലാല്‍ കമ്മിറ്റിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഹിജ്‌റ ഹിലാല്‍ കമ്മിറ്റി എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന വിഭാഗത്തെ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ പുനസംഘടിപ്പിക്കുകയും ഹിജ്‌റ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തത് അലി മണിക്ഫാനാണ്. ഹിജ്‌റ ഹിലാല്‍ കമ്മറ്റി വളരെ മുമ്പ് തന്നെ സ്വന്തം നിലയില്‍ നോമ്പും പെരുന്നാളും നിജപ്പെടുത്തുകയും ഈദുഗാഹുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തുടക്കത്തില്‍ സമുദായത്തെ ഗൗനിക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ താന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി ഭൂരിപക്ഷത്തെ ഗൗനിക്കാതെ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കാന്‍ താന്‍ സമ്മതം മൂളുകയായിരുന്നു. അദ്ദേഹം വ്യക്തമാക്കി.

ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം ഏകീകൃത ഹിജ്‌റ കലണ്ടര്‍ പ്രചരിപ്പിച്ചു നോമ്പിന്റെയും പെരുന്നാളുകളുടെയും കാര്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഐക്യമുണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ കടുത്ത അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ സംയമനത്തോടും ക്ഷമാപൂര്‍ണവുമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ അത് സാധിക്കൂ. എന്നാല്‍ ഗുണകാംക്ഷയുള്ള സമീപനരീതിക്ക് പകരം വീറും വാശിയും കാണിക്കാനാണ് സംഘടനയില്‍ പിന്നീട് വന്നവര്‍ ശ്രമിച്ചത്. ഈ നിലപാടു തിരുത്താന്‍ അവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. Reported by pmkutty kodinhi