സയ്യിദന്മാരെ ഇകഴ്ത്താനുള്ള ശ്രമം അനുവദിക്കില്ല : SKSSF

കോഴിക്കോട് : മുസ്ലിംകള്‍ ആദരപൂര്‍വ്വം കാണുന്ന സയ്യിദന്മാരെ കുറിച്ച് ദുരൂഹ പരാമര്‍ശങ്ങള്‍ നടത്തി അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് SKSSF സംസ്ഥാന ഭാരവാഹികളുടെ യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ , പാണക്കാട് പി എം എസ് പൂക്കോയ തങ്ങള്‍ , സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ജീവിച്ച വഴിയും അവരുടെ സന്ദേശവും കേരളീയര്‍ക്ക് പരിചിതമാണ്. മതപരമായ അറിവും വിശുദ്ധിയും സൂക്ഷ്മതയും ജീവിതത്തില്‍ പാലിച്ചവരുമാണ് അവര്‍. ഇസ്ലാമിലെ ഏതു ആദര്‍ശ ധാരയാണ് അവര്‍ സ്വീകരിച്ചതെന്നും വ്യക്തമാണ്. അവരുടെ പേരില്‍ നടക്കുന്ന പ്രഭാഷണങ്ങളിലും മറ്റും അവരെ ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ പിടിച്ചു കെട്ടുമെന്നും അവര്‍ക്ക് വേദി ഒരുക്കുന്നവര്‍ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വൈസ് പ്രസിഡന്റ് സിദ്ധീക്ക് ഫൈസി വെണ്മണല്‍ അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് കൂളിമാട്, ഹാഫിള് അബ്ദുസ്സലാം ദാരിമി, പി.എം റഫീക്ക് അഹമദ്, ഡോ.ബിഷ്റുല്‍ ഹാഫി എന്നിവര്‍ പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE