രണ്ടര കൊല്ലത്തിനിടയില്‍ ദുബൈയില്‍ ഇസ്‍ലാമാശ്ലേഷിച്ചത് ആറായിരം പേര്‍

ദുബൈ : കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ദുബൈയില്‍ വെച്ച് ഇസ്‍ലാമികാശ്ലേഷം പ്രഖ്യാപിച്ചത് 6045 ആളുകളാണെന്ന് കണക്ക്. ദുബൈ ഇസ്‍ലാമിക വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരമാണ് വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് വന്ന് ദുബൈയില്‍ താമസമാക്കിയ ആറായിരത്തിലധികം പേര്‍ ഇസ്‍ലാമിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യുഎഇയില്‍ പൊതുവെയും ദുബൈയില്‍ പ്രത്യേകിച്ചും ഇസ്‍ലാമികാഗമനം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്‍ലാമിക സന്ദേശങ്ങള്‍ ഇതര വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും പുതുമുസ്‍ലിംകളുടെ ജീവിത-പഠന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദുബൈ ഭരണകൂടം നടത്തുന്ന നടപടികള്‍ ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവന്ന നവമുസ്‍ലിംകള്‍ രാജ്യത്തുടനീളം ഇസ്‍ലാമിക പ്രചരണവുമായും രംഗത്തുണ്ട്. ഇംഗ്ലീഷ്, ഫിലിപ്പീനി, ചൈനീസ്, റഷ്യന്‍, ഉര്‍ദു തുടങ്ങിയ ലോകഭാഷകളില്‍ ഇവര്‍ സെമിനാറുകളും ശില്‍പശാലകളും നടത്തിക്കൊണ്ടിരിക്കുന്നു. 
നവമുസ്‍ലിംകളുടെ സേവനാര്‍ത്ഥം നിരവധി സന്നദ്ധ സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതുമുസ്‍ലിംകള്‍ തങ്ങളുടെ അനുഭവങ്ങളും ഇസ്‍ലാമികാശ്ലേഷത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദീകരിക്കുന്ന ടിവി പരിപാടികളും സജീവമാണ്.